കോഴിക്കോട് നിപ സ്ഥിരീകരിച്ചു; പനിബാധിച്ച് മരിച്ച രണ്ട് പേർക്കും രോഗബാധയെന്ന് കേന്ദ്രമന്ത്രി

കോഴിക്കോട്: ജില്ലയിൽ രണ്ട് പേർക്ക് നിപ ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് നിപ വൈറസ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണെന്നും സംസ്ഥാന ആരോഗ്യമന്ത്രിയുമായി സംസാരിച്ചെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

നിപ പ്രതിരോധത്തിനായി കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാല് പേരുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. നിപ പ്രതിരോധ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാറും മുന്നോട്ട് പോവുകയാണ്. ഇവരുമായി സമ്പർക്കമുണ്ടായ വ്യക്തികളുടെ പട്ടിക തയാറാക്കി. 75 പേരുടെ സമ്പർക്ക പട്ടികയാണ് തയാറാക്കിയത്.

സാഹചര്യം വിശകലനം ചെയ്യാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കോഴിക്കോട് കലക്ടറേറ്റിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ നേതൃത്വത്തിൽ യോഗം ചേരുകയും ചെയ്തിരുന്നു.മരിച്ചവരുടെ ബന്ധുക്കളായ നാല് പേരാണ് നിലവിൽ പനി ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ വെന്‍റിലേറ്ററിലുള്ള ഒമ്പതു വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്. പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്. മറ്റാരുടെയും നില ഗുരുതരമല്ല.

ആഗസ്റ്റ് 30നും സെപ്റ്റംബർ 11നുമായാണ് രണ്ട് പേർ അസ്വാഭാവിക പനി ബാധിച്ച് കോഴിക്കോട്ടെ ആശുപത്രിയിൽ മരിച്ചത്. ആദ്യം മരിച്ചയാളുടെ ബന്ധുക്കൾക്ക് കൂടി പനി ബാധിച്ചതോടെയാണ് നിപയാണോയെന്ന സംശയം ഉയർന്നത്. തുടർന്ന് സാമ്പിളുകൾ വിശദപരിശോധനക്കായി പൂണെയിലെ വൈറോളജി ലാഭിലേക്ക് അയക്കുകയായിരുന്നു.

Tags:    
News Summary - Nipah confirmed in Kozhikode; Both the dead who had fever were infected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.