പെരിന്തൽമണ്ണ: കോവിഡ് മഹാമാരിയെക്കുറിച്ച് ഗവേഷണ പ്രബന്ധങ്ങൾ തയാറാക്കിയ ഗവേഷകനെത്തേടി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. പെരിന്തൽമണ്ണ മൗലാന കോളജ് ഓഫ് ഫാർമസി വൈസ് പ്രിൻസിപ്പൽ ഡോ. പി.പി. നസീഫ് കഴിഞ്ഞ വർഷം തയാറാക്കിയ ഒമ്പത് പ്രബന്ധങ്ങൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ച് ശ്രദ്ധനേടിയതിൽ കോവിഡ് പഠനവുമായി ബന്ധപ്പെട്ട രണ്ട് പ്രബന്ധങ്ങൾ ഡബ്ല്യു.എച്ച്.ഒ അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. കോവിഡിന്റെ നൂതന ചികിത്സരംഗത്ത് 'ഫെർട്ടിൻ' മൂലകത്തിന്റെ അനന്തസാധ്യതകൾ എന്നതായിരുന്നു ഗവേഷണ പ്രബന്ധത്തിലെ വിഷയം. സൗദി ജേണൽ ഓഫ് ബയോളജിക്കൽ സയൻസ്, ആനിമൽസ്, സപറേഷൻസ്, ഫാർമസ്യൂട്ടിക്ക്, കോമ്പിറ്റോറിയൽ കെമിസ്ട്രി, സോഷ്യൽ സയൻസ്, ഫാർമസ്യൂട്ടിക്കൽ സയൻസ് തുടങ്ങിയ അന്താരാഷ്ട്ര ജേണലുകളിലാണ് മറ്റു പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചത്.
ഡോ. പി.പി. നസീഫ് ഇതുവരെ 23 പ്രബന്ധങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2021ൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ ആകെ ഇംപാക്ട് ഫാക്ടർ 29 ആണ്. കന്നുകാലികളിൽ ചൂട് പ്രതിരോധിക്കുന്ന ജീൻ കണ്ടെത്തിയ വാർത്ത അടുത്തിടെ ലോകശ്രദ്ധ നേടിയിരുന്നു. അതിന്റെ മലയാളി ശാസത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിലും ഡോ. പി.പി. നസീഫ് ഉണ്ടായിരുന്നു. ഉദരംപൊയിൽ സ്വദേശി പി.പി. അലവിക്കുട്ടി മാസ്റ്ററുടെയും പരേതയായ ബംഗാളത്ത് നഫീസയുടെയും മകനാണ്. ഭാര്യ: ഡോ. കെ. റഫീദ. മക്കൾ: പി.പി. അൻസഫ് അസലി, പി.പി. അസ്ഫ അസലി, പി.പി. അമൻ അസലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.