രക്താർബുദത്തെ കീഴ്പ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷ നൽകുകയാണ് 13 കാരിയുടെ അനുഭവം. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയിടത്തുനിന്ന് ഗുരുതര രക്താർബുദത്തെ അലിസ എന്ന പതിമ്മൂന്നുകാരി അതിജീവിച്ചത്. ബ്രിട്ടനിലെ ഗ്രേറ്റ് ഓമണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ `ബെയ്സ് എഡിറ്റിങ്' ജീൻ തെറാപ്പിയാണ് അലീസയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആദ്യമായാണ് അർബുദ ചികിത്സയ്ക്ക് ബേസ് എഡിറ്റിങ് ഉപയോഗിക്കുന്നത്.
കഴിഞ്ഞവർഷം മേയിലാണ് അലിസയ്ക്ക് ഭേദമാക്കാനാവാത്ത ടി-സെൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ സ്ഥിരീകരിച്ചത്. ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന പ്രധാന ശ്വേതരക്താണുക്കളാണ് ടി-കോശങ്ങൾ. അലിസയിൽ ഇവ ക്രമാതീതമായി പെരുകി. കീമോതെറാപ്പിയും മജ്ജ മാറ്റിവെക്കലുൾപ്പെടെയുള്ള ചികിത്സകളും നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ പരീക്ഷണാടിസ്ഥാനത്തിലാണ് ബേസ് എഡിറ്റിങ് തെറാപ്പിയിലേക്കുകടന്നത്. അലിസയുടെ ടി-കോശങ്ങളിൽ ബേസ് എഡിറ്റിങ് നടത്തി. അതുകഴിഞ്ഞ് ഒരിക്കൽക്കൂടി മജ്ജ മാറ്റിവെച്ചു. 16 ആഴ്ച അലിസ ആശുപത്രിയിൽക്കഴിഞ്ഞു. ആറുമാസമാസത്തിനുശേഷമുള്ള പരിശോധനയിൽ അലിസയ്ക്ക് അർബുദലക്ഷണങ്ങളില്ല. എന്നാൽ, ഇപ്പോഴും നിരീക്ഷണത്തിലാണ്.
ഡി.എൻ.എ.യിലെ നാല് നൈട്രജൻ ബേസുകളായ അഡിനിൻ(എ), തൈമിൻ(ടി), ഗ്വാനിൻ(ജി), സൈറ്റോസിൻ(സി) എന്നിവയുടെ തന്മാത്രാഘടനയിൽ മാറ്റം വരുത്തുകയാണ് ബേസ് എഡിറ്റിങ്ങിലൂടെ ചെയ്യുന്നത്. ജീൻ എഡിറ്റിങ്ങിലെത്തന്നെ സങ്കീർണമായ പ്രക്രിയയാണിത്. ജനിതകഘടനയിൽ മാറ്റംവരുത്തിയ ടി-രക്തകോശങ്ങൾ അർബുദബാധയുള്ള കോശങ്ങളെ നശിപ്പിക്കുകയും രോഗിയെ സുഖപ്പെടുത്തുകയും ചെയ്യും. ദാതാവിന്റെ പൂർണാരോഗ്യമുള്ള ടി-കോശങ്ങളാണ് തെറാപ്പിക്ക് ഉപയോഗിക്കുന്നത്. ആറു വർഷം മുമ്പാണ് ബേസ് എഡിറ്റിങ് കണ്ടുപിടിച്ചത്. അർബുദ ചികിത്സയിലെ വിപ്ലവമായാണീ നേട്ടത്തെ വിലിയിരുത്തുന്നത്.
ഒടുവിൽ ഞാൻ മരിക്കുമെന്നുതന്നെയാണ് കരുതിയതെന്ന് അലിസ പറയുന്നു. മാതാവ് കിയോണ, ജനുവരിയിൽ എന്റെ പതിമൂന്നാം ജന്മദിനത്തിൽ മാതാവ് കരയുകയായിരുന്നു, ഇനിയൊരു കൃസ്തുമസ് വേളയിൽ ഞാനുണ്ടാകില്ലെന്ന് കരുതിയെന്നും അലിസ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.