കോഴിക്കോട്: മാരക രക്തവൈകല്യ രോഗികൾക്ക് സാമൂഹിക സുരക്ഷ മിഷൻ നൽകിവരുന്ന സമാശ്വാസം പദ്ധതിപ്രകാരമുള്ള ധനസഹായത്തിൽനിന്നും തലാസീമിയ രോഗികളെ ഒഴിവാക്കിയ നടപടിക്ക് ഇനിയും പരിഹാരമായില്ല. നിലവിൽ ഹീമോഫീലിയ രോഗികൾക്ക് 1000 രൂപയും സിക്കിൾ സെൽ അനീമിയ രോഗികൾക്ക് 2000 രൂപയുമാണ് പ്രതിമാസം നൽകിവരുന്നത്. തലാസീമിയ രോഗികളോട് കാണിച്ച വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. സംസ്ഥാനത്ത് അറുനൂറോളം തലാസീമിയ രോഗികളാണുള്ളത്.
മാർച്ച് 21ന് കൗൺസിൽ ഭാരവാഹികൾ തിരുവനന്തപുരത്ത് സാമൂഹിക നീതി മന്ത്രി ആർ. ബിന്ദുവിന് നിവേദനം നൽകിയപ്പോൾ തലാസീമിയ രോഗികൾക്കും സമാശ്വാസം പദ്ധതി പ്രകാരമുള്ള ധനസഹായം നൽകാമെന്ന് ഉറപ്പുനൽകിയതായിരുന്നുവെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പരാതി.
പ്രശ്നത്തിന് പരിഹാരം കാണാൻ സഹായം തേടി ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ കേന്ദ്ര സാമൂഹിക നീതി മന്ത്രിക്കും നേരത്തേ നിവേദനം നൽകിയിരുന്നു. ഈ അപേക്ഷയിൽ ശരിയായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സാമൂഹിക നീതി വകുപ്പ് ഡയറക്ടർ കെ.വി.എസ്. റാവു സംസ്ഥാന ഡയറക്ടർ എം. അഞ്ജനക്ക് അടിയന്തര നിർദേശം നൽകുകയും പരാതിയിന്മേൽ എടുത്ത നടപടി പരാതിക്കാരനെ അറിയിക്കുകയും ചെയ്യണമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിലിതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല ഇതിനൊക്കെ വിരുദ്ധമായ നിലപാടാണ് സാമൂഹിക നീതി വകുപ്പ് നിയമസഭ സെക്രട്ടേറിയറ്റിന് നൽകിയ റിപ്പോർട്ടിൽ സ്വീകരിച്ചത്. സമാശ്വാസം അനുവദിച്ചതിൽ തലാസീമിയ രോഗികളോട് വിവേചനം പുലർത്തുന്നതായി ഈ റിപ്പോർട്ടിൽ പ്രകടമാണ്. നിയമസഭ സെക്രട്ടേറിയറ്റ് അണ്ടർ സെക്രട്ടറി എസ്. ബിന്ദു ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരിക്കയച്ച ഉത്തരവിലാണ് തലാസീമിയ രോഗികളോടുള്ള വിവേചന നിലപാട് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തലാസീമിയ രോഗികളോടുള്ള സാമൂഹിക നീതി വകുപ്പിന്റെ വിവേചനത്തിനെതിരെ പ്രക്ഷോഭം ആലോചിക്കുകയാണ് രോഗികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.