representational image

ഹെയർ സ്‌ട്രൈറ്റനറുകൾ ഗർഭാശയ അർബുദത്തിന് സാധ്യത വർധിപ്പിക്കുമെന്ന് പഠനം

മുടി നേരെയാക്കുന്ന ഉൽപന്നങ്ങൾ (സ്‌ട്രൈറ്റനറുകൾ) ഗർഭാശയ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പുതിയ പഠനം. കെമിക്കൽ ഹെയർ സ്‌ട്രൈറ്റനിങ് ഉൽപന്നങ്ങൾ ഉപയോഗിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ഉപയോഗിക്കുന്നവർക്ക് ഗർഭാശയ അർബുദത്തിനുള്ള സാധ്യത കൂടുതലാണെന്ന് യു.എസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് (എൻ.ഐ.ഇ.എച്ച്.എസ്) കണ്ടെത്തി.

എന്നാൽ, സ്ത്രീകൾ ഉപയോഗിക്കുന്ന ഹെയർ ഡൈകൾ, ബ്ലീച്ച്, ഹൈലൈറ്റ്‌സ് തുടങ്ങിയ ഉൽപന്നങ്ങൾക്ക് ഗർഭാശയ കാൻസറുമായി ബന്ധവുമില്ലെന്നും പഠനം കണ്ടെത്തി.

''1.64 ശതമാനം സ്ത്രീകൾക്കും 70 വയസ്സാകുമ്പോഴേക്കും ഗർഭാശയ അർബുദം വരാൻ സാധ്യതയുണ്ട്. എന്നാൽ, പതിവ് ഉപയോക്താക്കൾക്ക് രോഗം വരാനുള്ള സാധ്യത 4.05 ശതമാനം വരെയാണ്", എൻ.ഐ.ഇ.എച്ച്.എസ് എൺവയൺമെന്റ് ആൻഡ് കാൻസർ എപ്പിഡെമിയോളജി ഗ്രൂപ്പിന്റെ മേധാവിയും പുതിയ പഠനത്തിന്റെ പ്രധാന രചയിതാവുമായ അലക്സാന്ദ്ര വൈറ്റ് പറഞ്ഞു. "ഈ നിരക്ക് ആശങ്കാജനകമാണ്.

അതിനാൽ ഈ വിഷയത്തെക്കുറിച്ച് അറിയേണ്ടതുണ്ട്. ഗർഭാശയ അർബുദം താരതമ്യേന അപൂർവമായ കാൻസറാണ്. പുതിയ അർബുദ കേസുകളിൽ ഏകദേശം മൂന്ന് ശതമാനവും ഗർഭാശയ അർബുദമാണ്. എന്നാൽ, സ്ത്രീകളുടെ പ്രത്യുൽപാദന അവയവത്തിലെ ഏറ്റവും സാധാരണമായ അർബുദമാണ് ഇത്.

2022ൽ 65,950 പുതിയ ഗർഭാശയ അർബുദങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പഠനങ്ങൾ പ്രകാരം അമേരിക്കയിൽ ഗർഭാശയ അർബുദത്തിന്റെ നിരക്കിൽ വൻ വർധനവാണുള്ളത്. ഇവ കറുത്ത വർഗത്തിൽപ്പെട്ട സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു'', അവർ പറഞ്ഞു.

സ്ത്രീകൾ ഉപയോഗിക്കുന്ന മുടി ഉൽപന്നങ്ങളിലെ ബ്രാൻഡുകളോ ചേരുവകളോ സംബന്ധിച്ച വിവരങ്ങൾ ഗവേഷകർ ശേഖരിച്ചിട്ടില്ല. എന്നാൽ, സ്‌ട്രൈറ്റനറുകളിൽ ഉപയോഗിച്ചിട്ടുള്ള (പാരബെൻസ്, ബിസ്‌ഫെനോൾ എ, ലോഹങ്ങൾ, ഫോർമാൽഡിഹൈഡ് പോലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം ഗർഭാശയ അർബുദ സാധ്യത വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പറയുന്നു.

മറ്റു വ്യക്തിഗത പരിചരണ ഉൽപന്നങ്ങളെ അപേക്ഷിച്ച് മുടി ഉൽപന്നങ്ങളുടെ ഉപയോഗത്തിൽ നിന്നുള്ള കെമിക്കൽ എക്സ്പോഷർ, പ്രത്യേകിച്ച് സ്‌ട്രൈറ്റനറുകൾ, തലയോട്ടിയിലൂടെ ആഗിരണം ചെയ്യപ്പെടുന്നവയായത് കൊണ്ട് ഇത് മൂലമുണ്ടാകുന്ന പൊള്ളലുകളും ക്ഷതങ്ങളും വർധിച്ചേക്കാം.

നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കഴിഞ്ഞ വർഷം സ്‌ട്രൈറ്റനറുകൾ ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്തവരിൽ ഏകദേശം 60 ശതമാനവും കറുത്ത വർഗക്കാരായിരുന്നു. സ്‌ട്രൈറ്റനർ ഉപയോഗവും ഗർഭാശയ അർബുദവും തമ്മിലുള്ള ബന്ധം വംശമനുസരിച്ച് വ്യത്യസ്‌തമാണെന്ന് പഠനം കണ്ടെത്തിയില്ലെങ്കിലും ഉപയോഗം കൂടുതലായതിനാൽ കറുത്ത വർഗക്കാരായ സ്ത്രീകൾക്ക് ആരോഗ്യപരമായ ദോഷഫലങ്ങൾ കൂടുതലാണ്.

''സ്‌ട്രൈറ്റനറുകൾ സ്ത്രീകളിൽ ഹോർമോണുമായി ബന്ധപ്പെട്ട അർബുദ സാധ്യത വർധിപ്പിക്കുമെന്ന മുൻ പഠനങ്ങളുമായി ഈ കണ്ടെത്തലുകൾ യോജിക്കുന്നു. ഞങ്ങളുടെ അറിവിൽ, സ്‌ട്രൈറ്റനർ ഉപയോഗവും ഗർഭാശയ കാൻസറും തമ്മിലുള്ള ബന്ധം പരിശോധിച്ച ആദ്യത്തെ പഠനമാണിത്," അലക്സാണ്ട്ര വൈറ്റ് പറഞ്ഞു.

"വ്യത്യസ്‌ത ജനസംഖ്യയിൽ ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിനും മുടി ഉൽപന്നങ്ങൾ ഗർഭാശയ കാൻസറിലെ ആരോഗ്യ അസമത്വങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്ന് നിർണയിക്കുന്നതിനും സ്ത്രീകളിൽ അർബുദത്തിന് സാധ്യത വർധിപ്പിക്കുന്ന പ്രത്യേക രാസവസ്തുക്കൾ തിരിച്ചറിയുന്നതിനും കൂടുതൽ ഗവേഷണം ആവശ്യമാണെന്നും വൈറ്റ് പറഞ്ഞു.

Tags:    
News Summary - Hair straighteners increase risk of uterine cancer study finds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.