തിരുവനന്തപുരം: ഒമിക്രോൺ ഭീഷണി ഉയർന്ന സാഹചര്യത്തിൽ അതിജാഗ്രതാ നടപടികളിലേക്ക് കടന്ന് ആരോഗ്യവകുപ്പ്. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. ആർ.ടി.പി.സി.ആർ പരിശോധന വർധിപ്പിക്കാനും ജനിതകശ്രേണീകരണം കൂട്ടി ഒമിക്രോൺ സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താനും നിർദേശം നൽകി. വൈറസിന്റെ ജനിതക ഘടനയിൽ ഏതൊക്കെ പ്രോട്ടീനുകൾ ഉണ്ടെന്നും അത് അടിസ്ഥാനപ്പെടുത്തി വൈറസിന്റെ സ്വഭാവം കണ്ടെത്തുകയുമാണ് ജനിതക ശ്രേണീകരണം (ജിനോമിക് ഫ്രീക്വൻസി) വഴി ചെയ്യുക. സാഹചര്യം ചർച്ച ചെയ്യാൻ വിദഗ്ധസമിതി തിങ്കളാഴ്ച യോഗം ചേരും. എല്ലാവരും മാസ്ക്, സാനിറ്റൈസര്‍ ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും നിർദേശിച്ചിട്ടുണ്ട്. പുതിയ വകഭേദം കോവിഡ് ബാധിത രാജ്യങ്ങളിൽ ഉണ്ടാകാമെന്നും തുടർച്ചയായ ജനിതക ശ്രേണീകരണം ദക്ഷിണാഫ്രിക്കയിൽ നടന്നതിനാലാണ് അവിടെ ആദ്യം സ്ഥിരീകരിക്കാനായതെന്നും ആരോഗ്യ വിദഗ്ധൻ ഡോ. രാജീവ് ജയദേവൻ ചൂണ്ടിക്കാട്ടി.
കേരളത്തിലും ജനിതക ശ്രേണീകരണം വർധിപ്പിക്കാൻ നടപടി ആരംഭിച്ചു. ഇപ്പോൾ നൽകിവരുന്ന വാക്സിനുകളെ അതിജീവിക്കാൻ വകഭേദത്തിന് കഴിവുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ നിഗമനത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് കോവിഡ് വിദഗ്ധസമിതി അംഗം ഡോ. ബി. ഇക്ബാൽ പറയുന്നത്. എങ്കിലും വാക്സിനേഷന് തെന്നയാണ് പ്രധാന ഉൗന്നൽ. രണ്ടാംഡോസ് എല്ലാവരിലും എത്തിക്കാനുള്ള നടപടികൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ആദ്യ ഡോസ് 96 ശതമാനം പൂർത്തിയായിട്ടുണ്ട്. രണ്ടാം ഡോസ് 63 ശതമാനവും. എന്നാൽ ഇപ്പോൾ വാക്സിനേഷൻ മെെല്ലപ്പോക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.