മലപ്പുറം: ജില്ലയിൽ ഭാരതീയ ചികിത്സ (ആയുർവേദം) വകുപ്പിൽ നാല് തസ്തികകളിലായി നികത്താതെ കിടക്കുന്നത് ഏഴ് ഒഴിവുകൾ. 2020 ജൂൺ ഒന്നുമുതൽ 2022 മേയ് 31 വരെയുള്ള കണക്ക് പ്രകാരമാണിത്. നഴ്സ് ഗ്രേഡ്-രണ്ട്, ഫാർമസിസ്റ്റ് ഗ്രേഡ്-രണ്ട്, ക്ലർക്ക്, ഡ്രൈവർ ഗ്രേഡ്-രണ്ട് എന്നീ നാല് തസ്തികകളിലാണ് രണ്ടുവർഷത്തിനിടെ ഒഴിവുള്ളത്.
ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും നിയമന നടപടിയായിട്ടില്ല. 2020 ജൂൺ ഒന്നിനാണ് ഫാർമസിസ്റ്റ് ഗ്രേഡ്-രണ്ട് തസ്തികയിൽ ഒഴിവ് വന്നത്. നഴ്സ് ഗ്രേഡ്-രണ്ട് തസ്തികയിൽ 2021 ഏപ്രിൽ 30ന് പൊന്നാനി ഗവ. ആയുർവേദ ആശുപത്രി, 2021 മേയ് 31 പട്ടർക്കടവിലുള്ള മലപ്പുറം ഗവ. ആയുർവേദ ആശുപത്രി, 2021 നവംബർ 30ന് ചേലേമ്പ്ര ഗവ. ആയുർവേദ ആശുപത്രി, 2022 മേയ് 31ന് കോട്ടക്കൽ ഗവ. ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഡിസീസസ് എന്നിവിടങ്ങളിലാണ് ഓരോ വീതം ഒഴിവുകൾ വന്നത്.
ഈ തസ്തികയിൽ ഒഴിവ് സാധ്യതയുണ്ടെന്ന് കാണിച്ച് 2020 സെപ്റ്റംബർ 18നുതന്നെ മുൻകൂറായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായിട്ടില്ല. വകുപ്പിന്റെ ജില്ല ഓഫിസിലാണ് ക്ലർക്കിന്റെ ഒഴിവുള്ള മറ്റൊരു തസ്തിക. 2021 ആഗസ്റ്റ് രണ്ടിനാണ് ഒഴിവ് വന്നത്.
ഈ ദിവസംതന്നെ അധികൃതർ ഒഴിവ് മുകളിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താനാളൂർ ഗവ. ആയുർവേദ മൊബൈൽ ഡിസ്പെൻസറിയിലാണ് ഡ്രൈവർ ഗ്രേഡ്-രണ്ട് തസ്തികയിൽ ഒഴിവ് വന്നിരിക്കുന്നത്. 2022 മാർച്ച് 31നാണ് ഒഴിവ് വന്നത്. ഈ തസ്തികയിൽ ഒഴിവ് വരാൻ സാധ്യതയുണ്ടെന്ന് കാണിച്ച് 2021 ഒക്ടോബർ 29നുതന്നെ മുൻകൂറായി റിപ്പോർട്ട് ചെയ്തിരുന്നു. ഈ തസ്തികയിലും നിയമ ശിപാർശകൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.
ജില്ലയിലുള്ളത് 88 സ്ഥാപനങ്ങൾ
ജില്ലയിൽ ഭാരതീയ ചികിത്സ (ആയുർവേദം) വകുപ്പിന് കീഴിൽ ആകെ ആശുപത്രികളും ഡിസ്പെൻസറികളുമായി 88 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ജില്ല ആയുർവേദ ആശുപത്രിയടക്കം 11 ആശുപത്രികളും കോട്ടക്കലിൽ ഒരു ഗവ. ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഡിസീസസ് കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.
74 ഡിസ്പെൻസറികളും ഒരു മൊബൈൽ ഡിസ്പെൻസറിയും സിദ്ദവൈദ്യ ഡിസ്പെൻസറിയും പ്രവർത്തിക്കുന്നുണ്ട്. മൊബൈൽ ഡിസ്പെൻസി താനാളൂരും സിദ്ദ വൈദ്യ ഡിസ്പെൻസറി ഏലംകുളത്തുമാണ്. ജില്ല ആയുർവേദ ആശുപത്രി വളവന്നൂരും മറ്റ് ആശുപത്രികൾ ചേലേമ്പ്ര, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി, തിരുവാലി, കൽപകഞ്ചേരി, മുന്നിയൂർ, വേങ്ങര, തെന്നല, എടക്കര എന്നിവിടങ്ങളിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.