തിരുവനന്തപുരം: മനുഷ്യരിലെ ഭ്രൂണവളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കാണപ്പെടുന്ന ടി.എൽ.എക്സ് 3 ജീനില്‍ നടക്കുന്ന മ്യൂട്ടേഷന് ഓട്ടിസത്തിന് കാരണമാകാമെന്ന് ബ്രിക്-രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആർ.ജി.സി.ബി) പഠനം. മസ്തിഷ്ക വളര്‍ച്ചയില്‍ പ്രവര്‍ത്തനപരമായ അപാകതകള്‍ക്ക് കാരണമാകുന്ന കുട്ടികളിലെ ഓട്ടിസത്തിന് പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങള്‍ കാരണമാകാം. ആർ.ജി.സി.ബിയിലെ ശാസ്ത്രജ്ഞനായ ഡോ. ജാക്സണ് ജെയിംസിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയിലെ സി.എസ്.ഐ.ആര്-ഐ.ജി.ഐ.ബിയുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഇത്തരം ജനിതകമാറ്റം കണ്ടെത്തിയത്.
അന്താരാഷ്ട്ര പ്രശസ്തമായ ഐ സയന്‍സ് ശാസ്ത്രജേണലില് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുവെന്നതും ശ്രദ്ധേയം. ഒരു ജീവിയുടെ ജനിതകഘടനയിലുണ്ടാകുന്ന മാറ്റമാണ് മ്യൂട്ടേഷന്. മ്യൂട്ടേഷന് സംഭവിച്ച ജീനുകള്‍ക്ക് ഒരു ജീവിയുടെ സ്വഭാവത്തില്‍ പ്രത്യക്ഷമായ വ്യത്യാസം വരുത്തുകയോ വരുത്താതിരിക്കുകയോ ചെയ്യാനാകും. ശാരീരിക ചലനങ്ങള്‍, സന്തുലിതാവസ്ഥ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സെറിബെല്ലത്തിന്റെ വളര്‍ച്ചയേയും ടി.എല്‍.എക്സ് 3 ജീനില്‍ നടക്കുന്ന മ്യൂട്ടേഷന് നേരിട്ട് ബാധിക്കും.
ജനിതക എൻജിനീയറിങ് സാങ്കേതികവിദ്യയിലൂടെ ജനിതകമാറ്റം വരുത്തിയ ട്രാന്‍സ്ജീനിക് എലിയിലാണ് ആർ.ജി.സി.ബി സംഘം പരീക്ഷണം നടത്തിയത്. എലികളുടെ സെറിബെല്ലത്തിലെ ടി.എല്‍.എക്സ് 3 ജീന്‍ മാറ്റിയശേഷം ഭ്രൂണങ്ങള്‍ വളരാന്‍ അനുവദിച്ചപ്പോള്‍ അത്തരം എലികളില്‍ ഓട്ടിസം ലക്ഷണങ്ങള്‍ പ്രകടമായി. പരീക്ഷണ-നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങള്‍ സി.എസ്.ഐ.ആര്-ഐ.ജി.ഐ.ബിയില്‍ ശേഖരിച്ചിട്ടുള്ള ഓട്ടിസം ബാധിതരുടെ ജീന്‍ ഡേറ്റാബേസുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്തു. ഓട്ടിസം ബാധിതരില്‍ ചിലരുടെ ടി.എൽ.എക്സ് 3 ജീനില്‍ മ്യൂട്ടേഷന് സംഭവിച്ചിട്ടുണ്ടെന്ന് ഡേറ്റാബേസ് വിശകലനത്തിലൂടെ തിരിച്ചറിഞ്ഞു.
ജീനുകളിലെ മ്യൂട്ടേഷനെക്കുറിച്ചും കുട്ടികളിലെ ഓട്ടിസത്തിനെക്കുറിച്ചും ആഗോളതലത്തില്‍ വിശകലനങ്ങളും ചര്‍ച്ചകളും പഠനങ്ങളും ഇനിയും നടത്തേണ്ടതുണ്ടെന്ന് ഡോ. ജാക്സണ് ജെയിംസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.