ഡാർക്ക് ചോക്ലേറ്റിൽ പഞ്ചസാര കുറവാണ്. ധാരാളം ആന്റിഓക്‌സിഡന്റുകളുമുണ്ട്. ഇത് നിങ്ങളുടെ ഹൃദയത്തിനും തലച്ചോറിനും നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുതിർന്നവരിൽ മൂന്നിലൊന്ന് പേർ ഇത് അവരുടെ പ്രിയപ്പെട്ട ചോക്ലേറ്റാണെന്ന് പറയുന്നത് ഈ ആരോഗ്യ ഗുണങ്ങൾ കൊണ്ടായിരിക്കാം. അതിനാൽ ഇത് അവരുടെ കുട്ടികൾക്കും ഒരു മികച്ച ട്രീറ്റാണെന്ന് നിങ്ങൾ കരുതിയേക്കാം.
എന്നാൽ, കുട്ടികൾക്ക് ഡാർക്ക് ചോക്ലേറ്റ് നൽകുന്നതിനുമുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് ശിശുരോഗ വിദഗ്ധരും പോഷകാഹാര വിദഗ്ധരും പറയുന്നു. കുട്ടികൾ അമിതമായി ഡാർക്ക് ചോക്ലേറ്റ് കഴിക്കരുതെന്നും ഉറങ്ങുന്നതിനുമുമ്പ് അത് നൽകുന്നത് ഒഴിവാക്കണമെന്നും അവർ ശിപാർശ ചെയ്യുന്നു. ഡാർക്ക് ചോക്ലേറ്റിൽ കഫീൻ അടങ്ങിയിരിക്കുന്നതാണ് പ്രധാന കാരണം.
മിക്ക കുട്ടികൾക്കും ഡാർക്ക് ചോക്ലേറ്റോ മറ്റേതെങ്കിലും ചോക്ലേറ്റോ കഴിക്കുന്നതിൽ ഒരു ദോഷവുമില്ലെങ്കിലും മിതത്വം പ്രധാനമാണെന്ന് ലോസ് ഏഞ്ചൽസിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യയായ അനറ്റ് പിരിഡ് ഷാന്യൻ വിശദീകരിച്ചു. 60-69ശതമാനം കൊക്കോ അടങ്ങിയ ഒരു ഔൺസ് ഡാർക്ക് ചോക്ലേറ്റിൽ 24 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. അത് കാൽ കപ്പ് കാപ്പി കുടിക്കുന്നതിന് തുല്യമാണ്.
ചെറിയ അളവിൽ കഫീൻ കഴിക്കുന്നത് അത്ര പ്രശ്നമല്ല. എന്നാൽ, അമിതമായി കഫീൻ കഴിക്കുമ്പോൾ ഉറങ്ങാൻ ബുദ്ധിമുട്ട്, ഉത്കണ്ഠ, വയറിളക്കം, ഛർദ്ദി, ഉയർന്ന ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിവയുണ്ടാക്കാം. ഒരു ഉത്തേജകമെന്ന നിലയിൽ കഫീൻ പലപ്പോഴും മുതിർന്നവരേക്കാൾ വളരുന്ന ശരീരങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, കുട്ടികൾ കഫീൻ ഒഴിവാക്കാൻ നിർദേശിക്കുന്നു.
സോഡകൾ, എനർജി ഡ്രിങ്കുകൾ, മറ്റ് തരത്തിലുള്ള മിഠായികൾ, മധുരപലഹാരങ്ങൾ എന്നിവയിലും കഫീൻ അടങ്ങിയിട്ടുണ്ട്. എ.എ.പി, അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് എന്നിവയുൾപ്പെടെയുള്ള ആരോഗ്യ സംഘടനകളുടെ ഒരു കൂട്ടായ്മയിൽ നിന്നുള്ള പുതിയ മാർഗ നിർദേശങ്ങൾ, 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർ കഫീനും മറ്റ് ഉത്തേജകങ്ങളും അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കണമെന്ന് ശിപാർശ ചെയ്തു.
2023ൽ കൺസ്യൂമർ റിപ്പോർട്ട്സിൽ ചില ഡാർക്ക് ചോക്ലേറ്റ് ഉൽപ്പന്നങ്ങളിൽ ലെഡ്, കാഡ്മിയം എന്നീ ഹെവി ലോഹങ്ങളുടെ ദോഷകരമായ അളവ് അടങ്ങിയിരിക്കാമെന്ന് പറയുന്നു. ഫുഡ് റിസർച്ച് ഇന്റർനാഷണലിൽ പ്രസിദ്ധീകരിച്ച 2024ൽ നടത്തിയ ഒരു പഠനത്തിൽ, ദിവസവും ഒരു ഔൺസ് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് മുതിർന്നവർക്ക് ഒരു ദോഷവും ഉണ്ടാക്കുന്നില്ലെന്നും കുട്ടികളിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും പറയുന്നു.
പ്രായത്തിനനുസരിച്ച് ആരോഗ്യകരമായ ദൈനംദിന കഫീൻ പരിധികൾ ഹെൽത്ത് കാനഡ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിങ്ങനെയാണ്.
മുതിർന്നവർ: 400 മില്ലിഗ്രാമിൽ താഴെ
13 വയസ്സും അതിൽ കൂടുതലുമുള്ള കുട്ടികൾ: ശരീരഭാരത്തിന് ഒരു കിലോഗ്രാമിന് 2.5 മില്ലിഗ്രാമിൽ താഴെ
10-12 വയസ്സ് പ്രായമുള്ള കുട്ടികൾ: 85 മില്ലിഗ്രാമിൽ താഴെ
7-9 വയസ്സ് പ്രായമുള്ള കുട്ടികൾ: 62.5 മില്ലിഗ്രാമിൽ താഴെ
4-6 വയസ്സ് പ്രായമുള്ള കുട്ടികൾ: 45 മില്ലിഗ്രാമിൽ താഴെ (ഏകദേശം 2 ഔൺസ് ഡാർക്ക് ചോക്ലേറ്റിന് തുല്യം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.