ദിവസവും കുറച്ചുനേരം നടക്കുന്നത് വിഷാദത്തെ ചെറുക്കുമെന്ന് പഠനം

വിഷാദം ഇന്ന് ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്. വിഷാദത്തിനുള്ള ചികിത്സകൾ ഒരു വ്യക്തി അനുഭവിക്കുന്ന വിഷാദത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആന്റിഡിപ്രസന്റുകൾ, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പോലുള്ള സൈക്കോതെറാപ്പി, തെറാപ്പിയും മരുന്നുകളും എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പലർക്കും ഇത് ഫലപ്രദമാകാറുമുണ്ട്. എന്നാൽ, ചികിത്സ നിർത്തിയാൽ വിഷാദരോഗം തിരിച്ചുവരുന്നതാണ് പല സന്ദർഭങ്ങളിലും കാണാറുള്ളത്.

ജീവിതശൈലിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കാൻ കഴിയുമെന്നത് തെളിയിക്കുന്ന പഠന റിപ്പോർട്ടുകൾ ഏതാനും വർഷങ്ങളായി പുറത്തുവരുന്നുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം വിഷാദരോഗ സാധ്യത കുറയ്ക്കുന്നതായി 2014ൽ ഈ രംഗത്തെ ഗവേഷകർ നിഗമനത്തിലെത്തിയിരുന്നു. 21 പഠന റിപ്പോർട്ടുകൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയിരുന്നത്.

കഴിഞ്ഞ വർഷം നടന്ന ഒരു വിശകലനത്തിൽ, വ്യായാമം വിഷാദരോഗ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതായി കണ്ടെത്തിയിരുന്നു. വിഷാദരോഗത്തെ നല്ല രീതിയിൽ സ്വാധീനിക്കാൻ എത്രമാത്രം വ്യായാമം ആവശ്യമാണെന്ന് പല പഠനങ്ങളും പരിശോധിച്ചിട്ടുണ്ട്. 50 വയസും അതിൽ കൂടുതലും പ്രായമായവരിൽ ചെറിയ അളവിലുള്ള വ്യായാമം പോലും വിഷാദം കുറയ്ക്കുമെന്നാണ് 10 വർഷത്തെ പഠനം കണ്ടെത്തിയിരിക്കുന്നത്.

ആഴ്‌ചയിൽ 5 തവണ 20 മിനിറ്റ് നേരത്തെ നടത്തം വിഷാദരോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അയർലൻഡിലെ ഹെൽത്ത് റിസർച്ച് ബോർഡിന്‍റെ ധനസഹായത്തോടെ നടത്തിയ പഠനം ജമാ നെറ്റ്‌വർക്ക് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരുപത് മിനിറ്റ് ഏറ്റവും കുറഞ്ഞതാണെന്നും സമയം കൂട്ടുന്നതിനനുസരിച്ച് മാനസികാരോഗ്യ ഗുണങ്ങൾ വർദ്ധിക്കുമെന്ന് നിരീക്ഷിച്ചതായും ഡോ. ഈമൺ ലൈർഡ് പറഞ്ഞു.

വ്യായാമം ശരീരത്തിലുണ്ടാക്കുന്ന പോസിറ്റീവ് ഇഫക്റ്റുകൾ സ്വാഭാവികമായും മാനസികാവസ്ഥ മെച്ചപ്പെടുത്തും. ദിനചര്യ നിയന്ത്രിക്കാനും കൂടുതൽ സാമൂഹിക സമ്പർക്കമുണ്ടാക്കാനും ഇത് പരോക്ഷമായ സ്വാധീനം ചെലുത്തും, ഇത് വിഷാദം കുറക്കാനുള്ള ശ്രമത്തിൽ വളരെ പ്രധാനമാണ് -ഡോ. മക്‌ലാരൻ പറഞ്ഞു.

Tags:    
News Summary - Just a short walk each day could reduce depression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.