ന്യൂഡൽഹി: എ.ഡി.എച്ച്.ഡി (ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്-Attention deficit hyperactivity disorder) ബാധിതരായ മുതിർന്നവർക്ക് ആയുർദൈർഘ്യം കുറയുമെന്ന് പഠനം. പുരുഷന്മാർക്ക് ശരാശരിയേക്കാൾ ഏഴ് വർഷവും സ്ത്രീകൾക്ക് ഒമ്പത് വർഷവും ആയുസ് കുറയുമെന്ന് ദി ബ്രിട്ടീഷ് ജേണൽ ഓഫ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ലണ്ടൻ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകർ, എ.ഡി.എച്ച്.ഡി സ്ഥിരീകരിച്ച യുകെയിലെ 30,000-ത്തിലധികം ആളുകളുടെ ഡാറ്റയെ, ഈ അവസ്ഥയില്ലാത്ത 3,00,000 വ്യക്തികളുടെ ഡാറ്റയുമായി താരതമ്യം ചെയ്താണ് പഠനം നടത്തിയത്. എ.ഡി.എച്ച്.ഡി ഉള്ളവരിൽ ഷോട്ട് അറ്റൻഷൻ സ്പാനും (short attention span) ഹൈപ്പർ ആക്ടീവ് സ്വഭാവവും (hyper active behavior) കണ്ടുവരുന്നെന്നും, ഇവരുടെ ആയുർദൈർഘ്യം സാധാരണ ജനങ്ങളുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ പുരുഷന്മാരിൽ 6.78 വർഷവും സ്ത്രീകളിൽ 8.64 വർഷവും കുറവാണെന്നും പഠന ഫലങ്ങൾ കാണിക്കുന്നു.
എ.ഡി.എച്ച്.ഡി. ഉള്ള വ്യക്തികൾക്ക് പലപ്പോഴും ഉയർന്ന ഊർജ്ജം ഉണ്ടെന്നും അവർക്ക് താൽപ്പര്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നും ഗവേഷകർ വിശദീകരിച്ചു. എന്നാൽ സാധാരണ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവർക്ക് ബുദ്ധിമുട്ടായിരിക്കാം. ഇത് കൂടുതൽ അസ്വസ്ഥതയ്ക്കും മറ്റും ഇടയാക്കുകയും ദീർഘകാല വെല്ലുവിളികളിലേക്ക് നയിക്കുമെന്നും ഗവേഷകർ പറഞ്ഞു.
എ.ഡി.എച്ച്.ഡി. ഉള്ള വ്യക്തികൾക്ക് സമ്മർദ്ദവും സാമൂഹിക ബഹിഷ്‌കരണവും അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. അത് അവരുടെ ആരോഗ്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കുമെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രഫസറായ മുതിർന്ന എഴുത്തുകാരൻ ജോഷ് സ്റ്റോട്ട് വിശദീകരിച്ചു. 'എ.ഡി.എച്ച്.ഡി ഉള്ള ആളുകൾക്ക് നിരവധി കഴിവുകളുണ്ട്, ശരിയായ പിന്തുണയും ചികിത്സയും കൊണ്ട് അവർക്ക് അത് നന്നായി ഉപയോഗപ്പെടുത്താൻ കഴിയും. എന്നാൽ അവർക്ക് പലപ്പോഴും ആരുടെയും പിന്തുണ ലഭിക്കുന്നില്ല. സമ്മർദ്ദമേറിയ ജീവിതസാഹചര്യങ്ങളും സാമൂഹികമായ ഒഴിവാക്കലും അവരുടെ ആരോഗ്യത്തെയും ആത്മാഭിമാനത്തെയും പ്രതികൂലമായി ബാധിക്കും' -സ്റ്റോട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.