കണ്ണൂർ: ജില്ലയിൽ പനിബാധിതരുടെ എണ്ണം ദിനം പ്രതി കൂടുന്നു. മഴക്കാലത്തിന്‍റെ തുടക്കത്തിൽ തന്നെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഒ.പികളിൽ പനി ബാധിച്ച് ചികിത്സ തേടാനെത്തുന്നവരുടെ എണ്ണം കൂടുകയാണ്. ജലദോഷപ്പനി അഥവാ വൈറല്‍ പനിയും എലിപ്പനിയും ഡെങ്കിപ്പനിയുമെല്ലാം ബാധിക്കുന്നതായാണ് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട്. പനി ബാധിച്ച് ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണ്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ പനി നിസ്സാരമായി കാണരുതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശം.
ഏപ്രില്‍ മാസത്തില്‍ ജില്ലയില്‍ പനിബാധിതരായവര്‍ ഏതാണ്ട് 10,000ത്തിനടുത്താണ്. എന്നാല്‍, ഇത് മേയില്‍ എത്തിയപ്പോഴേക്കും 20,000ത്തിന് അടുത്തായി. ജൂൺ 20വരെ മാത്രം 18,000ത്തിനടുത്തുപേര്‍ പനി ബാധിച്ച് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.
പനിബാധിച്ച് 1000-1100 പേര്‍വരെ ചികിത്സ തേടിയ ദിവസങ്ങളാണ് ഈ മാസത്തില്‍ ഏറെയും. ഇതിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുമണ്ട്. കൂടാതെ കുട്ടികളിൽ തക്കാളിപ്പനി എന്നറിയപ്പെടുന്ന ഹാൻഡ് -ഫൂട്ട് -മൗത്ത് രോഗവും കൂടുന്നതായി റിപ്പോർട്ടുണ്ട്. മലയോരത്തടക്കം രോഗം കൂടുതലായിട്ടുണ്ട്. കുട്ടികളുടെ കൈവെള്ളയിലും വായ്ക്കകത്തും മറ്റും ചുവന്ന കുരുക്കളും തടിപ്പുകളും പ്രത്യക്ഷപ്പെടുന്നതാണ് രോഗലക്ഷണം. പനി, ക്ഷീണം ഛർദി, സന്ധിവേദന എന്നിവയെല്ലാം ഈ രോഗ ലക്ഷണങ്ങളാണ്.
സ്വയം ചികിത്സ അപകടം; ജാഗ്രത വേണം -ഡോ. നാരായണ നായ്ക് (ജില്ല മെഡിക്കൽ ഓഫിസർ)
പനി ബാധിച്ച് സ്വയം ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്ന അവസ്ഥയാണ്. ഇത് രോഗികളെ കൂടുതൽ അപകടത്തിലേക്കാണ് നയിക്കുക. രണ്ടുദിവസം തുടർച്ചയായി പനിച്ചാൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ നിർബന്ധമായും ചികിത്സ തേടണം. ഡെങ്കിപ്പനി, എലിപ്പനി എന്നീ പരിശോധനയിലൂടെ മാത്രമേ ഇത് വ്യക്തമാകൂ. ഇത് നടത്താതെ സ്വയം ചികിത്സ നടത്തിയാൽ രോഗിയുടെ സ്ഥിതി തീർത്തും വഷളാകും.
മഴക്കാലരോഗ സാധ്യത വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ജലദോഷപ്പനി ബാധിച്ചാല്‍ വീട്ടില്‍ വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും പോഷകങ്ങള്‍ അടങ്ങിയ, എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുകയും വേണം. രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണെങ്കിലും ജില്ലയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. എല്ലാ സർക്കാർ ആശുപത്രികളിലും പനി ഒ.പികളും ആവശ്യത്തിന് മരുന്നും സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ ജാഗ്രത സംവിധാനം ജില്ലയിൽ കൃത്യമായി പാലിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.