വെള്ളമുണ്ട ( വയനാട് ) : 400 ഓളം കിടപ്പുരോഗികൾക്ക് ആശ്വാസം പകർന്ന് വയനാട് വെള്ളമുണ്ട പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ. ആശുപത്രികളുടെ പ്രവർത്തനം പോലും നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടിയ സമയത്തും പാലിയേറ്റിവ് കെയർ സേവനത്തിന് തടസമുണ്ടായില്ല. ക്ലസ്റ്ററുകൾ രൂപപ്പെട്ട് റോഡുകൾ അടച്ചുപൂട്ടിയ സ്ഥലങ്ങളിലടക്കം കോവിഡ് മാനദണ്ഡം തെറ്റിക്കാതെ കടന്നുചെന്ന പ്രവർത്തകരെ പാലിയേറ്റിവ് കെയർ ദിനത്തിൽ നാട് നെഞ്ചോടുചേർക്കുകയാണ്.
അർബുദം, എയ്ഡ്സ് തുടങ്ങിയ മാരക രോഗങ്ങൾ, പക്ഷാഘാതം, നട്ടെല്ലിന് പറ്റിയ ബീഡി രോഗം, വൃക്കസംബന്ധമായ തകരാറുകൾ തുടങ്ങിയ മാനസികവും ശാരീരികവും സാമ്പത്തികവുമായ വിഷമതകൾ അനുഭവിക്കുന്ന ധാരാളം പേരുള്ള വെള്ളമുണ്ടയിൽ സാന്ത്വനമായി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ രൂപം കൊള്ളുന്നത് 2002ലാണ്. 2008ൽ ക്ലിനിക് തുടങ്ങി. പിന്നീട് ഒ.പി സേവനം, ഫിസിയോ തെറപ്പി, മാനസികരോഗ വിഭാഗം, ഡയാലിസിസ് സെന്റർ തുടങ്ങിയ വിവിധ ശാഖകളായി വളരുകയായിരുന്നു. സാമൂഹിക പങ്കാളിത്തത്തോടെയാണ് പ്രവർത്തനം.
യൂനിറ്റിന് കീഴിലുള്ള ക്ലിനിക്കിൽ എല്ലാ ചൊവ്വാഴ്ചയും പുതുതായി എത്തുന്ന രോഗികളുടെ പേര് രജിസ്റ്റർ ചെയ്യും. രാവിലെ 10 മുതൽ ഉച്ച രണ്ടുവരെയാണ് പ്രവർത്തന സമയം. രോഗികളുടെ ശാരീരിക, മാനസിക, സാമൂഹിക സാമ്പത്തിക, ആത്മീയ പ്രശ്നങ്ങൾ മനസ്സിലാക്കിയാണ് ചികിത്സയും മറ്റും നൽകുന്നത്. ക്ലിനിക്കിലെത്തുന്ന രോഗികൾക്കും പരിചാരകർക്കും ലഘുഭക്ഷണവുമുണ്ട്.
എല്ലാ വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലുമാണ് നഴ്സും പരിശീലനം ലഭിച്ച വളന്റിയർമാരും രോഗികളെ വീടുകളിൽ എത്തി പരിചരണം നൽകുന്നത് വരുന്നു. എല്ലാ തരം പരിചരണവും ശുശ്രൂഷയും ഉറപ്പാക്കുകയും ചെയ്യും. അർബുദരോഗികൾക്കും കിടപ്പിലായ രോഗികൾക്കും അവരുടെ പരിചാരകർക്കും സർക്കാറിൽനിന്നും സർക്കാറിതര സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിനാവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.