ഭക്ഷണം കഴിക്കുമ്പോൾ പ്രയാസം അനുഭവപ്പെടുന്നുണ്ടോ, എന്താണ് ഡിഗ്ലൂട്ടോളജി?

നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ജലവും ലഭിക്കുക എന്നതാണ് ​ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് ലഭിക്കുന്നതാകട്ടെ ഭക്ഷണത്തിലൂടെയും. ജീവൻ നിലനിർത്തുന്നതിൽ പ്രധാനപ്പെട്ടവയാണ് ഇവ രണ്ടും. ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന ബുദ്ധിമുട്ടുകൾ ശാരീരികമായി മാത്രമല്ല, മാനസികമായും ഒരാളെ ബാധിക്കും. ഭക്ഷണം കഴിക്കുമ്പോൾ തരിപ്പിൽ പോകുക, ചുമ വരിക, ശബ്ദം മാറുക, ഇറക്കാൻ ബുദ്ധിമുട്ടുക തുടങ്ങിയവയാണ് പ്രധാനമായും നേരിടുന്ന പ്രശ്നങ്ങൾ. ഭക്ഷണം വിഴുങ്ങുമ്പോഴുള്ള ഇത്തരം പ്രയാസങ്ങളെ കണ്ടെത്തുകയും അതിന്റെ ചികിത്സാ രീതിയുമാണ് ഡിഗ്ലൂട്ടോളജി. ആളുകൾക്ക് പലപ്പോഴും ഇങ്ങനെയുള്ള ഒരു ഡിപ്പാർട്മെന്റ് ഉള്ള കാര്യം അറിയില്ല. അതിനുള്ള ബോധവത്കരണം നമുക്കിടയിൽ വളരെ കുറവാണ്.

വിഴുങ്ങാനുള്ള ബുദ്ധിമുട്ടിനെ ശാസ്ത്രീയമായി പറയുന്നതാണ് ‘ഡിസ്ഫാജിയ’. നമ്മൾ തൊണ്ടയിലൂടെ വിഴുങ്ങുന്ന ഭക്ഷണമോ ദ്രാവകങ്ങളോ അന്നനാളം വഴിയാണ് ആമാശയത്തിലെത്തുക. എന്നാൽ ഏതെങ്കിലും ഭാഗത്ത് ബുദ്ധിമുട്ട് ഉണ്ടാകുന്നതോടെ ഡിസ്ഫാജിയ ഉണ്ടാകാം. ക്ലിനിക്കൽ പരിശോധനയിലൂടെയും എൻഡോസ്കോപി തുടങ്ങിയവയിലൂടെയുമാണ് രോഗനിർണയം നടത്തുക.

ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടിനെ മൂന്ന് രീതിയിൽ തരം തിരിക്കാം. ആദ്യത്തേത് അതൊരു രോഗലക്ഷണമായിരിക്കാം. അന്നനാളത്തിലെ കാൻസർ, തൊണ്ടയിലെ കാൻസർ, ന്യൂറോ അസുഖങ്ങൾ തുടങ്ങിയവയുടെ ആദ്യലക്ഷണമായി വിഴുങ്ങുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാം. രണ്ടാമത്തേത് ഏതെങ്കിലും രോഗാവസ്ഥയിലൂടെ കടന്നുപോകുന്നതിനാലാകാം. ഉദാഹരണം, പക്ഷാഘാതം (സ്ട്രോക്ക്) എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരോ, അതിനെ അതിജീവിച്ചവർക്കോ ചിലപ്പോൾ ഭക്ഷണവും വെള്ളവും വിഴുങ്ങാനുള്ള ബുദ്ധിമുട്ടുകളുണ്ടാകാം. സ്ട്രോക്കിന് ശേഷമുണ്ടാകുന്ന നാവിന്റെ ബലഹീനത, ഭക്ഷണം ചവക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ കാരണങ്ങളാലാകാം ഡിസ്ഫാഗിയ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നത്. ഒരു രോഗത്തിന്റെ ചികിത്സയുടെ പാർശ്വഫലങ്ങളുടെ ഭാഗമായും ഡിസ്ഫാഗിയ എന്ന അവസ്ഥ നേരിടേണ്ടിവന്നേക്കാം. കഴിക്കുന്ന മരുന്നുകളുടെയോ ചികിത്സയുടെയോ ഭാഗമായാണ് ഇത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരിക.

മുലയൂട്ടുന്ന കുഞ്ഞുങ്ങളിൽ മുതൽ പ്രായമായവരിൽ വരെ ഇത്തരം ബുദ്ധിമുട്ടുകൾ ക​ണ്ടുവരാം. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളിലും ജന്മനാ വൈകല്യമുള്ള കുഞ്ഞുങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രായമുള്ളവരിലാണെങ്കിൽ കാൻസർ, ന്യൂറോ, സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങളുള്ളവരിൽ ഇത്തരം പ്രയാസമുണ്ടാകും.

പലപ്പോഴും ഭക്ഷണം കഴിക്കു​മ്പോഴുണ്ടാകു​ന്ന ഇത്തരം ബുദ്ധിമുട്ടുകളെ ആരും കാര്യമായെടുക്കാറില്ല. എന്നാൽ, നിരന്തരം ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവരാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് ചികിത്സ നേടണം. കൃത്യമായ ചികിത്സാരീതി ഇതിനില്ല. കൂടുതലായും വ്യായാമങ്ങളിലൂടെയും തെറപ്പികളിലൂടെയുമാണ് ഇത് മാറ്റിയെടുക്കുക. ഇറക്കുന്ന സമയത്ത് ​വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന് വേണ്ടി മാത്രമാണ് മരുന്ന് ചികിത്സ ലഭ്യമാകുക. മറ്റൊരു രോഗത്തിന്റെ ഭാഗമായുണ്ടാകുന്നതിനാൽ തന്നെ ആ രോഗങ്ങളുടെ ചികിത്സക്കൊപ്പം തന്നെയാണ് ഡിസ്ഫാഗിയയും ചികിത്സിക്കുക.

തരിപ്പിൽപോവുക, നെറുകയിൽ പോവുക

തരിപ്പിൽപോവുക, നെറുകയിൽ പോവുക എന്നെല്ലാം ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ നിരന്തരം ഉപയോഗിക്കുന്ന പ്രയോഗങ്ങളാണ്. യഥാർഥത്തിൽ ഭക്ഷണം തലയിലേക്കോ നെറുകയിലേക്കോ പോവുകയല്ല ചെയ്യുന്നത്. നമ്മുടെ തൊണ്ടയിൽനിന്നാണ് അന്നനാളം, ശ്വാസനാളം എന്നിവ വേർപിരിയുന്നത്. സാധാരണയായി, ഭക്ഷണം കഴിക്കുമ്പോൾ അത് ശ്വാസനാളത്തിലേക്ക് പോകാതിരിക്കാനുള്ള ഒരു മെക്കാനിസം അവിടെ വർക് ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഭക്ഷണം കഴിക്കുമ്പോൾ അന്നനാളം തുറക്കുകയും ഭക്ഷണം അങ്ങോട്ടുമാത്രം പോവുകയും ചെയ്യുന്നത്. എന്നാൽ ഈ മെക്കാനിസത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ഭക്ഷണമോ മറ്റ് പദാർഥങ്ങളോ ശ്വാസനാളത്തിലേക്ക് കടക്കുകയോ കടക്കാൻ ശ്രമിക്കുകയോ ചെയ്യുമ്പോഴാണ് തരിപ്പിൽപോവുക എന്ന അവസ്ഥയുണ്ടാകുന്നത്. ഇതുവഴി ശ്വാസനാളം അടഞ്ഞുപോവുകയും ശ്വാസമെടുക്കാൻ കഴിയാതെ വരുകയും മരണം വരെ സംഭവിക്കുകയും ചെയ്തേക്കാം. ഇങ്ങനെയുണ്ടായാൽ ഈ പ്രശ്നം പരിഹരിക്കാനുള്ള ഫസ്റ്റ് എയ്ഡ് എല്ലാവരും പഠിച്ചിരിക്കേണ്ടത് നിർബന്ധമാണ്.

ചികിത്സയുണ്ടോ?

സാധാരണയായി തരിപ്പിൽപോവുക എന്ന അവസ്ഥ മിക്കവരും അനുഭവിച്ചിട്ടുണ്ടാവാം. അത് സ്വാഭാവികമാണ്. ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധതെറ്റുന്നതോ കഴിക്കുമ്പോഴുള്ള പൊസിഷനിലുള്ള മാറ്റമോ ഒക്കെയാവാം ഇതിന് കാരണം. തുടർച്ചയായി ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കിലാണ് ശ്രദ്ധ വേണ്ടത്. അത് അസ്വാഭാവികമാണ്. ഇടക്കിടെയുണ്ടാകുന്ന കഫക്കെട്ട്, ഇൻഫെക്ഷൻ, പനി എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണ്ടുവരാറുണ്ട്, പ്രധാനമായും പ്രായമായവരിൽ.

ട്യൂബിലൂടെ ഭക്ഷണം കൊടുക്കുമ്പോൾ

ട്യൂബിലൂടെ ഭക്ഷണം കൊടുക്കുക എന്നുപറയുന്നത് ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ചെയ്യുന്ന ഒന്നാണ് എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. അതുപോലെ, ട്യൂബ് ഇട്ട് ഭക്ഷണം കൊടുത്താൽ പിന്നെ അത് ഊരിക്കൊണ്ട് ഭക്ഷണം നൽകാൻ സാധിക്കില്ല എന്ന മിഥ്യാ ധാരണയും. ഒരാൾക്ക് ജീവിക്കാൻ വേണ്ട പോഷകവും മറ്റും വായിലൂടെ എത്തിക്കാൻ കഴിയാത്ത ഘട്ടത്തിലാണ് ട്യൂബ് ഇടേണ്ടി വരുന്നത്. ഇത് ഒരു സ്ഥിരമായുള്ള പരിഹാരമല്ല. ഭക്ഷണം കഴിക്കാനുള്ള അവസ്ഥയിലേക്ക് രോഗി എത്തിയാൽ ട്യൂബ് ഒഴിവാക്കി സാധാരണ നിലയിൽതന്നെ ഭക്ഷണം കഴിക്കാവുന്നതേയുള്ളൂ.

ശബ്ദത്തിനും ചികിത്സയുണ്ട്

പ്രഫഷനലായി ശബ്ദം ഉപയോഗിക്കുന്ന അധ്യാപകർ, റേഡിയോ ജോക്കികൾ, ഡബ്ബിങ് ആർട്ടിസ്റ്റുകൾ, ആർട്ടിസ്റ്റുകൾ, പാട്ടുകാർ തുടങ്ങിയവർക്കെല്ലാം ശബ്ദവുമായി ബന്ധപ്പെട്ട അസുഖങ്ങൾ വരാതിരിക്കാനുള്ള വോയ്സ് തെറപ്പികൾ, അസുഖം വന്നാൽ അത് മാറ്റാനുള്ള തെറപ്പികൾ എന്നിവയെല്ലാം ഡിഗ്ലൂട്ടോളജി ഡിപ്പാർട്മെന്റിലുള്ള സാധ്യതകളാണ്.

Tags:    
News Summary - Deglutology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.