ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പ്രസിഡന്റ് ആർ.വി. അശോകൻ പത്രത്തിൽ പ്രസിദ്ധീകരിച്ച നിരുപാധിക ക്ഷമാപണം സ്വീകരിക്കാൻ വിസമ്മതിച്ച് പരമോന്നത കോടതി. പരസ്യത്തിലെ അക്ഷരങ്ങൾ വളരെ ചെറുതാണെന്നും വായിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. പതഞ്ജലി ആയുർവേദ പ്രസിദ്ധീകരിച്ച തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അശോകൻ വിവാദ പരാമർശം നടത്തിയത്. അസോസിയേഷനെയും സ്വകാര്യ ഡോക്ടർമാരുടെ ചില നടപടികളെയും സുപ്രീംകോടതി വിമർശിച്ചത് ദൗർഭാഗ്യകരമാണെന്നായിരുന്നു പരാമർശം.
ക്ഷമാപണം പ്രസിദ്ധീകരിച്ച ഹിന്ദുപത്രത്തിന്റെ 20 കോപ്പി ഒരാഴ്ചക്കകം ഹാജരാക്കാൻ ജസ്റ്റിസുമാരായ ഹിമ കോഹ്‍ലി, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഐ.എം.എ അഭിഭാഷകന് നിർദേശം നൽകി. പരസ്യത്തിന്റെ വലുപ്പം കണ്ടശേഷം തുടർ നടപടി സ്വീകരിക്കാമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
പതഞ്ജലിയുടെ കേസ് പരിഗണിക്കവേ, ഒരു വിരൽ പതഞ്ജലിക്കുനേരെ ചൂണ്ടുമ്പോൾ നാല് വിരലുകൾ ഐ.എം.എക്കുനേരെയാണ് തിരിയുന്നതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് സുപ്രീംകോടതി വിമർശനം ദൗർഭാഗ്യകരമാണെന്ന് ആർ.വി. അശോകൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.