തലസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; വിദ്യാർഥിക്കാണ് രോഗബാധ

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ വിദ്യാർഥിക്കാണ് രോഗബാധ കണ്ടെത്തിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏതാനും ദിവസം മുമ്പ് സമീപത്തെ കുളത്തിൽ മുങ്ങിക്കുളിച്ചിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ചികിത്സ തേടിയ ഘട്ടത്തിൽ ഈ വിവരം ഡോക്ടറോട് പറഞ്ഞു. തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. സാമ്പിൾ പരിശോധനയിൽ ഫലം പോസിറ്റീവായി.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. പനിയും അനുബന്ധ പ്രയാസങ്ങളുമാണുള്ളത്. കുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കി.

ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 12 ആയി. ഇതിൽ ഒരാൾ നാവായിക്കുളത്തെ 24കാരിയാണ്. ഇവരടക്കം 10 പേരും രോഗമുക്തി നേടി. ഒരാൾ മരിച്ചു. രോഗം ബാധിച്ച് മരിച്ച നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് സ്വദേശി അഖിലാണ് (27) തലസ്ഥാനത്തെ ആദ്യരോഗി.

ഇദ്ദേഹം ജൂലൈ 21നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇയാൾക്ക് എങ്ങനെ രോഗമുണ്ടായി എന്ന ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് മറ്റുള്ള അഞ്ച് പേരെ കണ്ടെത്തിയത്. ഇവരെല്ലാം പ്രദേശത്തെ കാവിൻകുളത്തിൽ കുളിച്ചവരായിരുന്നു. 

Tags:    
News Summary - Amoebic encephalitis again in Trivandrum; The student is infected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.