സ്വാവബോധം അഥവാ സ്വയം അറിയുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ലൈഫ് സ്കില്ലാണ്. മറ്റുള്ളവര്‍ നമ്മെ അറിയുക എന്നതല്ല, നമ്മെ നമ്മള് തന്നെ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. അതാണ് ഏറ്റവും വലിയ അറിവ്. സോക്രട്ടീസിനോട് ശിഷ്യന് ചോദിച്ചു, 'ഗുരു, എന്താണ് ഏറ്റവും വലിയ അറിവ്'. അദ്ദേഹം പറഞ്ഞു, 'നീ നിന്നെ അറിയലാണ് ഏറ്റവും വലിയ അറിവ്'. സ്വയമറിയാത്ത ഒരാള്‍ ഈ ലോകത്ത് മറ്റൊന്നിനെയും അറിയുന്നില്ല. മറ്റൊരറിവും അയാള്‍ നേടുന്നുമില്ല.
എനിക്ക് എന്നെക്കുറിച്ച് നന്നായി അറിയാം എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. അങ്ങനെയല്ല എന്ന് വിശ്വസിക്കുകയോ സമ്മതിക്കുകയോ ചെയ്യില്ല. എന്നാല്‍ നാം നമ്മെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിഷ്പക്ഷമായും വസ്തുതാപരമായും ചിന്തിക്കുക പ്രയാസമാണ്. ഉദാഹരണത്തിന്, നാം മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അവരുടെ വ്യക്തിത്വത്തിലെ പ്രത്യേക ലക്ഷണങ്ങള്‍ (Personality traits) കൊണ്ട് അവരെ അളക്കുകയും അവരുടെ ഒരു മോശം പ്രവൃത്തിക്ക് അവരുടെ വ്യക്തിത്വമാണ് കാരണമെന്ന് മനസ്സിലാക്കുകയും ചെയ്യും. എന്നാല്‍ നമ്മുടെ തന്നെ ഒരു മോശം പ്രവൃത്തിയുടെ കാരണമായി നാം കണക്കാക്കുന്നത് പലപ്പോഴും അത് സംഭവിക്കാനിടയായ സാഹചര്യമായിരിക്കും. സാഹചര്യങ്ങളുടെ ഇളവു നല്കി മറ്റുള്ളവരെ വിലയിരുത്താന്‍ നാം മടി കാണിക്കുന്നു. ഇത് എല്ലാവരുടെയും കാര്യമല്ല, എന്നാല്‍ ഭൂരിഭാഗം പേരും ഈ രീതിയില്‍ ചിന്തിക്കുന്നവരാണ്.
സ്വയം അറിയുക എന്നാല്‍ നിങ്ങളുടെ സ്വഭാവം, പെരുമാറ്റം, വ്യക്തിത്വം, വികാരങ്ങള്‍, താല്പര്യങ്ങള്, പോരായ്മകള്‍ തുടങ്ങിയ വശങ്ങളെ തിരിച്ചറിയലാണ്. നിങ്ങളുടെ വ്യക്തിത്വം ഏതുതരത്തിലുള്ളതാണ്, നിങ്ങളുടെ സ്വഭാവത്തിലെ പ്രത്യേകതകള്‍ എന്തൊക്കെയാണ്, നിങ്ങള്‍ മറ്റുള്ളവരോട് എങ്ങനെയാണ് പെരുമാറുന്നത്, നിങ്ങളുടെ വികാരങ്ങളെ എത്രമാത്രം നിയന്ത്രിച്ചുനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും, നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളും നിങ്ങളുടെ പോരായ്മകളും എന്തൊക്കെയാണ്.... തുടങ്ങിയ വൈവിധ്യങ്ങളായ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന പ്രക്രിയയാണിത്. നിങ്ങളിലെ പല പെരുമാറ്റ രീതികളും മറ്റുള്ളവര്‍ക്ക് അഭികാമ്യമായിരിക്കില്ല. അത്തരം പെരുമാറ്റ പ്രശ്നങ്ങളെ തിരിച്ചറിയാനും പരിഹരിച്ച് മുന്നോട്ടുപോകാനും സ്വയം അറിയല്‍ / സ്വാവബോധം നിര്‍ബന്ധമാണ്.
നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാനും അവ നിലനിര്‍ത്താനും അവനവനെക്കുറിച്ച് വ്യക്തമായ ധാരണ ആവശ്യമാണ്. നമുക്ക് അനുയോജ്യരായ സുഹൃത്തുക്കളെ കണ്ടെത്താനും തിരിച്ചറിയാനും ഇത് സഹായിക്കുന്നു. മോശം കൂട്ടുകെട്ടുകളില്‍ ചെന്നുപെടാതിരിക്കാനും അങ്ങനെ സംഭവിച്ചാല്‍ തന്നെ അവയില്‍ നിന്ന് മാറിനടക്കാനുമൊക്കെ സ്വാവബോധം കൊണ്ട് സാധിക്കുന്നു.
ഒരാളുടെ ചിന്തയെ സ്വാധീനിക്കാനും ചിന്താശക്തി വര്‍ധിപ്പിക്കാനും അത്യാവശ്യമായ ജീവിത നൈപുണി കൂടിയാണ് സ്വാവബോധം. അനാവശ്യ ചിന്തകള്‍ കൈയൊഴിഞ്ഞ് ചിന്തകളെ കൃത്യമായ ട്രാക്കിലൂടെ മുന്നോട്ടു കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് അറിവുവേണം. ശരിയായ ചിന്തയുണ്ടെങ്കിലേ ശരിയായ പ്രവൃത്തിയും ശരിയായ റിസള്‍ട്ടും ഉണ്ടാവുകയുള്ളൂ. നിങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടിക്കഴിഞ്ഞാല്‍ നിങ്ങളിലെ ഔന്നത്യം ആസ്വദിച്ചു തുടങ്ങാം. നിങ്ങള്‍ക്ക് സ്വയം പുതുക്കിപ്പണിയാനും മോടിപിടിപ്പിക്കാനുമൊക്കെ ഇത് അവസരം തരുന്നു. നിങ്ങളില്‍ കേടുപാടുകളുള്ള ശീലങ്ങള്‍ മനസ്സിലാക്കി അവയെ ഉടച്ചുവാര്‍ക്കാം. നല്ലതിനെ കണ്ടറിഞ്ഞ് അനുമോദിക്കുകയും ഇനിയും ആര്ജ്ജിക്കാനുള്ളതിനു വേണ്ടി പരിശ്രമിക്കുകയുമാവാം.
ജൊഹാരി വിന്‍ഡോ എന്നൊരു ടെക്നിക്കുണ്ട്. പല കോണില്‍ നിന്നും നിങ്ങള്‍ എങ്ങനെ കാണപ്പെടുന്നു എന്നതിന്റെ വിശദീകരണമാണത്. അതില്‍ ആദ്യത്തേതാണ് Known Self. നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നിങ്ങളെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളാണ് അവ. അവ നിങ്ങളില്‍ പ്രത്യക്ഷത്തില്‍ പ്രകടമായ കാര്യങ്ങളായിരിക്കും. ഇതേക്കുറിച്ച് എല്ലാവരോടും തുറന്നു സംസാരിക്കാന്‍ നിങ്ങള്‍ തയ്യാറായിരിക്കുകയും ചെയ്യും. മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ പൊതുവെ അംഗീകരിക്കുകയും ചെയ്യും. എന്തെന്നാല്‍ അത് നിങ്ങളും കാണുന്നതാണ്.
രണ്ടാമത്തേതാണ് Hidden Self. നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാവുന്നതും മറ്റുള്ളവര്‍ക്ക് അറിയാത്തതുമായ കാര്യങ്ങളാണ് ഇതില്‍ വരുന്നത്. മറ്റുള്ളവര്‍ അറിഞ്ഞാല്‍ നിങ്ങള്‍ക്ക് നാണക്കേടോ മോശമോ ഉള്ള കാര്യങ്ങളായിരിക്കും ഈ വിഭാഗത്തില്‍ വരിക. അതുകൊണ്ടുതന്നെ ഇത് ആരോടും സംസാരിക്കാതെ എക്കാലവും നിങ്ങള്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കും.
മൂന്നാമത്തേതാണ് Blind Self. നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിവില്ലാത്തതും മറ്റുള്ളവര്‍ക്ക് അറിയുന്നതുമായ കാര്യങ്ങളാണ് ഇവ. നിങ്ങളുടെ നെഗറ്റീവായ പല പെരുമാറ്റങ്ങളും നിങ്ങള്‍ ശ്രദ്ധിക്കാതെ പോയേക്കാം. എന്നാല്‍ മറ്റുള്ളവര്‍ അത് നിങ്ങളുടെ പോരായ്മയായി കണ്ടിട്ടുണ്ടാവും. നിങ്ങളുടെ പ്രതികരണത്തെ ഭയന്ന് തുറന്നു പറഞ്ഞേക്കില്ല എന്നുമാത്രം. നാലാമത്തേതാണ് Unknown Self. നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ അറിയാത്ത കാര്യങ്ങളാണ് ഇവ. ഒളിഞ്ഞിരിക്കുന്ന ഇവയില്‍ നല്ലതും മോശവുമായ കാര്യങ്ങള്‍ ഉണ്ടായേക്കും. നിങ്ങള്‍ ഇതുവരെ തിരിച്ചറിയാത്ത കഴിവുകളോ വാസനകളോ പോലും അവയിലുണ്ടായേക്കാം.
1. സ്വയം നീതിപുലര്‍ത്തുക
അവനവനോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞാലേ ചെയ്യുന്ന കാര്യങ്ങളില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉണ്ടാകൂ. അല്ലെങ്കില്‍ ദുഖമായിരിക്കും ഫലം. ചെയ്യുന്ന പ്രവൃത്തികളുടെ അനന്തരഫലം അങ്ങേയറ്റം മോശമായി ഭവിക്കാനും സാധ്യതയുണ്ട്. അവനവന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുക. നിങ്ങളിലില്ലാത്തതിനെ ഉണ്ടെന്നു കാണിക്കാനോ ഉള്ളതിനെ മറച്ചു പിടിക്കാനോ ശ്രമിക്കാതിരിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ തന്നെയാണ് ദു:ഖിക്കേണ്ടിവരിക. സ്വയം അറിയാനുള്ള ശ്രമത്തില്‍ കൃത്രിമങ്ങള്‍ കാണിക്കരുത്. അണുവിട കൂട്ടിച്ചേര്‍ക്കുകയോ കുറക്കുകയോ ചെയ്യാതിരിക്കുക. നിങ്ങളിലെ പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങളെ കൃത്യമായിത്തന്നെ അറിയാന്‍ ശ്രമിക്കുക.
2. യാഥാര്‍ത്ഥ്യത്തെ അങ്ങനെത്തന്നെ സ്വീകരിക്കുക
നിങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെ അതായിത്തന്നെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. മനസ്സിലാക്കുന്ന കാര്യങ്ങളെച്ചൊല്ലി വിഷമിക്കാതെ അവ മറികടക്കാനും പരിഹരിക്കാനും ശ്രമിക്കുക.
3. സൂക്ഷ്മമായി നിരീക്ഷിക്കുക
നിങ്ങളുടെ സ്വഭാവത്തെ, പെരുമാറ്റത്തെ, രീതികളെ, ചിന്തകളെ ജാഗ്രതയോടെ നിരീക്ഷിക്കുക. ഓരോ സാഹചര്യങ്ങളോടും നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് മനസ്സിലാക്കുക.
4. മറ്റുള്ളവരുടെ സ്ഥാനത്തുനിന്ന് ആലോചിക്കുക.
മാറിനിന്ന് മറ്റുള്ളവരുടെ കണ്ണിലൂടെ നിങ്ങളെ കാണാന്‍ ശ്രമിക്കുക. തീര്‍ത്തും നിഷ്പക്ഷമായി നിങ്ങളെ വിലയിരുത്താന്‍ ഇതുവഴി സാധിക്കും. അനാവശ്യമായി നിങ്ങളെ ന്യായീകരിക്കാതിരിക്കാനും കുറ്റപ്പെടുത്താതിരിക്കാനും ഈ നിഷ്പക്ഷ നിരീക്ഷണം കൊണ്ട് കഴിയുന്നു.
5. SWOT
SWOT എന്നാല്‍ Strength, Weakness, Opportunities, Threats. നിങ്ങളുടെ ശക്തിയും, ദൗര്‍ബല്യങ്ങളും, അവസരങ്ങളും ഭീഷണികളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന രീതിയാണിത്.
6. നല്ല ചിന്തകള്‍ വളര്‍ത്തിയെടുക്കുക
മനസ്സില്‍ എപ്പോഴും പോസിറ്റീവായ ചിന്തകള്‍ക്ക് മാത്രം സ്ഥാനം നല്‍കുകയും എല്ലാത്തിനെയും പോസിറ്റീവായി സമീപിക്കുകയും ചെയ്യുക. നിങ്ങളോട് നന്മ ചെയ്ത എല്ലാവരോടും നന്ദിയുള്ളവരായിരിക്കുകയും തിന്മ ചെയ്തവരോട് പൊറുക്കുകയും ചെയ്യുക.
7. ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുക
നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യുക. വ്യക്തി ജീവിതത്തിലെയും തൊഴില്‍ ജീവിതത്തിലെയും ലക്ഷ്യങ്ങള്‍ വെവ്വേറെ പരിഗണിക്കുക. ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുള്ളവ മാത്രമേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവൂ.
1. അവനവന്റെ സാധ്യതകളെ / വാസനകളെ തിരിച്ചറിയാന്‍ കഴിയുന്ന ഒരാള്‍ക്ക് സ്വസ്ഥവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ കഴിയും. സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് മാത്രം ജീവിക്കാനും അനാവശ്യ നിരാശകള്‍ വരുത്തിവെക്കാതിരിക്കാനും കഴിയും. ഇടപെടുന്ന മേഖലഖളിലും ബന്ധങ്ങളിലുമൊക്കെ ആ തിരിച്ചറിവ് പ്രയാജനപ്പെടും.
2. മറ്റുള്ളവരെ നന്നായി സ്നേഹിക്കാനും നല്ല ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും കഴിയുന്നു.
3. മറ്റുള്ളവരോടുള്ള പിണക്കങ്ങളും വഴക്കുകളും
മറക്കാന്‍ കഴിയുന്നു.
4. ക്ഷമ, സഹനം, ദയ തുടങ്ങിയ വികാരങ്ങള്‍
വളര്ത്തിയെടുക്കാനാവുന്നു.
5. വെറുപ്പും വിദ്വേഷവും ഒഴിവാക്കി സംഘര്‍ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നു.
6. ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാന്‍
ശീലിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.