കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് അനുമതി നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനാണ് രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കേഷനും നല്‍കിയത്. രാജ്യത്ത് തന്നെ അപൂര്‍വമായ നേട്ടമാണിത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിക്ക് അവയവം മാറ്റിവെക്കാനുള്ള അംഗീകാരം നല്‍കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ അര കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സജ്ജമാക്കിയത്. ഒക്ടോബര്‍ മാസം ആദ്യവാരത്തില്‍ ആദ്യ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. വൃക്കമാറ്റിവെക്കാനായി കാത്തിരിക്കുന്ന രോഗികള്‍ക്ക് ഇതേറെ ആശ്വാസമാകുമെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് മേധാവി ഡോ. ഉന്മേഷിന്റെ നേതൃത്വത്തിലുള്ള സംഘം ജനറല്‍ ആശുപത്രിയിലെത്തി കെ സോട്ടോ റെഗുലേഷന്‍സ് അനുസരിച്ചുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും വിലയിരുത്തി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തേക്കാണ് വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തുവാന്‍ നിയമപരമായ അനുവാദം നല്‍കിയത്.
എറണാകുളം ജനറല്‍ ആശുപത്രി ഇത്തരത്തില്‍ നിരവധിയായ മാതൃകകള്‍ക്ക് തുടക്കം കുറിച്ച സ്ഥാപനമാണ്. ഈ സര്‍ക്കാരിന്റെ കാലത്താണ് ജനറല്‍ ആശുപത്രിയില്‍ രാജ്യത്ത് ആദ്യമായി ഹൃദയ ശസ്ത്രക്രിയക്ക് തുടക്കം കുറിച്ചത്. കാര്‍ഡിയോളജി ഉള്‍പ്പെടെ ഏഴ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, രണ്ട് കാത്ത് ലാബ് ഉള്ള ആശുപത്രി, എന്‍.എ.ബി.എച്ച്. അംഗീകാരം തുടങ്ങിയ നിരവധി സവിശേഷതകള്‍ക്കൊടുവിലാണ് വൃക്ക മാറ്റല്‍ ശാസ്ത്രക്രിയക്ക് തുടക്കം കുറിക്കുന്നത്.
ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഷാഹിര്‍ഷായുടെ നേതൃത്വത്തില്‍ യൂറോളജി വിഭാഗം മേധാവി ഡോ. അനൂപ് കൃഷ്ണന്‍, നെഫ്രോളജി വിഭാഗം നേതാവ് ഡോ. സന്ദീപ് ഷേണായി, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മധു വി എന്നിവരുടെ സംഘമാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കില്‍ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.