ദുബൈ: ആരോഗ്യ സംരക്ഷണ രംഗത്ത് ഏറ്റവും നൂതന സാങ്കേതികവിദ്യയായ 'മെറ്റാവേഴ്സ്' ഉപയോഗിക്കുന്ന പദ്ധതികളുമായി മലയാളി നേതൃത്വം നൽകുന്ന സ്ഥാപനം. 'ലിമോവേഴ്സ്' എന്ന കമ്പനി പ്രതിനിധികളാണ് ആരോഗ്യ, സൗഖ്യ മേഖലയിൽ മെറ്റാവേഴ്സ് ഉപയോഗപ്പെടുത്തുന്ന പ്രഖ്യാപനം നടത്തിയത്. ഈ മാസം 28ന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കുന്ന ദുബൈ ആക്ടിവ് ഷോയിൽ ലിമോവേഴ്സ് രണ്ട് പദ്ധതികൾ അവതരിപ്പിക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വെർച്വൽ റിയാലിറ്റി, എക്സ്റ്റൻഡഡ് റിയാലിറ്റി സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇന്റർനെറ്റ് ആശയവിനിമയം കൂടുതൽ അനുഭവവേദ്യമാക്കുന്ന സാങ്കേതിക സൗകര്യമാണ് മെറ്റാവേഴ്സ്. ഉപഭോക്താക്കൾക്ക് മെറ്റാവേഴ്സിൽ തയാറാക്കുന്ന ക്ലിനിക്കുകൾ സന്ദർശിക്കാനും ആരോഗ്യ വിദഗ്ധർ, പരിശീലകർ എന്നിവരുമായി സംവദിക്കാനും പരിശീലന പരിപാടികളിൽ പങ്കെടുക്കാനും സാധിക്കുന്ന പാർട്ണർവേഴ്സാണ് ദുബൈ ആക്ടിവ് ഷോയിൽ അവതരിപ്പിക്കുന്ന ഒരു പദ്ധതി. ഇതിൽ ലിമോവാലി എന്ന പേരിൽ വിവിധ പശ്ചാത്തലങ്ങളിലുള്ള ക്ലിനിക്ക്, വ്യായാമം നടത്താനുള്ള സ്ഥലം എന്നിവ തയാറാക്കാനാകും. സ്വന്തം ശരീരത്തിന്റെ ഡിജിറ്റൽ രൂപമായ അവതാർ വഴി ഇത്തരം സ്ഥലങ്ങളിലെത്തി ചികിത്സ തേടിയതിന്റെയും വ്യായാമം നടത്തിയതിന്റെയും അനുഭവം ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് ലിമോവേഴ്സ് സ്ഥാപകൻ സജീവ് നായർ പറഞ്ഞു.
വ്യായാമം ചെയ്യുന്നവർക്ക് പണം സമ്പാദിക്കാൻ കഴിയുന്ന 'ഹെൽത്ത്ഫൈ' എന്ന സംവിധാനവും കമ്പനി ദുബൈ ആക്ടിവിൽ അവതരിപ്പിക്കും. ലിമോവേഴ്സ് ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത് വ്യായാമം ചെയ്യുന്നവർക്ക് പണമാക്കി മാറ്റാവുന്ന ലിമോ ടോക്കൻ സമ്മാനമായി നൽകുന്നതാണ് ഹെൽത്ത്ഫൈ എന്ന പദ്ധതി. ഇതടക്കം ആരോഗ്യ, സൗഖ്യ മേഖലയിലെ അഞ്ച് മെറ്റാവേഴ്സ് പദ്ധതികൾ സ്ഥാപനത്തിനുണ്ട്. ദുബൈ ആസ്ഥാനമായ സ്ഥാപനത്തിന്റെ സാങ്കേതികവിദ്യാ വികസന, ഗവേഷണ പ്രവർത്തനങ്ങൾ കേരളത്തിലെ ടെക്നോപാർക്ക് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തരം സാങ്കേതിക വിദ്യ കൂടുതലായി പ്രയോജനപ്പെടുത്തുന്നതെന്നും സജീവ് നായർ പറഞ്ഞു. ലിമോവേഴ്സ് 'മെന' മേഖല ഡയറക്ടർ ഹാഷിർ നജീബ്, ദിവിവോത് ചൗഹാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.