ഒമാഹ: അമേരിക്കയിലെ നെബ്രാസ്കയിൽ മസ്തിഷ്കത്തിലുണ്ടായ അപൂർവ അണുബാധയെ തുടർന്ന് കുട്ടിമരിച്ചു. അമീബ മൂലമുണ്ടായ അണുബാധയാണ് മരണകാരണം. നെയേഗ്ലേരിയ ഫോവ്ലേറി അമീബയുടെ സാന്നിധ്യം കുട്ടിയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇൽഹോൻ നദിയിൽ കുളിക്കുന്നതിനിടയിലാണ് കുട്ടിക്ക് അണുബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം. അണുബാധയുണ്ടാവാനുള്ള മറ്റ് സാധ്യതകളും അധികൃതർ പരിശോധിക്കുന്നുണ്ട്.
ഇത്തരം അമീബകൾ മൂലം മസ്തിഷ്കത്തിനുണ്ടാകുന്ന അണുബാധക്ക് പ്രൈമറി അമീബിക് മെനിഞ്ചോ ഓൻസെഫാലിറ്റീസ് എന്നാണ് വൈദ്യശാസ്ത്രം നൽകിയിട്ടുള്ള പേര്. തടാകങ്ങൾ, നദികൾ, വ്യവസായ ശാലകളിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന മലിന ജലം, പ്രകൃതി ദത്ത ജല സ്രോതസ്സുകൾ, അണുവിമുക്തമാക്കാത്ത സ്വിമ്മിങ് പൂളുകൾ എന്നിവിടങ്ങളിലെല്ലാം ഇത്തരം അമീബകൾ വളരാറുണ്ട്. നെയേഗ്ലേരിയ ഫോവ്ലേറി അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ നീന്തുന്നതിനിടയിൽ മൂക്കിലൂടെ അണുക്കൾ ശരീരത്തിലെത്തിയാണ് സാധാരണയായി ആളുകൾക്ക് അണുബാധ ഉണ്ടാവാറുള്ളത്.
മനുഷ്യനിൽ വളരെ അപൂർവമായി മാത്രമേ ഇത്തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുള്ളൂ. പനി, തലവേദന, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, തൊണ്ടവേദന, ശരീരത്തിന്റെ സംതുലനാവസ്ഥ നഷ്ടപ്പെടൽ, കോച്ചിപ്പിടിത്തം, മതിഭ്രമം തുടങ്ങിയവയാണ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ. അതേ സമയം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അണുബാധ പകരില്ല.
നേരത്തെ, ജൂലൈയിൽ മിസോറി നിവാസിയും സമാനരീതിയിൽ അണുബാധ ബാധിച്ച് മരിച്ചിരുന്നു. അമേരിക്കയിൽ 1962 നും 2021 നും ഇടയിൽ നെയേഗ്ലേരിയ ഫോവ്ലേറി അമീബ മൂലം രോഗബാധയേറ്റ 154 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ നാല് പേർ മാത്രമാണ് രക്ഷപ്പെട്ടത്. ആഗോളതലത്തിൽ ഇതുവരെ 430 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.