representation image

രണ്ട് പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു; മുൻകരുതൽ നിർദേശം

തൃശൂർ: കോടശ്ശേരി, കടങ്ങോട് പഞ്ചായത്തുകളിലെ ഫാമുകളില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴിയില്‍ രോഗം സ്ഥിരീകരിച്ച പന്നി ഫാമിലെ മുപ്പതോളം പന്നികളെ കേന്ദ്ര സര്‍ക്കാര്‍ നിഷ്കർഷിച്ച ഇലക്ട്രിക് സ്റ്റണ്ണിങ് ആന്‍ഡ് സ്റ്റിക്കിങ് രീതിയില്‍ ദയാവധം ചെയ്തു.

തുടര്‍ന്ന് ശാസ്ത്രീയമായി മറവ് ചെയ്യുകയും ഫാമില്‍ അണുനശീകരണം നടത്തുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്‍റെ ദ്രുതകര്‍മ സേനയുടെ നേതൃത്വത്തിലായിരുന്നു നടപടി. കടങ്ങോട് പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ച ഫാമിലെയും തൊട്ടടുത്തുള്ള ഫാമുകളിലെയും പന്നികളെ ഉന്മൂലനം ചെയ്യുന്ന നടപടി രണ്ടുദിവസംകൂടി തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

പഞ്ചായത്തുകളിൽ നിരീക്ഷണം

രോഗം സ്ഥിരീകരിച്ച പന്നി ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

കടങ്ങോട്, എരുമപ്പെട്ടി, ചൂണ്ടല്‍, ചൊവ്വന്നൂര്‍, വേലൂര്‍, വരവൂര്‍, പോര്‍ക്കുളം, കടവല്ലൂര്‍, കൊരട്ടി, കോടശ്ശേരി, പരിയാരം, വരന്തരപ്പള്ളി, മേലൂര്‍, മട്ടത്തൂര്‍ പഞ്ചായത്തുകളാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധിത പ്രദേശങ്ങളില്‍നിന്ന് പന്നിമാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാൻ നിര്‍ദേശമുണ്ട്.

പന്നി, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനി ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കണം.

Tags:    
News Summary - Swine flu confirmed in two panchayats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.