തിരുവനന്തപുരം: 30 വയസ്സില്‍ താഴെയുള്ളവരില്‍ പുകവലി, മദ്യപാനം, പൊണ്ണത്തടി മുതലായവ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നതായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിെൻറ പഠന റിപ്പോര്‍ട്ട്. പുകവലി, രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, മദ്യപാനം, പൊണ്ണത്തടി, പ്രമേഹം എന്നിവ 30 വയസ്സില്‍ താഴെയുള്ളവരില്‍ ഹൃദ്രോഗത്തിന് കാരണമാകുന്നതായി കണ്ടെത്തി. 1978 മുതല്‍ 2017 വരെ ശ്രീചിത്രയിൽ ഹൃദ്രോഗ ലക്ഷണങ്ങളുമായെത്തി ആന്‍ജിയോഗ്രാമിന് വിധേയരായ 159 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ 92 ശതമാനവും പുരുഷന്മാരാണ്.
30 വയസ്സിന് താഴെ ഹൃദ്രോഗികളില്‍ 64 ശതമാനവും പുകവലിക്കാർ. ഉയര്‍ന്ന കൊളസ്ട്രോള്‍ 88 ശതമാനത്തിന്. മദ്യപാനശീലം 21 ശതമാനം പേര്‍ക്ക്. പഠനത്തില്‍ പങ്കെടുത്ത 82 ശതമാനം പേര്‍ക്കും തീവ്രമായ ഹൃദയാഘാത ലക്ഷണങ്ങള്‍. നാല് ശതമാനം പേര്‍ക്ക് മാത്രമേ പ്രമേഹം ഉണ്ടായിരുന്നുള്ളൂ. ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായ ഏറ്റവും പ്രായംകുറഞ്ഞ രോഗി 15 വയസ്സുകാരൻ.
രോഗലക്ഷണം പ്രത്യക്ഷപ്പെട്ട് ആന്‍ജിയോഗ്രാം ചെയ്തതിനുശേഷവും രോഗികളില്‍ 34 ശതമാനം പുകവലി തുടര്‍ന്നു. മദ്യപാനം ഉപേക്ഷിക്കാതിരുന്നവര്‍ 17 ശതമാനം. പകുതിയിലധികം പേർക്കും വ്യായാമമില്ല. 79 ശതമാനം പേരും ആവശ്യത്തിന് പഴവും പച്ചക്കറികളും കഴിച്ചിരുന്നില്ല. ഇവരില്‍ 41 ശതമാനം പേര് കൃത്യമായി മരുന്ന് കഴിച്ചിരുന്നില്ല. 5, 10, 15, 20 വര്‍ഷങ്ങളില്‍ രോഗത്തെ അതിജീവിച്ചവരുടെ നിരക്ക് യഥാക്രമം 84, 70, 58, 52 ശതമാനമാണ്.
30 വയസ്സില്‍ താഴെ ഹൃദ്രോഗബാധിതരാകുന്നവരില് 30 ശതമാനം 10 വര്‍ഷത്തിലും 48 ശതമാനം 20 വര്‍ഷത്തിലും മരിക്കുന്നു. കൃത്യസമയത്ത് ചികിത്സ തേടാത്തതാണ് മരണത്തിലെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.