ബംഗളൂരു: കർണാടകയിലെ 1.73 ലക്ഷം കുട്ടികൾക്ക് വിവിധ തരം കാഴ്ചാപ്രശ്നങ്ങൾ. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗംമൂലമാണ് ഇത്. കഴിഞ്ഞ മാർച്ചിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇതിന്റെ ഭാഗമായി കഴിഞ്ഞ അധ്യയനവർഷം സ്കൂളുകളിൽ കുട്ടികളുടെ കാഴ്ചപരിശോധന നടന്നിരുന്നു.
ആകെ 62,08,779 വിദ്യാർഥികളിൽ പരിശോധന നടത്തിയപ്പോൾ 1,73,099 പേർക്കും വിവിധതരം കാഴ്ചപ്രശ്നങ്ങളുണ്ട്. ബെളഗാവി ജില്ലയിലെ കുട്ടികൾക്കാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ കണ്ടെത്തിയത്. ഇവിടെയുള്ള 39,997 കുട്ടികൾക്കും കാഴ്ച ബുദ്ധിമുട്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബെളഗാവിയിൽ 6,74,939 കുട്ടികളിൽ ൾ 39,997 പേർക്ക് കാഴ്ച പ്രശ്നങ്ങൾ കണ്ടെത്തി. 15,313 കുട്ടികൾക്ക് കണ്ണടകൾ നൽകി. വിജയപുരയിൽ 3,60,533 കുട്ടികളിൽ 13,170 പേർക്കും വൈകല്യങ്ങളുണ്ട്. ഇതിൽ 2,572 പേർക്ക് കണ്ണട നൽകി. ബി.ബി.എം.പി പരിധിയിൽ 3,11,237 കുട്ടികളെ പരിശോധിച്ചതിൽ 10,193 പേർക്ക് പ്രശ്നങ്ങൾ കണ്ടെത്തി. 2,555 പേർക്ക് കണ്ണടകൾ നൽകി. ദേവനഗരെയിൽ 1,41,931 കുട്ടികളിൽ 6348 പേർക്ക് പ്രശ്നങ്ങളുണ്ട്.
2231 പേർക്ക് കണ്ണട നൽകി. ബെള്ളാരിയിൽ 2,34,661 കുട്ടികളെ പരിശോധിച്ചപ്പോൾ 6333 കുട്ടികൾക്ക് പ്രശ്നങ്ങൾ കണ്ടെത്തുകയും 3090 പേർക്ക് കണ്ണട നൽകുകയും ചെയ്തു. ബിദറിൽ ആകെ 1,88,220 കുട്ടികൾക്ക് പരിശോധന നടത്തി. 5,677 കുട്ടികൾക്ക് കാഴ്ചപ്രശ്നങ്ങളുണ്ട്. 2787 പേർക്ക് കണ്ണടകൾ നൽകി.
‘രാഷ്ട്രീയ ബാൽ സ്വസ്ത്യ കാര്യക്രം (ആർ.ബി.എസ്.കെ) പദ്ധതിയുടെ കീഴിലാണ് കർണാടകയിലെ മുഴുവൻ സർക്കാർ-എയ്ഡഡ് സ്വകാര്യ സ്കൂളുകളിലെയും കുട്ടികൾക്ക് വകുപ്പ് വിവിധ പരിശോധനകൾ നടത്തിയത്.
കാഴ്ചപരിശോധനക്ക് പുറമേ വിളർച്ച, പോഷകാഹാരക്കുറവ്, വിരശല്യം എന്നീ പരിശോധനകളും നടത്തിയിരുന്നു. 2022-23 അധ്യയനവർഷത്തിൽ 64,48,793 കുട്ടികൾക്ക് കാഴ്ചപരിശോധന നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 62,08,779 കുട്ടികളിൽ പരിശോധന നടത്തി. ആകെ 88,210 കണ്ണടകളാണ് വിദ്യാർഥികൾക്ക് സൗജന്യമായി നൽകിയത്.
കുട്ടികളിലെ കാഴ്ച തകരാറുകൾക്കുള്ള പ്രധാന കാരണം അമിത മൊബൈൽ ഫോൺ ഉപയോഗവും ടെലിവിഷൻ കാണുന്നതുമാണെന്ന് വിദഗ്ധർ പറയുന്നു. പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഓൺലൈൻ ക്ലാസുകളും മറ്റും നടക്കുന്നതിനാൽ മൊബൈൽ ഫോണുകൾ കുട്ടികൾക്ക് ദീർഘനേരം ഉപയോഗിക്കേണ്ടിവരുന്ന അവസ്ഥയുമുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിലെ അന്ധത നിയന്ത്രണ ദേശീയ പദ്ധതി ജോയന്റ് ഡയറക്ടർ ഡോ. ശ്യാമസുന്ദർ പറയുന്നു.
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിലൂടെ വിദ്യാർഥികൾ മൊബൈൽ ഫോണിന് അടിമകളാകുന്ന അവസ്ഥയുമുണ്ട്. പഠനം കഴിഞ്ഞാൽ ഒന്നുകിൽ മൊബൈൽ ഫോണുകളിലോ അല്ലെങ്കിൽ ടെലിവിഷന് മുന്നിലോ സമയം ചെലവഴിക്കുകയാണ് കുട്ടികൾ.
കോവിഡ് സമയത്തും അതിന് ശേഷവുമുള്ള ഘട്ടങ്ങളിലും മൊബൈൽ ഉപയോഗം കുട്ടികളിൽ ഏറെ കൂടി. ദീർഘനേരം മൊബൈൽ ഫോണിന്റെ സ്ക്രീനിൽ നോക്കിയിരിക്കുന്നത് കണ്ണുകൾക്ക് ഗുരുതരപ്രശ്നങ്ങൾ ഉണ്ടാക്കും. കണ്ണുകൾ ക്ഷീണിക്കുകയും കാഴ്ചവൈകല്യങ്ങളടക്കം ഉണ്ടാവുകയും ചെയ്യുന്നു.
കുട്ടികൾ ദിവസവും ഏറ്റവും ചുരുങ്ങിയത് എട്ടുമണിക്കൂർ ഉറങ്ങണം. പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ പോഷകാഹാരം കഴിക്കണം. വിറ്റമിൻ എ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. കാഴ്ചപ്രശ്നങ്ങൾ ഉള്ള കുട്ടികൾ നിർബന്ധമായും കണ്ണടകൾ ഉപയോഗിക്കണമെന്നും ഡോ. ശ്യാമ സുന്ദർ പറഞ്ഞു. വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇക്കാര്യത്തിൽ ബോധവത്കരണം നടത്തുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.