സാമൂഹിക-വ്യക്തിജീവിതത്തിന്റെ ഏതു മേഖലയിലും മറ്റുള്ളവർക്ക് തിരിച്ചൊന്നും നൽകാതെ, ശ്രദ്ധയും പ്രിവിലേജും തങ്ങൾക്കു തന്നെ ലഭിക്കണമെന്ന അവസ്ഥയാണ് ‘പ്രിൻസസ് സിൻഡ്രോം’
വീട്ടിലെ ‘അച്ഛന്റെ രാജകുമാരി’യെന്ന പ്രിവിലേജ് വലുതായാലും കൊണ്ടു നടക്കുന്ന, താൻ മറ്റുള്ളവരേക്കാൾ സ്പെഷൽ ആണെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. ഇന്റർനെറ്റ് കാലത്ത് ഇവരെ ‘കാരെൻ’ സ്വഭാവക്കാരെന്നാണ് വിളിക്കാറ്. ചില പെൺകുട്ടികൾക്കും സ്ത്രീകൾക്കുമാണ് ഇത്തരം സ്വഭാവം കൂടുതലായി കാണുന്നതെങ്കിലും പുരുഷന്മാരിലും ഇതുണ്ടാവാറുണ്ടെന്നും വിദഗ്ധർ പറയുന്നു. ‘പ്രിൻസസ് സിൻഡ്രോം’ എന്നാണ് ഇതറിയപ്പെടുന്നത്. കുട്ടിക്കാല ഭാവനാലോകത്തുനിന്നും മുതിർന്നുവെന്ന് അംഗീകരിക്കാൻ അത്തരക്കാർക്ക് വലിയ വിഷമമായിരിക്കും. ഇതു സാമൂഹിക/വ്യക്തി ജീവിതത്തിൽ പലവിധ പ്രശ്നങ്ങളും സൃഷ്ടിക്കും.
എല്ലാറ്റിനും അർഹതയും അവകാശവുമുണ്ടെന്ന ധാരണ, ആശ്രിതത്വം, യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ തുടങ്ങിയവയെല്ലാം ‘കാരെൻ’ സ്വഭാവക്കാരിലുണ്ടാകും. ഇതു പലപ്പോഴും വ്യക്തിവികാസത്തിനും പ്രഫഷനൽ വളർച്ചക്കും പ്രതികൂലമായി ബാധിക്കാറുണ്ട്.
‘‘തങ്ങൾക്ക് പ്രത്യേക പ്രിവിലേജ് വേണമെന്നും അഭിനന്ദനവും ആരാധനയും കിട്ടണമെന്നും അതിയായി ആഗ്രഹിക്കുന്ന ഇത്തരക്കാർ പക്ഷേ, അതു ലഭിക്കാനാവശ്യമായ കഠിനാധ്വാനം ചെയ്യുന്നവരോ കഴിവുള്ളവരോ ആയിരിക്കില്ല. കുട്ടിക്കാലത്തെ അമിത ലാളന മുതൽ സമൂഹമാധ്യമങ്ങൾ വരച്ചുവെക്കുന്ന യഥാർഥ രാജകുമാരി പരിവേഷം വരെ ഈ സ്വഭാവത്തിന് കാരണമാകാറുണ്ട്’’ -റിട്ട. ആർമി മെഡിക്കൽ കോർപ്സിലെ ഡോ. രാജേന്ദ്ര മോറെ പറയുന്നു.
സ്വതന്ത്രനാവുക, വെല്ലുവിളികൾ നേരിടാനുള്ള കഴിവു കൈവരിക്കുക, അതിജീവനശേഷി പ്രകടിപ്പിക്കുക തുടങ്ങിയവയാണ് ഒരാൾ പക്വതയെത്തിയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ‘പ്രിൻസസ് സിൻഡ്രോം’ സ്വഭാവക്കാർ ഇത്തരം ഗുണങ്ങളുടെ അഭാവം നേരിടുന്നവരാണ്. സ്വയം പര്യാപ്തരല്ലാത്ത ഇവർ, മറ്റുള്ളവർ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചോളുമെന്ന് കരുതുന്നവരാണ്. വിമർശനവും പരാജയവും ഇവർക്ക് ഭയമാണ്. വളരെ ഉപരിപ്ലവങ്ങളായ കാര്യങ്ങളിലായിരിക്കും ഇവരുടെ മുൻഗണനയെന്നും ജീവിതം ഒരു വെള്ളിത്തളികയിലാക്കി മുന്നിലെത്തണം എന്നു വിചാരിച്ചിരിക്കുന്നവരാണ് ഇത്തരക്കാരെന്നും സൈക്കോളജിസ്റ്റ് ഡോ. നിഷ ഖന്ന അഭിപ്രായപ്പെടുന്നു.
‘‘സൗഹൃദത്തിലായാലും തൊഴിലിടത്തിലായാലും തിരിച്ചൊന്നും നൽകാതെ, ശ്രദ്ധയും പ്രിവിലേജും തങ്ങൾക്കുതന്നെ ലഭിക്കണമെന്ന അവസ്ഥയാണ് ‘പ്രിൻസസ് സിൻഡ്രോം’ സ്വഭാവത്തിന്റെ ഫലം. തങ്ങളുടെ ആവശ്യം മറ്റുള്ളവർ നിർവഹിക്കണമെന്നു കരുതുന്ന ഇവർക്ക് സഹാനുഭൂതിയും സാമൂഹികബന്ധങ്ങളും കുറവായിരിക്കും’’ -ബംഗളൂരു ബി.ജി.എസ് ഹോസ്പിറ്റൽ സൈക്കോളജിസ്റ്റ് സുമലത വാസുദേവ പറയുന്നു. സ്വന്തത്തെ പറ്റി ശരിയായ ബോധം കൈവരിച്ചും അനുഗ്രഹങ്ങളോട് കൃതജ്ഞത പ്രകടിപ്പിച്ചും മറ്റുള്ളവർക്ക് നൽകാൻ മനസ്സുകാണിച്ചും നിർമാണാത്മകമായ പ്രതികരണങ്ങളോട് സഹിഷ്ണുത കാണിച്ചുമെല്ലാം ‘പ്രിൻസസ് സിൻഡ്രോം’ സ്വഭാവം മറികടക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വളരെ ചെറിയ കാര്യങ്ങൾക്കു പോലും ജീവനക്കാരോട്, ‘എന്താണിത്...മാനേജറെ വിളിക്കൂ’ എന്ന് ബഹളം വെക്കുന്നവരെ റസ്റ്ററന്റിലും സൂപ്പർമാർക്കറ്റിലുമൊക്കെ കാണാറില്ലേ ?
നിങ്ങൾ ജീവനക്കാരെല്ലാം എന്നേക്കാൾ താഴെ ആണെന്നും സംസാരിക്കുന്നെങ്കിൽ അത് മാനേജർ ലെവലിൽ ഉള്ളവരോട് മാത്രമായിരിക്കുമെന്നുമുള്ള അധീശ മനോഭാവം കൂടിയാണ് പലപ്പോഴും ഈ ‘മാനേജറെ വിളിക്കൂ..’’ അട്ടഹാസം. കാരെൻ സ്വഭാവത്തിന്റെ ഉദാഹരണമാണിത്. കറുത്ത വർഗക്കാരെ കാണുമ്പോൾ, ഒരു കാരണവുമില്ലെങ്കിലും പൊലീസിനെ വിളിക്കുന്ന വെള്ളക്കാരായ സ്ത്രീകളുടെ മനോഭാവത്തെ സൂചിപ്പിക്കാനാണ് ഇന്റർനെറ്റ് ലോകത്ത് ‘കാരെൻ’ എന്ന് വിശേഷണം വന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന നാടുകളിൽ ഏറെ പ്രചാരമുള്ള കാതറിൻ എന്ന പേരിൽനിന്നാണ് കാരെൻ വന്നത്. വെളുത്ത തൊലിയുള്ള സ്ത്രീ എന്നാണർഥം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.