തിരുവനന്തപുരം: വഴിയടച്ചുകെട്ടിയ വൈദ്യപഠനത്തിന്റെ വാതിലുകൾ നിയമപോരാട്ടത്തിലൂടെ തുറന്ന് സ്റ്റെതസ്കോപ്പണിഞ്ഞ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടർ ഇതാ ഇവിടെയുണ്ട്. ഗുജറാത്തിലെ ഭാവ്നഗർ സ്വദേശി ഡോ. ഗണേഷ് ബരയ്യ. ഡോക്ടറാവുകയെന്ന കുട്ടിക്കാലം മുതലുള്ള ആഗ്രഹത്തിന് പൊക്കക്കുറവൊന്നും ഒരിക്കലും തടസ്സമല്ലെന്ന് തെളിയിച്ചു പഠിക്കാനുള്ള അവകാശത്തിനായി സുപ്രീംകോടതി വരെ പോയ ഡോ. ഗണേഷ്. ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടറെന്ന റെക്കോഡും 23കാരനായ ഈ മൂന്നടിക്കാരന്റെ പേരിലാണ്.
എസ്.പി മെഡിഫോർട്ട് ആശുപത്രി ഒരുക്കുന്ന ഡോക്ടർ ദിനാചരണത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനാണ് ഡോ. ഗണേഷ് ബരയ്യ തിരുവനന്തപുരത്ത് എത്തിയത്. പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ പഠനത്തിനു ശ്രമിക്കുമ്പോഴാണ് ഗണേഷ് പരിമിതികളുടെ പേരിൽ തഴയപ്പെട്ടത്. 72 ശതമാനം വൈകല്യമുണ്ടെന്നും അത്യാഹിത സാഹചര്യങ്ങൾ നേരിടാനാവില്ലെന്നും പറഞ്ഞ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പഠനാനുമതി നിഷേധിച്ചു. ഗുജറാത്ത് ഹൈകോടതിയിൽ പോയെങ്കിലും 2018ൽ അനുമതി നിഷേധിക്കപ്പെട്ടു. സുപ്രീംകോടതിയെ സമീപിക്കാൻ ഗണേഷിന് പൂർണ പിന്തുണയേകിയത് മാർഗദർശി കൂടിയായ ഡോ. ദൽപത് കതാരിയയാണ്. 2018 ഒക്ടോബർ 22ന് സുപ്രീംകോടതി അനുകൂല വിധി നൽകി. 2019ൽ ഭാവ്നഗർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശനം നേടി. നിലവിൽ സർ തക്തസിങ്ജി ജനറൽ ആശുപത്രിയിൽ ഇന്റേൺഷിപ് ചെയ്യുകയാണ് ഡോ. ഗണേഷ് ബരയ്യ.
മുൻനിരയിലിരുത്തിയും പ്രാക്ടിക്കലുകളിൽ കസേരയിട്ട് മുന്നിൽ നിർത്തിയും അധ്യാപകരും ബാഗ് കോളജ് വരെ ചുമന്നും ബൈക്കിലിരുത്തി കോളജിലെത്തിച്ചും സഹപാഠികളും ഗണേഷിനൊപ്പം നിന്നു. എം.ബി.ബി.എസ് പൂർത്തിയായപ്പോൾ കൃഷിക്കാരായ മാതാപിതാക്കൾ വിത്തൽബായ് ബരയ്യയും ദേവു ബെന്നും ഏറെ സന്തോഷിച്ചു. പരിമിതികളെ പോസിറ്റിവാക്കി പോരായ്മകൾ വരുമ്പോൾ പിന്നോട്ടു പോകാതെ മുന്നേറുന്നവർക്കേ ജീവിതത്തിൽ വിജയിക്കാനാവൂവെന്നും താനാണ് അതിനു മാതൃകയെന്നും ഡോ. ഗണേഷ് പറയുന്നു. ഡെർമറ്റോളജിയിലോ ജനറൽ മെഡിസിനിലോ പി.ജിയെടുക്കാൻ ആഗ്രഹിക്കുമ്പോഴും ഭാവ്നഗറിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടറായിരുന്ന് പാവപ്പെട്ടവരെ ചികിത്സിക്കാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.