അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യത്തിന് മരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ എം.ഡി ഡോ. ഷിബുലാൽ അറിയിച്ചു. ഈ വർഷത്തെ ഇൻഡന്റ് പ്രകാരമുള്ള മൂന്നാമത്തെ മരുന്ന് വിതരണവും ആരംഭിച്ചു. പല മരുന്നുകളും കൊടുത്തു കഴിഞ്ഞു. സ്പെഷാലിറ്റി മരുന്നുകളുടെ വിതരണം 75 ശതമാനത്തിലധികം നൽകിയിട്ടുണ്ട്. എന്നാൽ, അധിക ഉപയോഗമാണ് ഫാർമസികളിൽ മരുന്ന് ലഭ്യതക്ക് കുറവ് വരുന്നതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പെഷാലിറ്റി മരുന്നുകളിൽ ഒന്നോ രണ്ടോ മരുന്നുകളാണ് സ്റ്റോക്കിൽ കുറവുണ്ടാകുന്നത്. മരുന്നുകളൊന്നും കിട്ടുന്നില്ലെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്ദുൽസലാം പറഞ്ഞു.
ആശുപത്രിയിൽ വേണ്ടി വരുന്ന മരുന്നുകളുടെ ആവശ്യം മുൻ നിർത്തി വർഷത്തിൽ ഒരു ഇൻഡന്റാണ് കൊടുക്കുന്നത്. ഇതുപ്രകാരം മൂന്നു തവണയായാണ് മരുന്ന് ആശുപത്രിയിൽ ലഭ്യമാകുന്നത്. 2024 വർഷത്തിൽ 42 കോടിയാണ് മരുന്നിനായി അനുവദിച്ചിട്ടുള്ളത്. കൂടുതൽ ആവശ്യമെങ്കിൽ ഇപ്പോൾ അനുവദിച്ച തുകയുടെ 20 ശതമാനം കൂടി ആവശ്യപ്പെടാനും ആരോഗ്യവകുപ്പ് പ്രത്യേക അനുമതി തന്നിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
മരുന്ന് ലഭിക്കുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ എച്ച്. സലാം എം.എൽ.എ ആരോഗ്യ മന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.