ജീവിതത്തില്‍ പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാവാത്ത മനുഷ്യരില്ല. തിരിച്ചടികള്‍ നമ്മളെ സമ്മര്ദ്ദത്തിലാക്കുമെന്നതില് സംശയമില്ല. കാര്യങ്ങള്‍ വേഗത്തിലും ഊര്‍ജസ്വലമായും ചെയ്യാന്‍ ചെറിയ അളവില്‍ മാനസിക സമ്മര്‍ദ്ദം ഒരു പരിധിവരെ നല്ലതുമാണ്. എന്നാല്‍ നിയന്ത്രണാതീതമായ സമ്മര്‍ദ്ദം ഒരാളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നു.
ശാരീരിക-മാനസിക സമ്മര്‍ദ്ദങ്ങളോ പിരിമുറുക്കങ്ങളോ തിരിച്ചറിയാതെ പോകുന്നതും അപകടമാണ്. തിരിച്ചറിയപ്പെടാതെ പോകുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് ഒരാളുടെ ജീവനെടുക്കാന്‍ പോലും കഴിഞ്ഞേക്കും. അതിനാല്‍ മാനസിക പിരിമുറുക്കം സമയബന്ധിതമായി തിരിച്ചറിയപ്പെടേണ്ടതുണ്ട്. സമ്മര്‍ദ്ദങ്ങള്‍ സാധാരണ സംഭവമാണെന്നും ജീവിതത്തിന്റെ ഭാഗമായുള്ളതാണെന്നും മനസ്സിലാക്കി കൈകാര്യം ചെയ്താല്‍ മതിയാകും.
ചില പ്രത്യേക സാഹചര്യങ്ങളില്‍ മനസ്സിനും ശരീരത്തിനും അനുഭവപ്പെടുന്ന സുഖകരമല്ലാത്ത സമ്മര്ദ്ദാവസ്ഥയെയാണ് മാനസിക പിരിമുറുക്കം എന്ന് പറുന്നത്. സമ്മര്‍ദ്ദങ്ങള്‍ രണ്ടു തരത്തിലാണുള്ളത് - 1. Eustrsse 2. Distress. പോസിറ്റീവായ സമ്മര്‍ദ്ദങ്ങളെയാണ് Eustress എന്ന് പറയുന്നത്. ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ കൃത്യമായി സമയപരിധിക്കുള്ളില്‍ ചെയ്യാന്‍ സഹായകമാണിത്.
അത് ജീവിതം ഉന്മേഷപ്രദമാക്കുന്നു. എന്നാല്‍ Distress നെഗറ്റീവായ സമ്മര്‍ദ്ദമാണ്. ഒരു കാര്യത്തില്‍ അനാവശ്യമായി എടുക്കുന്ന സമ്മര്‍ദ്ദം കാര്യങ്ങളെ വൈകിപ്പിക്കുകയും ചിലപ്പോള്‍ കാര്യം ചെയ്യുന്നതില്‍ നിന്നു തടയുക പോലും ചെയ്യും. വ്യക്തി ജീവിതവും തൊഴില്‍ ജീവിതവും മാത്രമല്ല കുടുംബജീവിതവും ഇതിനാല്‍ ബാധിക്കപ്പെട്ടേക്കാം. ശാരീരിക-മാനസിക ആരോഗ്യത്തെയും വൈകാരിക പ്രകടനങ്ങളെയും മോശമായി ബാധിക്കും. നമ്മുടെ പെരുമാറ്റ രീതിയെയും ജീവിതരീതിയെയും ഇത് ബാധിക്കുന്നു.
സമ്മര്‍ദ്ദത്തിനു പലവിധ കാരണങ്ങളുണ്ട്. ബാഹ്യവും ആന്തരികവുമായ കാരണങ്ങള്‍ സമ്മര്‍ദ്ദമുണ്ടാക്കും.
ജീവിത്തിലുണ്ടാകുന്ന വലിയ മാറ്റങ്ങള്‍,ബന്ധങ്ങളിലുണ്ടാകുന്ന പ്രയാസങ്ങള്‍,
സാമ്പത്തിക പ്രശ്നങ്ങള്‍,തിരക്ക് കൂടുന്നത്,കുട്ടികള്‍, കുടുംബം
ദീര്‍ഘകാലമായുള്ള ക്ലേശം,ദോഷചിന്ത / ശുഭാപ്തി വിശ്വാസമില്ലായ്മ,യാഥാര്‍ത്ഥ്യ ബോധമില്ലാത്ത പ്രതീക്ഷകള്‍,ഇടുങ്ങിയ ചിന്ത,എല്ലാം അല്ലെങ്കില്‍ ഒന്നുമില്ല എന്ന രീതിയിലുള്ള ചിന്ത
വിവിധ കാരണങ്ങള്‍ കൊണ്ട് മാനസിക സമ്മര്‍ദ്ദമുണ്ടാകും. അവയില്‍ ചിലത് താഴെ പറയുന്നു.
1. അധികചിന്ത : ഏതു കാര്യത്തെക്കുറിച്ചും അനാവശ്യമായി ചിന്തിക്കുന്നത് മാനസിക പിരിമുറുക്കമുണ്ടാക്കും. എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോഴും, പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോഴും അമിതമായി ചിന്തിക്കുന്ന രീതി പലര്‍ക്കുമുണ്ട്. ഇത് ഒട്ടും തന്നെ ആശാസ്യമല്ല.
2. നെഗറ്റീവ് ചിന്ത : എന്തിനെപ്പറ്റിയും നെഗറ്റീവായി മാത്രം ആലോചിക്കുന്നത് തികച്ചും അപകടകരമാണ്. ശുഭാപ്തി വിശ്വാസമില്ലായ്മയും നിങ്ങളെയും മറ്റുള്ളവരെയും വിശ്വാസത്തിലെടുക്കാത്തതുമാണ് അതിനു കാരണം.
3. അനാവശ്യ കാര്യങ്ങള്‍ സംസാരിക്കുക : നിങ്ങളുടെ ജീവിതവുമായി ബന്ധമില്ലാത്ത കാര്യങ്ങളെ തലയിലേക്കെടുക്കാതിരിക്കുക. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് അനാവശ്യ പ്രശ്നങ്ങളും സൃഷ്ടിക്കും.
4. ആത്മപരിശോധനയുടെ കുറവ് : ഇടയ്ക്കിടെയുള്ള ആത്മപരിശോധനയും നിങ്ങളെക്കുറിച്ചുള്ള വിലയിരുത്തലും ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ളവയാണ്. തിരുത്തലുകളും തിരിച്ചറിവുകളും ഉണ്ടാകുന്നത് അതില്‍ നിന്നാണ്. അത്തരം ആത്മപരിശോധനകള്‍ ഇല്ലാതെ വരുമ്പോള്‍ വീണ്ടും കുഴപ്പങ്ങളില്ച്ചാടി മാനസികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
5. വൈകാരിക ബന്ധങ്ങള്‍ ഇല്ലാത്തത് : വൈകാരികമായി അടുപ്പമുള്ള ആളുകള്‍ ഇല്ലെങ്കില്‍ ജീവിതത്തില്‍ തുറന്നു പറച്ചിലുകള്‍ സംഭവിക്കുകയില്ല. പ്രയാസങ്ങളും വിഷമങ്ങളും ആരോടും പറയാനാവാതെ ഉള്ളിലൊതുക്കേണ്ടി വരുന്നത് മാനസിക-വൈകാരിക സമ്മര്‍ദ്ദങ്ങളുണ്ടാക്കും.
6. തൊഴില്‍ പ്രശ്നങ്ങള്‍: ജോലിയില്‍ നന്നായി ശോഭിക്കാന്‍ കഴിയാതെ വരുന്നത്, ജോലിഭാരം കൂടുന്നത്, ജോലി സ്ഥലത്ത് നല്ല സൗഹൃദങ്ങള്‍ ഉണ്ടാകാതെ വരുന്നത് എല്ലാം മനസ്സിനെ പിരിമുറുക്കത്തിലാക്കും.
7. കൂടാതെ കുടുംബ പ്രശ്നങ്ങള്‍, മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം, എടുത്തുചാട്ടം തുടങ്ങിയ ദുശ്ശീലങ്ങള്‍, ടൈം മാനേജ്മെന്റ്, സാമ്പത്തികാസൂത്രണം എന്നിവയിലെ പിഴവ്, അനാരോഗ്യകരമായ ഭക്ഷണശീലം തുടങ്ങി നിരവധി കാരണങ്ങള്‍ ഒരു വ്യക്തിയെ മാനസിക സമ്മര്‍ദ്ദത്തിലേക്കും പിരിമുറുക്കത്തിലേക്കും തള്ളിവിടുന്നു.
മാനസിക സമ്മര്‍ദ്ദം മനസ്സിനെ മാത്രം ബാധിക്കുന്ന ഒന്നല്ല. മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഹൃദയാഘാതം, പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൈപ്പര്‍ ടെന്‍ഷന്‍, ദഹനക്കുറവ്, ആത്മഹതത്യാ പ്രവണത, പ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന തകരാറുകള്‍ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടായേക്കും. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചെറിയ പ്രായത്തിലുള്ളവരില്‍ പോലും ഹൃദയാഘാതം ഉണ്ടായ വാര്‍ത്തകള്‍ ഇപ്പോള്‍ കേട്ടുതുടങ്ങുന്നുണ്ട്. ഭാരം കൂടുകയോ കുറയുകയോ ചെയ്യുക, മുടി കൊഴിയുക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുക, ഉല്‍ക്കണ്ഠ, എന്നിവയും മാനസിക സമ്മര്ദ്ദമുള്ളവര്ക്കുണ്ടാകാനിടയുള്ള പ്രശ്നങ്ങളാണ്.
സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ലോകത്ത് ഓരോ 40 സെക്കന്‍ഡിലും ഒരു വ്യക്തി ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്. പലപ്പോഴും പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ ആരുമില്ലാതെ വരുമ്പോഴാണ് ആത്മഹത്യകള്‍ ഉണ്ടാകുന്നത്. മാനസിക സമ്മര്‍ദ്ദമുള്ളവര്‍ അത് കൃത്യമായി തിരിച്ചറിയുന്നു പോലുമില്ല എന്നതാണ് വാസ്തവം.
1. പോസിറ്റീവ് മനോഭാവം: എപ്പോഴും എല്ലാത്തിനോടും പോസിറ്റീവായ സമീപനം സൂക്ഷിക്കുക. സംശയത്തോടെയോ പേടിയോടെയോ ഒന്നിനെയും സമീപിക്കരുത്.
2. നല്ല വാക്കുകള്‍ ഉപയോഗിക്കുക : എല്ലാവരോടും നല്ല രീതിയില്‍ മാത്രം പെരുമാറുകയും നല്ല വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുകയും ചെയ്യുക.
3. എല്ലാവരോടും സഹാനുഭൂതിയോടെ പെരുമാറുക: നിങ്ങളോട് മോശമായി പെരുമാറുന്ന ഒരാളോടു പോലും സഹാനുഭൂതി കാണിക്കുക. ഇപ്പോള്‍ അയാള്‍ മോശമായി പെരുമാറുന്നതിനു കാരണം അയാളുടെ മാനസികാവസ്ഥ മോശമായതുകൊണ്ടാവാം എന്നു ചിന്തിക്കുക. അത്തരം പരിഗണനകള്‍ നമുക്ക് തിരികെയും ലഭിച്ചേക്കാം.
4. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക : ശരിയായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. ആവശ്യത്തിന് വിശ്രമം, മതിയായ ഉറക്കം, കൃത്യമായ വ്യായാമം എന്നിവയില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യരുത്.
5. നല്ല മനുഷ്യരുമായി ബന്ധം പുലര്‍ത്തുക : ചുറ്റുമുള്ള മനുഷ്യര്‍ എപ്രകാരമുള്ളവരാണ് എന്നത് ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്ന ഘടകമാണ്. നല്ല മനുഷ്യരുമായുള്ള സൗഹൃദം നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്‍കും.
6. യോഗ, മെഡിറ്റേഷന്‍ : എഴുന്നേറ്റയുടനെയും ഉറങ്ങുന്നതിനു മുന്‍പും മെഡിറ്റേഷന്‍ ശീലമാക്കുന്നത് നല്ലതാണ്. ചിന്തകളൊഴിഞ്ഞ് സ്വസ്ഥമായ മനസ്സിനെ പ്രദാനം ചെയ്യാന്‍ യോഗയ്ക്കും മെഡിറ്റേഷനും കഴിയുന്നു. യോഗ ഒരു വ്യായാമമെന്ന നിലയിലും നല്ലതാണ്.
7. പ്രാര്‍ത്ഥന : വിഷമങ്ങള്‍ പറയാനും പങ്കുവെക്കാനുമുള്ള സമയമെന്ന നിലയില്‍ പ്രാര്‍ത്ഥന നല്ല ആശ്വാസമാണ്. കൂടാതെ, പ്രാര്‍ത്ഥന നിങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസവും നല്കുന്നു.
8. നന്ദിയോടെ സ്മരിക്കുക : ജീവിതത്തില്‍ നമ്മളെ സ്നേഹിച്ച, നമുക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്ത എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുക.
9. സംസാരിക്കുന്നതിനു മുന്‍പ് രണ്ടു തവണ ആലോചിക്കുക : നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നയാള്‍ക്ക് എങ്ങനെ അനുഭവപ്പെടും എന്നതിനെക്കുറിച്ച് ബോധ്യമുണ്ടാകണം. അസ്വസ്ഥമായ മാനസികാവസ്ഥയില്‍ നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ പിന്നീട് ഓര്‍ക്കണമെന്നു പോലുമില്ല. നിങ്ങളുടെ വാക്കുകള്‍ മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
10. സ്വയവും മറ്റുള്ളവരെയും അഭിനന്ദിക്കുക : മറ്റുള്ളവരെ മാത്രമല്ല, നിങ്ങളെത്തന്നെയും അഭിനന്ദിക്കാന്‍ മടി കാണിക്കരുത്. ഓരോ ചെറിയ നേട്ടത്തിലും സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുക. അഭിനന്ദനങ്ങള്‍ ഇനിയും നേട്ടങ്ങളുണ്ടാക്കാനുള്ള പ്രേരകമാകും.
11. നന്നായി ചിരിക്കുക : പുതുതായി കാണുന്ന ഒരാളോടു പോലും ചിരിക്കാന്‍ ശ്രമിക്കുക. ചിരി വളരെ പോസിറ്റീവായ മനോഭാവം സൃഷ്ടിക്കും.
12. ജീവിക്കുന്ന നിമിഷത്തെക്കുറിച്ച് മാത്രം ആലോചിക്കുക. കഴിഞ്ഞുപോയ കാര്യങ്ങളും വരാനിരിക്കുന്ന കാര്യങ്ങളും നിങ്ങളുടെ ചിന്തകളെ അലട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
13. വിഷലിപ്തമായ ചിന്തകളില്‍ നിന്ന് മനസ്സിനെ മോചിപ്പിക്കുക.
14. മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.
15. നല്ല പുസ്തകങ്ങള്‍ വായിക്കുക.
16. ചായ, കാപ്പി, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറക്കുക.
17. സംഗീതം ഇഷ്ടമുള്ളവര്‍ക്ക് മ്യൂസിക് തെറപ്പിയും നൃത്ത പ്രേമികള്‍ക്ക് ഡാന്‍സ് തെറപ്പിയും സമ്മര്‍ദ്ദ നിയന്ത്രണ മാര്‍ഗങ്ങളായി ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.