കുവൈത്ത് സിറ്റി: മാർബർഗ് വൈറസ് രോഗവ്യാപനത്തെ തുടർന്ന് താൻസനിയ, ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നത് ഒഴിവാക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഗൾഫ് സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് നടപടി. രോഗ നിയന്ത്രണത്തെക്കുറിച്ചുള്ള പ്രഖ്യാപനം വരുന്നതുവരെ ഈ രണ്ടു രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.
രണ്ടു രാജ്യങ്ങളിലെയും അയൽരാജ്യങ്ങളിലെയും കുവൈത്ത് പൗരന്മാരോട് പ്രാദേശിക ആരോഗ്യ അധികാരികൾ പ്രഖ്യാപിച്ച പ്രതിരോധ നടപടികൾ പാലിക്കാനും അണുബാധ പകരാനുള്ള സാധ്യത കുറക്കുന്നതിന് ആവശ്യമായ പ്രതിരോധനടപടികൾ സ്വീകരിക്കാനും മന്ത്രാലയം ശിപാർശ ചെയ്തു.
താൻസനിയ, ഗിനി എന്നിവിടങ്ങളിലെ ആരോഗ്യ സ്ഥിതിയും മറ്റു രാജ്യങ്ങളിലെ രോഗത്തിന്റെ പകർച്ചാസാധ്യതകളും തുടർനടപടികളും പ്രാദേശിക മന്ത്രാലയം നിരീക്ഷിച്ചുവരുന്നതായും അറിയിച്ചു. വിഷയത്തിൽ സമയബന്ധിതമായി ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗം പിടിപെടുന്നവരിൽ 60 മുതൽ 80 ശതമാനം പേർക്കുവരെ മരണം സംഭവിക്കാൻ സാധ്യതയുള്ള മാർബർഗ് എബോള ഉൾപ്പെടുന്ന ഫിലോവൈറസ് കുടുംബത്തിലെ അംഗമാണ്. വവ്വാലിൽനിന്നാണു മനുഷ്യരിലേക്ക് രോഗം പകരുന്നത്. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീരദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടർന്നുപിടിക്കും. 1967ൽ ജർമനിയിലെ മാർബർഗ് പട്ടണത്തിൽ വൈറസ് ബാധ ആദ്യം കണ്ടെത്തിയതിനാലാണ് ഈ പേര് ലഭിച്ചത്.
വൈറസ് ശരീരത്തിലെത്തി മൂന്നു മുതല്‍ ഒമ്പതു ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകുന്നത്. മലമ്പനി, മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് ആദ്യമുണ്ടാകുന്നതെന്നതിനാല്‍ മാര്‍ബര്‍ഗ് രോഗം പ്രാഥമിക അവസ്ഥയില്‍ കണ്ടെത്താനാകുന്നില്ല. മുമ്പ് രോഗബാധയുണ്ടായ ഇടങ്ങളിൽ 24 മുതൽ 88 ശതമാനം വരെയാണ് മരണനിരക്ക്. ദക്ഷിണാഫ്രിക്ക, കെനിയ, യുഗാണ്ട, കോംഗോ എന്നിവിടങ്ങളിൽ നേരത്തേ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.