സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞ ചെലവില്‍ സ്റ്റെന്‍റ് ലഭ്യമാക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്തിയതിനത്തെുടര്‍ന്ന്  ഹൃദ്രോഗ ചികിത്സക്ക് ആവശ്യമായ സ്റ്റെന്‍റ് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ (കെ.എം.എസ്.സി.എല്‍ ) തയാറെടുക്കുന്നു. ഹൃദയധമനികളിലെ തടസ്സം ഒഴിവാക്കുന്നതിനുപയോഗിക്കുന്ന സ്റ്റെന്‍റുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. എത്രത്തോളം സ്റ്റെന്‍റ് ആവശ്യമുണ്ടെന്ന വിവരം അറിയിക്കാന്‍ ഹൃദ്രോഗചികിത്സ സൗകര്യമുള്ള ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.  സൗജന്യമായി ഇതു നല്‍കാനാവുമോയെന്ന കാര്യവും പരിഗണനയിലാണ്.

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാത്രമാവും സ്റ്റെന്‍റ് നല്‍കുക. വൈകാതെ 10 ജില്ല ആശുപത്രികളില്‍ കൂടി തുടങ്ങാന്‍ ആലോചിച്ചിട്ടുണ്ട്.  മെഡിക്കല്‍ കോളജുകളിലും എറണാകുളം, പാലക്കാട് ജനറല്‍ ആശുപത്രികളിലും ഇപ്പോള്‍ ഹൃദ്രോഗത്തിനു വിദഗ്ധചികിത്സ സൗകര്യമുണ്ട്. മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് എല്ലാ കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളിലും ആവശ്യത്തിന് സ്റ്റെന്‍റ് ഉറപ്പാക്കും. കേന്ദ്രസര്‍ക്കാര്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഹൃദ്രോഗചികിത്സ (ആന്‍ജിയോപ്ളാസ്റ്റി) യുടെ ചെലവ് ഗണ്യമായി കുറയും.

അതേസമയം, ഹൃദയചികിത്സയില്‍ രോഗികള്‍ക്ക് ഏറെ ഗുണംചെയ്യുന്ന സ്റ്റെന്‍റ് വിലക്കുറവ് അട്ടിമറിക്കാന്‍ശ്രമം തുടങ്ങിയെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിലനിയന്ത്രിച്ച് ഉത്തരവിറങ്ങിയതോടെ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള വിതരണം ചില നിര്‍മാതാക്കള്‍ നിര്‍ത്തി. കൃത്രിമക്ഷാമമുണ്ടാക്കാനുള്ള നീക്കംമൂലം ചികിത്സമുടങ്ങുന്ന സ്ഥിതിയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ആശുപത്രികളില്‍നിന്ന് മറുപടി ലഭിച്ചാലുടന്‍ സാങ്കേതിക വിദഗ്ധര്‍ അടങ്ങിയ സമിതി  സ്റ്റെന്‍റിന് ടെന്‍ഡര്‍ ക്ഷണിക്കും. കമ്പനികളില്‍നിന്ന് നേരിട്ടാകും വാങ്ങുക. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള കരുതല്‍ ശേഖരം സൂക്ഷിക്കും. ആശുപത്രികളില്‍നിന്ന് ഇന്‍ഡന്‍റ് ലഭിച്ചശേഷമേ പദ്ധതിയുടെ ചെലവ് കണക്കാക്കാനാവൂവെന്നും കോര്‍പറേഷന്‍  അറിയിച്ചു.

 

Tags:    
News Summary - stent get available in low price at govt hospithal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.