മസ്തിഷ്ക ഭോജി അമീബ: സൗത് കൊറിയയിൽ ആദ്യ മരണം

സൗത് ​കൊറിയയിൽ ആദ്യമായി മസ്തിഷ്കത്തിൽ അപൂർവ അണുബാധ മൂലം മരണം. തായ്‍ലാന്റിൽ നിന്ന് മടങ്ങി വന്ന കെറിയൻ സ്വദേശിയാണ് ബ്രെയ്ൻ ഈറ്റിങ് അമീബ (മസ്തിഷ്ക അണുബാധ) അഥവാ നെയേഗ്ലേരിയ ഫോവ്ലേറി അമീബ ബാധിച്ച് മരിച്ചതെന്ന് ദ കൊറിയ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ഏജൻസി അറിയിച്ചു.

നാലുമാസം തായ്‍ലാന്റിൽ ചെലവഴിച്ചശേഷമാണ് 50 കാരനായ കൊറിയൻ സ്വദേശി നാട്ടിലേക്ക് മടങ്ങിയത്. ഡിസംബർ 10 ന് കൊറിയയിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ മരണത്തിന് കീഴടങ്ങിയത്. ഇതാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആദ്യ മസ്തിഷ്ക അണുബാധ. 1937ൽ അമേരിക്കയിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്.

തടാകങ്ങൾ, നദികൾ, വ്യവസായ ശാലകളിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന മലിന ജലം, പ്രകൃതി ദത്ത ജല സ്രോതസ്സുകൾ, അണുവിമുക്തമാക്കാത്ത സ്വിമ്മിങ് പൂളുകൾ എന്നിവിടങ്ങളിലെല്ലാം ഇത്തരം അമീബകൾ വളരാറുണ്ട്. നെയേഗ്ലേരിയ ഫോവ്ലേറി അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ നീന്തുന്നതിനിടയിൽ മൂക്കിലൂടെ അണുക്കൾ ശരീരത്തിലെത്തി അവ മസ്തിഷ്കത്തിലേക്ക് പ്രവേശിച്ചാണ് സാധാരണയായി ആളുകൾക്ക് അണുബാധ ഉണ്ടാവാറുള്ളത്. ഈ അമീബകൾ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കും.

മനുഷ്യനിൽ വളരെ അപൂർവമായി മാത്രമേ ഇത്തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുള്ളൂ. പനി, തലവേദന, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, തൊണ്ടവേദന, ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടൽ, കോച്ചിപ്പിടിത്തം, മതിഭ്രമം തുടങ്ങിയവയാണ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ. അതേ സമയം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അണുബാധ പകരില്ല.

അമേരിക്കയിൽ 1962 നും 2021 നും ഇടയിൽ നെയേഗ്ലേരിയ ഫോവ്ലേറി അമീബ മൂലം രോഗബാധയേറ്റ 154 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ നാല് പേർ മാത്രമാണ് രക്ഷപ്പെട്ടത്.

Tags:    
News Summary - 'Brain-eating amoeba' Naegleria fowleri kills its first victim in South Korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.