തിരുവനന്തപുരം: കോവിഡ് ചികിത്സയിലുള്ള രോഗിക്ക് അടിയന്തര ജീവൻരക്ഷ മരുന്നുകൾ നൽകാൻ ഇനി ബന്ധുക്കളുടെ നേരിട്ടുള്ള അനുവാദം കാത്തുനിൽക്കേണ്ട. ബന്ധുക്കളോട് ഫോണിൽ വിളിച്ച് അനുവാദം ചോദിച്ച് ചികിത്സ നൽകാം. പുതുക്കിയ ചികിത്സ പ്രോട്ടോകോളിലാണ് പുതിയ നിർദേശങ്ങൾ. വീട്ടിൽ ചികിത്സയിലുള്ള കോവിഡ് രോഗിക്കാവശ്യമെങ്കിൽ വീട്ടിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കും. മിതമായ അധ്വാനത്തിലുണ്ടാകുന്ന ശ്വാസതടസ്സം ഗൗരവത്തോടെ കാണണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
ഐ.സി.എം.ആർ മാനദണ്ഡ പ്രകാരമാണ് സംസ്ഥാനവും ചികിത്സ പ്രോട്ടോകോൾ പരിഷ്കരിച്ചത്. എ, ബി കാറ്റഗറിയിലുള്‍പ്പെടുന്നവരെ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻററുകളിലേക്കും സി- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവരെ കോവിഡ് ആശുപത്രികളിലും പ്രവേശിപ്പിക്കും. ഗുരുതര ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവരാണ് സി കാറ്റഗറിയിൽ ഉൾപ്പെടുന്നത്. സി വിഭാഗം തന്നെ ലഘു, തീവ്രം എന്നീ രീതിയിലും വേർതിരിച്ചിട്ടുണ്ട്. മിതമായി അധ്വാനിക്കുമ്പോഴോ അല്ലെങ്കില്‍ സാധാരണ നടക്കുമ്പോഴോ കോവിഡ് ബാധിതര്‍ക്ക് സംഭാവിക്കാവുന്ന ശ്വാസതടസ്സം പുതിയ പ്രോട്ടോകോൾ നിശ്ചയിക്കാൻ അടിസ്ഥാനമാക്കിയിട്ടുണ്ട്.
വീട്ടിൽ ചികിത്സ നിർദേശിക്കുന്ന രോഗലക്ഷണങ്ങളില്ലാത്ത രോഗികൾക്ക് ത്രിതല മോണിറ്ററിങ് സംവിധാനമാണ് ഏര്‍പ്പെടുത്തുക. ആവശ്യമെങ്കിൽ വീട്ടിലെത്തി പരിശോധിക്കാൻ ഡോക്ടറുടെ സേവനവും ഏർപ്പെടുത്തും. ഫാവിപിരാവിർ, റംഡെസിവർ, ടോസ്ലിസുമാബ് അടക്കമുള്ള മരുന്നുകളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.