തളിപ്പറമ്പ്: ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും മാങ്ങാട്ട്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ആരോഗ്യ മന്ത്രി വീണ ജോർജ് സന്ദര്‍ശിച്ചു. ലക്ഷ്യ ബ്ലോക്കിന്റെ നിർമാണ പ്രവൃത്തികൾ എത്രയുംവേഗം പൂര്‍ത്തികരിച്ച് നവംബര്‍ മൂന്നാംവാരത്തോടെ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്കി. ഓപറേഷന് തീയേറ്ററിന്റെ പ്രവൃത്തി ഉടന്‍ തന്നെ ആരംഭിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി ഉറപ്പ് നല്കി.
അമ്മക്കും കുഞ്ഞിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ലക്ഷ്യ ബ്ലോക്ക് ആരംഭിക്കുന്നത്. 2.10 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. ഒരു മേജര്‍ ഒ.ടി, മൈനര്‍ ഒ.ടി, ലേബര്‍ റൂം, അതിനുള്ള എച്ച്.ഡി.യു സംവിധാനം, വാര്‍ഡുകള്‍ തുടങ്ങിയവയാണുള്ളത്. സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സപ്ലൈ സംവിധാനവും ഈ കെട്ടിടത്തിലുണ്ടാകും. ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തിലുള്‍പ്പെടെ ഒഴിവുള്ള തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കും. തളിപ്പറമ്പ് നഗരസഭ അധ്യക്ഷ മുര്‍ഷിദ കൊങ്ങായി, വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.ടി. രേഖ, ലേ-സെക്രട്ടറി വി.എസ്. ഹേന, നഴ്സിംഗ് സൂപ്രണ്ട് എം.സി. മേരിക്കുട്ടി, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
മാങ്ങാട്ട്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിയ മന്ത്രി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. നിര്‍മാണം പൂര്‍ത്തിയായ പേ വാര്‍ഡ്, അത്യാഹിത വിഭാഗം, വാര്‍ഡുകള്‍, ലാബുകള്‍ തുടങ്ങിയവ മന്ത്രി സന്ദര്‍ശിച്ചു. ആന്തൂര്‍ നഗരസഭ ചെയര്മാന് പി. മുകുന്ദന്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് കുഞ്ഞി, സൂപ്രണ്ട് ഡോ. എം.കെ. ഷാജ്, നേഴ്സിങ് സൂപ്രണ്ട് പി. ശാന്ത, പി.ആര്.ഒ കെ. സബിത, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ഇരിക്കൂർ: ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. നബാർഡിൽ നിന്നും അനുവദിച്ച 11.30 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവൃത്തികളുടെ അനിശ്ചിതത്വം അവസാനിപ്പിച്ച് ഫണ്ട് പൂർണമായും വിനിയോഗപ്പെടുത്തി പ്രവർത്തി ഉടൻ ആരംഭിക്കണമെന്ന് എം.എൽ.എ സജീവ് ജോസഫ് ആവശ്യപ്പെട്ടു.
ആശുപത്രി കെട്ടിടം സംബന്ധിച്ച വിഷയം ചർച്ചചെയ്യുന്നതിനായി തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ ആരോഗ്യ വകുപ്പുമായി യോജിച്ച് 26 ന് ഉന്നതതല യോഗം ചേരുമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ്, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി. നസിയത്ത്, ഡയറക്ടർ ഓഫ് ഹെൽത്ത് സർവിസ് ഡോ. കെ.ജെ റീന,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.വി.എൻ. യാസറ, എം.പി. പ്രസന്ന, ഇരിക്കൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൻ ടി.പി. ഫാത്തിമ, പഞ്ചായത്തംഗങ്ങളായ കെ.ടി. അനസ്, ബി.പി. നലീഫ, സി.കെ. മുഹമ്മദ് മാസ്റ്റർ, പി.കെ. ഷംസുദ്ദീൻ, സി.വി. ഫൈസൽ, എം. ബാബുരാജ് എന്നിവർ സംബന്ധിച്ചു.
ഇരിട്ടി: അനസ്തേഷ്യ വിഭാഗത്തിൽ ഡോക്ടർ നിയമനം ഉടൻ നടത്തി ഇരിട്ടി താലൂക്കാശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടത്താൻ സംവിധാനമൊരുക്കുമെന്ന് മന്ത്രി വീണ ജോർജ്. ആർദ്രം പദ്ധതിയിൽ പ്രഖ്യാപിച്ച 64 കോടിയുടെ ആറ് നില ആശുപത്രി കെട്ടിട നിർമാണം റീടെൻഡർ ഘട്ടത്തിലാണ്. സംശയകരമല്ലാത്ത കേസുകളിൽ മൃതദേഹ പോസ്റ്റ്മോർട്ടം താലൂക്കാശുപത്രികളിൽ നടത്താമെന്ന് വ്യവസ്ഥയുണ്ട്.
അതനുസരിച്ച് ഇരിട്ടി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം സൗകര്യം ഒരുക്കാവുന്ന കാര്യവും പരിഗണിക്കും. താലൂക്കാശുപത്രിയിൽ സ്ഥല സൗകര്യം അനുവദിക്കുന്ന മുറക്ക് കാരുണ്യ ഫാർമസിയും അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
രോഗികളോട് ചികിൽസാ സൗകര്യങ്ങളെക്കുറിച്ച് ആരാഞ്ഞ ശേഷമാണ് മന്ത്രി മടങ്ങിയത്. സണ്ണിജോസഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, നഗരസഭാ ചെയർമാൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സംസ്ഥാന ഹെൽത്ത് ഡയറക്ടർ കെ.ജെ. റീന, അഡീഷനൽ ഡയറക്ടർ വിദ്യ, ഡി.എം.ഒ എം.പി. ജീജ, ബി.പി.എം കെ.പി. അനിൽകുമാർ, അസി. കലക്ടർ അനൂപ് ഗാർഗ്, ഡെപ്യൂട്ടി ഡി.എം.ഒ ഗ്രിഫിൻ സുരേന്ദ്രൻ, താലൂക്കാശുപത്രി സൂപ്രണ്ട് കെ. രാജേഷ്, ഹെൽത്ത് സൂപ്രവൈസർ അഗസ്റ്റിൻ, പി.ആർ.ഒ രേഷ്മ, സജീവൻ, കെ. സോയ, എ.കെ. രവീന്ദ്രൻ, കെ. നന്ദനൻ, കെ.വി. സക്കീർഹുസൈൻ, അജയൻ പായം, ബി.കെ. കാദർ, വില്ലേജ് ഓഫിസർ ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.