തലശ്ശേരി: അലർജിക്ക് സമാനമായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 20 ഓളം വിദ്യാർഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികൾക്കാണ് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
അധ്യാപകരാണ് കുട്ടികളെ ജനറൽ ആശുപത്രിയിലെത്തിച്ചത്. രാവിലെ ക്ലാസ് തുടങ്ങിയ ശേഷമാണ് ചൊറിച്ചിൽ ഉൾപ്പെടെ കുട്ടികളിൽ വ്യത്യസ്ത രീതിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 14 കുട്ടികൾ ആശുപത്രികളിൽ ചികിത്സയിലാണ്. പകർച്ചവ്യാധി കണക്കെ വിവിധ സമയങ്ങളിലായാണ് കുട്ടികളിൽ രോഗം പ്രകടമായത്.
ജനറൽ ആശുപത്രിയിൽ ഏറെ സമയം കുട്ടികളെ നിരീക്ഷണത്തിലാക്കിയെങ്കിലും രോഗ കാരണം കണ്ടെത്താനായില്ല. ചില കുട്ടികൾക്ക് ശ്വാസതടസ്സം ഉൾപ്പെടെ അനുഭവപ്പെട്ടിട്ടുണ്ട്. ഇവരിൽ നിന്നും രക്തസാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചതായി തലശ്ശേരി ജനറൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ. ജിതിൻ പറഞ്ഞു. കുട്ടികൾക്ക് തൊലിപ്പുറത്ത് തടിപ്പും ചൊറിച്ചിലുമാണ് ആദ്യം അനുഭവപ്പെട്ടു തുടങ്ങിയത്.
സ്കൂൾ അധികൃതർ പെട്ടെന്ന് തന്നെ ഇവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിശോധനക്കെത്തിച്ച വിദ്യാർഥിനികളിൽ ചിലർ അസ്വാസ്ഥ്യം കാരണം കരയുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് ഡോക്ടർ എത്തി പരിശോധിച്ച ശേഷം നിരീക്ഷണത്തിൽ കിടത്തുകയായിരുന്നു.
വൈകീട്ട് രക്ഷിതാക്കളെത്തി കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ശ്വാസതടസ്സം നേരിട്ട അഞ്ച് കുട്ടികൾ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയിൽ മൂന്ന് പേരും മഞ്ഞോടി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ നാല് പേരും ജനറൽ ആശുപത്രിയിൽ രണ്ട് പേരും ചികിത്സയിലാണ്.
രണ്ട് ദിവസം മുമ്പും ഇതേ സ്കൂളിൽ നിന്ന് രണ്ട് കുട്ടികൾ സമാന അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെത്തിയിരുന്നു. ഇവർക്ക് പിന്നീട് വലിയ പ്രയാസങ്ങളുണ്ടായിരുന്നില്ല. ആരോഗ്യ വിഭാഗം അധികൃതർ സ്കൂളിലെത്തി പരിശോധന നടത്തി. രക്തപരിശോധന ഫലം വന്നാൽ മാത്രമേ രോഗ കാരണം സ്ഥിരീകരിക്കാനാവുകയുള്ളൂ. തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച ശുചീകരണവും ഫോഗിങ്ങും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.