ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. രോഗബാധിതനായ യുവാവ് ഡൽഹിയിൽ ചികിത്സയിലാണ്. അതേസമയം, ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്.
എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി ആശുപത്രിയിൽ സമ്പർക്കവിലക്കിലാണെന്നും ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2022 ജൂലൈക്ക് ശേഷം ഒറ്റപ്പെട്ട 30 എംപോക്സ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പുതിയ കേസ് സമാനമായതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സൂചനകളൊന്നും നിലവിലെ എംപോക്സ് കേസിന് ഇല്ലെന്നും ആരോഗ്യ പ്രോട്ടോക്കോൾ അനുസരിച്ചുള്ള കോൺടാക്ട് ട്രേസിങ്, നിരീക്ഷണം, പൊതുജന ബോധവത്കരണം മുതലായ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.
എംപോക്സ് രോഗം 116 രാജ്യങ്ങളിൽ പടർന്നുകഴിഞ്ഞതായാണ് റിപ്പോർട്ട്. ഇതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് രോഗത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
1958-ൽ ഡെന്മാർക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരിൽ ആദ്യമായി എംപോക്സ് രോഗം റിപ്പോർട്ട് ചെയ്തത് 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസ്സുകാരനിലാണ്. 2022 മുതൽ മങ്കി പോക്സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്.
രോഗം ബാധിച്ച മൃഗങ്ങൾ, രോഗിയുടെ ശരീരസ്രവങ്ങൾ, മലിനമായ വസ്തുക്കൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. മിക്ക ആളുകളും നേരിയ ലക്ഷണങ്ങളാണ് കാണാറ്. എന്നാൽ ചിലർക്ക് വൈദ്യസഹായം ആവശ്യമായ ഗുരുതര സ്വഭാവത്തിലേക്ക് മാറാറുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.