എലിപ്പനി: എങ്ങനെ പടരുന്നു?, ഏറെ കരുതൽ വേണം

പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതയും നിരീക്ഷണവും ഊർജിതമാക്കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കേരളത്തില്‍ രോഗം മഴക്കാലത്താണ് കൂടുതലായി കാണപ്പെടുന്നത്. ഇതുമൂലം മരണം സംഭവിക്കുന്നതിന്‍റെ പ്രധാന കാരണം രോഗവ്യാപനത്തെപ്പറ്റിയും രോഗലക്ഷണങ്ങളെക്കുറിച്ചും അറിവില്ലായ്മയാണ്. വൈറല്‍ പനി ആയിരിക്കാമെന്ന് കരുതി ചികിത്സ വൈകിപ്പിക്കുന്നതും കാരണമാണ്. പനി തുടങ്ങി ദിവസങ്ങള്‍ക്കകം രോഗനിർണയം നടത്തി ശരിയായ ചികിത്സ ലഭ്യമാക്കണം. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കുകയും അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് ചികിത്സ തേടുകയും വേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

എന്താണ് എലിപ്പനി?

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. എലിയുടെ വൃക്കകളിൽ വളർന്ന് പെരുകുന്ന ബാക്ടീരിയ ഇവയുടെ മൂത്രത്തിലൂടെ വിസർജിക്കുന്നു. ഒരു തുള്ളി എലിമൂത്രത്തില്‍ കോടിക്കണക്കിന് ബാക്ടീരിയകളുണ്ടാകും. ഇവ എലികളില്‍ രോഗം ഉണ്ടാക്കാറില്ല. എലി മനുഷ്യനെ കടിച്ചാലും എലിപ്പനി വരണമെന്നില്ല. എലിയെ കൂടാതെ നായ്ക്കൾ, ആട്, പന്നി എന്നിവയും രോഗാണു വാഹകരാകാറുണ്ട്. രോഗാണുക്കളുള്ള എലിമൂത്രം മണ്ണിലും മഴ പെയ്ത് വെള്ളത്തിലും എത്തുന്നു. കൂടാതെ എലിമാളങ്ങളില്‍ വെള്ളം കയറുന്നതോടെ അവ കൂട്ടത്തോടെ പുറത്തേക്ക് വരുകയും വെള്ളം വ്യാപകമായി എലിമൂത്രംകൊണ്ടും വിസർജ്യം കൊണ്ടും നിറയുന്നു. കെട്ടിക്കിടക്കുന്ന ജലത്തിലും ഈര്‍പ്പമുള്ള മണ്ണിലും രണ്ടു മൂന്നു മാസമെങ്കിലും എലിപ്പനി ഭീഷണി നിലനില്‍ക്കും.

എങ്ങനെ പടരുന്നു?

രോഗാണുക്കള്‍ കലര്‍ന്ന മലിനജലത്തില്‍ ചവിട്ടുകയോ കളിക്കുകയോ ചെയ്യുമ്പോള്‍ രോഗാണു ശരീരത്തില്‍ പ്രവേശിക്കാം. പ്രത്യേകിച്ച് ശരീരത്തില്‍ മുറിവുകളോ പോറലോ വ്രണങ്ങളോ ഉണ്ടെങ്കില്‍ സാധ്യത കൂടും. ശരീരത്തില്‍ മുറിവുകള്‍ ഇല്ലെങ്കിലും ദീര്‍ഘനേരം മലിന ജലത്തില്‍ പണിയെടുക്കുന്നവരില്‍ ജലവുമായി സമ്പര്‍ക്കമുള്ള ത്വക്ക് മൃദുലമാകുകയും ആ ഭാഗത്തിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും. കണ്ണ്, മൂക്ക്, വായ, ജനനേന്ദ്രിയം എന്നിവയുടെ മൃദുലമായ ചർമത്തിലൂടെ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം. ജോലി, മറ്റു പ്രവൃത്തികൾ സംബന്ധമായി രോഗാണുക്കൾ കലർന്ന ചളിയുമായി സമ്പർക്കം ഉണ്ടാവുകയാണെങ്കിൽ രോഗാണു ശരീരത്തിൽ പ്രവേശിക്കാം. രോഗാണു കലര്‍ന്ന ജലം കുടിക്കുന്നതിലൂടെ.

ഇവ ശ്രദ്ധിക്കണം

രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 10 മുതൽ 14 വരെ ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. മറ്റു പകര്‍ച്ചപ്പനികളുടെ സമാന ലക്ഷണങ്ങളാണ് ആരംഭത്തില്‍ ഉണ്ടാകുന്നതെങ്കിലും ശ്രദ്ധിച്ചാല്‍ എലിപ്പനിയാണോ എന്ന് മനസ്സിലാക്കാം.

ലക്ഷണങ്ങൾ

ശക്തമായ പനി, തലവേദന, പേശിവേദന. പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികള്‍ക്കും ഉണ്ടാകുന്ന വേദന. കാല്‍മുട്ടിന് താഴെയുള്ള പേശികളില്‍ കൈവിരല്‍കൊണ്ട് അമര്‍ത്തുമ്പോള്‍ വേദന.

അമിത ക്ഷീണം

കണ്ണിന് ചുവപ്പ് നിറം, നീര്‍വീഴ്ച, കണ്ണിന്‍റെ കൃഷ്ണമണിക്ക് ചുറ്റും വെള്ള ഭാഗത്തുണ്ടാകുന്ന ചുവപ്പ് നിറം. കണ്ണുകളില്‍ ഉണ്ടാകുന്ന രക്തസ്രാവമാണ് ചുവപ്പ് നിറത്തിന് കാരണം. പനി, ശരീര വേദന, കണ്ണിന് ചുവപ്പ് നിറം എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയുംവേഗം ഡോക്ടറെ കാണുക.

മഞ്ഞപ്പിത്ത ലക്ഷണങ്ങൾ

പനിയോടൊപ്പം കണ്ണിന് മഞ്ഞനിറം, മനം മറിച്ചില്‍, ഛർദി എന്നിവ ഉണ്ടാവുകയാണെങ്കില്‍ എലിപ്പനി സംശയിക്കണം. രോഗം കരളിനെ ബാധിക്കുന്നതുകൊണ്ടാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. രോഗത്തിന്‍റെ തീവ്രത കൂടുന്നതിന്‍റെ ലക്ഷണങ്ങൾ ആണിവ. ശരീരത്തില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടാം. ത്വക്കില്‍ രക്തസ്രാവം ഉണ്ടാകുന്നതാണ് കാരണം. രോഗം ഗുരുതരാവസ്ഥയിലാണെങ്കില്‍ മൂക്കില്‍ കൂടി രക്തസ്രാവം, രക്തം ഛർദിക്കുക, മലം കറുത്ത നിറത്തില്‍ പോകുക എന്നിവയും ഉണ്ടാകാം. ചിലരില്‍ പനിയോടൊപ്പം വയറിളക്കം, ഛർദി എന്നിവയും ഉണ്ടാകും.

രക്ത പരിശോധനയിലൂടെ എലിപ്പനി സ്ഥിരീകരിക്കാം. മിക്കവരിലും ശക്തമായ പനിയും ദേഹവേദനയും മാത്രമേ ഉണ്ടാകൂ. 5 -6 ദിവസങ്ങളിൽ പനി സുഖമാകും. 10 ശതമാനം ആളുകളിൽ ഗൗരവമായ സങ്കീർണതകള്‍ കാണപ്പെടുന്നു. ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്. വൃക്കകളെ ബാധിച്ചാല്‍ അവയുടെ പ്രവര്‍ത്തനം നിലച്ച് മരണം സംഭവിക്കാനും സാധ്യതയുണ്ട്.

ചികിത്സ

പെന്‍സിലിന്‍ പോലുള്ള ആന്‍റിബയോട്ടിക് മരുന്നുകള്‍ ഫലപ്രദമാണ്. എന്നാൽ, ആരംഭത്തില്‍തന്നെ രോഗനിർണയം നടത്തി ചികിത്സിക്കണം. ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിർദേശങ്ങള്‍ തേടേണ്ടതാണ്.

പ്രതിരോധം പ്രധാനം

മലിനജലം, കെട്ടിക്കിടക്കുന്ന ജലം എന്നിവയുമായി സമ്പര്‍ക്കം ഒഴിവാക്കുക. കുട്ടികളെ മലിനജലത്തില്‍ കളിക്കാന്‍ അനുവദിക്കരുത്. ശരീരത്തില്‍ മുറിവുള്ളവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഇറങ്ങാതിരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എലികളെ നിയന്ത്രിക്കാൻ ഭക്ഷണാവശിഷ്ടങ്ങള്‍ ചുറ്റുപാടും വലിച്ചെറിയാതിരിക്കുക.

പശു, മറ്റു കന്നുകാലികള്‍, വളർത്തു മൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും രോഗം പകരാൻ സാധ്യതയുള്ളതിനാല്‍ ഇത്തരം മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം മുന്‍കരുതൽ സ്വീകരിക്കണം.

കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കം ആവശ്യമായി വരുന്നവര്‍ (വീടും പരിസരവും ശുചീകരിക്കുന്നര്‍, ഈര്‍പ്പമുള്ള മണ്ണില്‍ കൃഷി ചെയ്യുന്നവര്‍) പ്രത്യേകം ശ്രദ്ധിക്കണം. കൈയുറകള്‍, ബൂട്സ് എന്നിവ ധരിക്കുക. രോഗപ്രതിരോധത്തിന് ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിർദേശപ്രകാരം കഴിക്കുക. മലിനജലത്തില്‍ ചവിട്ടേണ്ടി വന്നാല്‍ കാലുകള്‍ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കഴുകുക. കുടിവെള്ളം അഞ്ച് മിനിറ്റ് തിളപ്പിച്ച് ഉപയോഗിക്കുക. വെള്ളത്തിൽ എലിമൂത്രം കലർന്നിട്ടില്ലെന്ന് ഉറപ്പാക്കുക. പാചകത്തിനും കുളിക്കാനും ക്ലോറിനേറ്റ് ചെയ്ത ജലം മാത്രം ഉപയോഗിക്കുക.

Tags:    
News Summary - rat fever should be taken care of

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.