പല ഹൃദ്രോഗങ്ങൾക്കും ഇന്ന് നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സാരീതികൾ സാധ്യമാണ്. ഹൃദയ ധമനികളിലെ ബ്ലോക്കുകൾ, വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ, മഹാധമനിയിൽ ഉണ്ടാകുന്ന വീക്കം ഹൃദയമിടിപ്പിലുണ്ടാകുന്ന അപകടകരമായ താളപ്പിഴകൾ മുതലായ അതിസങ്കീർണമായ ഹൃദ്രോഗങ്ങൾ ഇപ്പോൾ ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാം
മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. അതിനാൽതന്നെ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം അഗോളതലത്തിൽ മരണകാരണങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് ഹൃദ്രോഗമാണ്. നേരത്തേ തിരിച്ചറിഞ്ഞാൽ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. തെറ്റായ ജീവിതശൈലി, പ്രമേഹം, രക്‌തസമ്മർദം, അമിത കൊഴുപ്പ്, മദ്യപാനം, പുകവലി, പൊണ്ണത്തടി തുടങ്ങിയവ ഹൃദ്രോഗത്തിന് കാരണമാവാറുണ്ട്. സാങ്കേതികവിദ്യകളിലെ വളർച്ച ഹൃദ്രോഗ ചികിത്സാരംഗത്ത് സുപ്രധാനമായ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
പരമ്പരാഗതമായി ശസ്ത്രക്രിയകളിലൂടെ മാത്രം ചികിത്സിച്ചിരുന്ന പല ഹൃദ്രോഗങ്ങൾക്കും ഇന്ന് നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സാരീതികൾ സാധ്യമാണ്. ഹൃദയ ധമനികളിലെ ബ്ലോക്കുകൾ, ഹൃദയത്തിലെ വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ, മഹാധമനിയിൽ ഉണ്ടാകുന്ന വീക്കം (aortic aneurysm), ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന അപകടകരമായ താളപ്പിഴകൾ മുതലായ അതിസങ്കീർണമായ ഹൃദ്രോഗങ്ങൾക്ക് ഇന്ന് ശസ്ത്രക്രിയകൂടാതെ പുതിയ ചികിത്സ സംവിധാനങ്ങൾ നിലവിലുണ്ട്. ഹൃദ്രോഗങ്ങൾ കൂടിവരുന്ന ഈ സാഹചര്യത്തിൽ ശസ്ത്രക്രിയകളെ പേടിസ്വപ്നമായി കാണുന്നവർക്ക് ആശ്വാസപ്രദമാണ് ഇത്തരം ചികിത്സാ രീതികൾ.
1. സി.ടി.ഒ ആൻജിയോപ്ലാസ്റ്റി
കാലപ്പഴക്കമേറിയ 100 ശതമാനം ബ്ലോക്കുകളെയാണ് ക്രോണിക് ടോട്ടൽ ഒക്ക്ല്യൂഷൻ അഥവാ സി.ടി.ഒ എന്ന് പറയുന്നത്. മുമ്പ് ഇത്തരം ബ്ലോക്കുകൾക്ക് ബൈപാസ് സർജറി മാത്രമായിരുന്നു പ്രതിവിധി എങ്കിൽ ഇന്ന് സി.ടി.ഒ ആൻജിയോപ്ലാസ്റ്റി (CTO Angioplasty) വഴി ഈ ബ്ലോക്കുകൾ നീക്കാൻ സാധിക്കും.
2. റോട്ടബ്ലേഷൻ (Rotablation)
ഹൃദയ ധമനികളിൽ കാത്സ്യം അടിഞ്ഞുകൂടുന്നതിന്റെ ഫലമായി രൂപപ്പെടുന്ന കടുപ്പമേറിയ ബ്ലോക്കുകളെ സാധാരണ ആൻജിയോപ്ലാസ്റ്റിയിലൂടെ നീക്കം ചെയ്യുക അസാധ്യമാണ്. ഇങ്ങനെയുള്ള അവസ്ഥകളിൽ റോട്ടബ്ലേറ്റർ (rotablator) എന്ന ഉപകരണം ഉപയോഗിച്ച് കാത്സ്യം ഡ്രിൽ ചെയ്ത് പൊടിച്ചുകളഞ്ഞ ശേഷം ആൻജിയോപ്ലാസ്റ്റിയിലൂടെ ബ്ലോക്കുകൾ നീക്കുന്നു.
3. ഐ.വി.എൽ (IVL)
വളരെ സങ്കീർണത നിറഞ്ഞതും കാത്സ്യം അടങ്ങിയതുമായ ഉറച്ച ബ്ലോക്കുകൾക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യാൻ ഉപയോഗിക്കുന്ന മറ്റൊരു സാങ്കേതികവിദ്യയാണ് ഐ.വി.എൽ അഥവാ ഇൻട്രാവാസ്‌ക്കുലാർ ലിതോട്രിപ്സി.ഐ.വി.എൽ, ധമനികളുടെ ഭിത്തിക്കുള്ളിലെ കാത്സ്യത്തെ ഒരു തരംഗം സൃഷ്ടിച്ച് (shock waves) പൊട്ടിച്ചു കളയുകയും അതിനുശേഷം ആൻജിയോപ്ലാസ്റ്റിയിലൂടെ ബ്ലോക്ക് നീക്കാൻ സഹായിക്കുകയും ചെയ്യുന്നു
4. ത്രീഡി മാപ്പിങ് EP&RFA
ഹൃദയമിടിപ്പിലെ താളപ്പിഴകൾ കണ്ടെത്താനും രോഗനിർണയം നടത്താനുമുള്ള വിഭാഗമാണ് ഇലക്ട്രോഫിസിയോളജി (EP). ത്രീഡി മാപ്പിങ് എന്ന സംവിധാനം ഉപയോഗിച്ച് ഹൃദയത്തെ ത്രീഡിയിൽ ചിത്രീകരിക്കുകയും അതിലൂടെ ഹൃദയത്തിന്റെ ഏതു ഭാഗത്തുനിന്നാണ് താളപ്പിഴകൾ ഉത്ഭവിക്കുന്നതെന്ന് കണ്ടെത്തി അതിനെ റേഡിയോ ഫ്രീക്വൻസി (RFA) ഉപയോഗിച്ച് കരിയിച്ചുകളയുകയും ചെയ്യുന്നു.
5. ക്രയോഅബ്ലേഷൻ (Cryo Ablation)
ഹൃദയമിടിപ്പിലെ താളപ്പിഴകൾക്കുള്ള ചികിത്സയിൽവന്ന ഏറ്റവും നൂതന ചികിത്സാരീതിയാണ് ക്രയോഅബ്ലേഷൻ. പക്ഷാഘാതത്തിന് (embolic stroke)വരെ കാരണമായേക്കാവുന്ന ആട്രിയൽ ഫൈബ്രിലേഷൻ (Atrial fibrillation) എന്ന മിടിപ്പിലെ താളപ്പിഴക്ക് മുൻകാലങ്ങളിൽ മരുന്ന് മാത്രമായിരുന്നു ചികിത്സയെങ്കിൽ ഇന്ന് ഈ നൂതന ചികിത്സാരീതിയിലൂടെ ഈ രോഗത്തെ പൂർണമായും ഭേദമാക്കാൻ സാധിക്കും. മരുന്നിനെക്കാൾ ഫലപ്രദമാണ് ഈ ചികിത്സാരീതി എന്ന് സമീപകാല പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
6. ലീഡ് ലെസ് പേസ്മേക്കർ (Leadless Pacemaker)
ഹൃദയമിടിപ്പ് കുറഞ്ഞവർക്കുള്ള പേസ്മേക്കർ ചികിത്സ നമുക്ക് സുപരിചിതമാണ്. എന്നാൽ അതിൽതന്നെ ഒരുവിധ മുറിവും കൂടാതെ ഹൃദയത്തിൽ ഘടിപ്പിക്കാവുന്ന ലീഡ്‌ലെസ് പേസ്മക്കർ എന്ന പുതിയ സംവിധാനവും ഇന്ന് നിലവിലുണ്ട്. പരമ്പരാഗതമായി ഇടതു നെഞ്ചിന്റെ തൊലിയുടെ താഴെ ഒരു ചെറിയ സർജറി വഴി പോക്കറ്റ് ഉണ്ടാക്കി പേസ്മേക്കർ അതിനുള്ളിൽ വെച്ചതിനുശേഷം ലീഡുകൾ വെയിൻ വഴി ഹൃദയത്തിൽ ഘടിപ്പിക്കുകയാണ് ചെയ്യുക. എന്നാൽ ലീഡ് ലെസ് പേസ്മേക്കറിൽ കാലിലെ വെയിൻ വഴി ഒരു കാപ്സ്യൂൾ വലുപ്പമുള്ള പേസ്‌മേക്കർ ഹൃദയത്തിൽ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ശരീരത്തിൽ മുറിവുകൾ ഒന്നുമില്ലാതെ പേസ്‌മേക്കർ ഘടിപ്പിക്കാൻ സാധിക്കുന്നു.
7. എവാർ (EVAR)
മഹാധമനിയിൽ (Aorta) ഉണ്ടാവുന്ന വീക്കം അല്ലെങ്കിൽ വിള്ളലുകൾക്കുള്ള ചികിത്സാ രീതിയാണ് എവാർ (Endovascular Aortic Aneurysm Repair). കാലുകളിലെ രക്തക്കുഴലുകൾ വഴി ഒരു കവേർഡ് സ്റ്റെന്റ് (covered stent) മഹാധമനിയിലെ വീക്കമുള്ള ഭാഗത്ത് സ്ഥാപിക്കുകയാണ് ചെയ്യുക.
8. ടാവി (TAVI)
ഹൃദയത്തിലെ പ്രധാനപ്പെട്ട വാൽവുകളിൽ ഒന്നായ aortic വാൽവിന് തകരാർ സംഭവിച്ചാൽ മുമ്പ് ശസ്ത്രക്രിയ അല്ലാതെ വേറെ മാർഗങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് നമുക്ക് ടാവി എന്ന പ്രൊസീജറിലൂടെ സർജറി കൂടാതെ അയോട്ടിക് വാൽവ് മാറ്റിവെക്കാം. ഹൃദയം തുറക്കാതെ രക്തകുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (catheter) അയോട്ടിക് വാൽവ് മാറ്റുന്ന നൂതന സാങ്കേതിക വിദ്യയാണ് ടാവി.
9. മൈട്രൽ ക്ലിപ് (Mitral clip)
മൈട്രൽ വാൽവിനെ ബാധിക്കുന്ന പ്രധാന രോഗാവസ്ഥയാണ് വാൽവിൽ ഉണ്ടാകുന്ന ലീക് അഥവാ മൈട്രൽ റീഗർജിറ്റേഷൻ. മുൻകാലങ്ങളിൽ ഓപൺ ഹാർട്ട് സർജറി ആയിരുന്നു ഈ രോഗത്തിന് ചികിത്സ. എന്നാൽ മൈട്രൽ ക്ലിപ് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ സർജറി കൂടാതെ മൈട്രൽ വാൽവ് റിപ്പയർ ചെയ്യാൻ സാധിക്കുന്നു.
10. ലേസർ ആൻജിയോപ്ലാസ്റ്റി
ഹൃദയധമനിയിലെ ബ്ലോക്കുകൾക്കുള്ള അതിനൂതന ചികിത്സാരീതിയാണ് ലേസർ ആൻജിയോപ്ലാസ്റ്റി. ബ്ലോക്ക് ഉള്ള ഭാഗത്ത് ലേസർ കിരണങ്ങൾ കടത്തിവിട്ട് ബ്ലോക്കിനെ ബാഷ്പീകരിപ്പിച്ചുകളയുന്ന ചികിത്സാരീതിയാണിത്. അമിതമായി രക്തം കട്ടപിടിച്ച ബ്ലോക്കുകൾ, മുമ്പ് ആൻജിയോപ്ലാസ്റ്റി ചെയ്തിടത്ത് വീണ്ടും ബ്ലോക്ക് വരുന്ന സാഹചര്യം, കാത്സ്യം അടിഞ്ഞ ബ്ലോക്കുകൾ, ബൈപാസ് സർജറി ചെയ്ത ഗ്രാഫ്റ്റുകളിൽ വീണ്ടും ഉണ്ടാകുന്ന ബ്ലോക്കുകൾ, കാലുകളിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ മുതലായ സാഹചര്യങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു ചികിത്സാരീതി ആണ് ലേസർ ആൻജിയോപ്ലാസ്റ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.