കാസർകോട്: പ്രസവാനന്തരം നാലിലൊന്ന് സ്ത്രീകൾക്കും വിഷാദരോഗമെന്ന് പഠനം. കാസർകോട് ജില്ലയിലെ 220ഓളം അമ്മമാരില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം. 220 അമ്മമാരിൽ 55 പേര്‍ക്ക് (24.6 ശതമാനം) പ്രസവാനന്തര വിഷാദരോഗമുണ്ട്. കേരള കേന്ദ്ര സർവകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിന് പഠന വിഭാഗത്തിലെ ഡോ. ജയലക്ഷ്മി രാജീവിന്റെ മേല്‍നോട്ടത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാർഥിനി വിസ്മയ രാജ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
പ്രസവാനന്തര വിഷാദരോഗത്തിന്റെ വ്യാപനവും ബാധിക്കുന്ന ഘടകങ്ങളും കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. ലോകാരോഗ്യ സംഘടന ഏഴില്‍ ഒരാള്‍ക്കാണ് പ്രസവാനന്തര വിഷാദരോഗമുള്ളതായി പറയുന്നത്. എല്ലാ സ്ത്രീകളും പ്രസവശേഷം സന്തോഷവതികളാവുന്നില്ല.
പ്രസവശേഷമുള്ള ഹോര്‍മോണുകളിലെ വ്യതിയാനം, പ്രസവത്തിലെ സങ്കീര്‍ണതകള്‍, മാനസിക ഘടകങ്ങള്‍ എന്നിവയാണ് കാരണം.
സ്ത്രീകളുടെ വിദ്യാഭ്യാസം, ഭര്‍ത്താവിന്റെ തൊഴില്‍ തുടങ്ങിയ ഘടകങ്ങള്‍ പ്രസവാനന്തര വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നതായും കണ്ടെത്തി. ഗര്‍ഭധാരണം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചുള്ള അമ്മമാരുടെ തീരുമാനങ്ങള്‍, ഗര്‍ഭകാലത്തെ ആശങ്കകള്‍, പ്രസവത്തിനു ശേഷമുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയും കാരണമാകുന്നു.
അമ്മമാര്‍ക്കിടയില്‍ പ്രസവാനന്തര വിഷാദരോഗം സംബന്ധിച്ച് നടത്തിയ ആദ്യത്തെ പഠനമാണിതെന്ന് കമ്യൂണിറ്റി വിഭാഗം അധികൃതർ അവകാശപ്പെട്ടു. വിഷാദരോഗം കണ്ടെത്തിയ ഭൂരിഭാഗം സ്ത്രീകളും ഇത് മനസ്സിലാക്കുകയോ ആരോഗ്യ സേവനം തേടുകയോ ചെയ്തിട്ടില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.