തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗമാണെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഡെൽറ്റ, ഒമിക്രോൺ വ്യാപനം ഉണ്ട്. മൂന്നാംതരംഗത്തിലേക്ക് കടന്ന സാഹചര്യത്തിൽ രണ്ടാഴ്ചക്കകം രോഗികളുടെ എണ്ണം ലക്ഷം കഴിഞ്ഞാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ. ഫെബ്രുവരി 15നകം രോഗവ്യാപനം ഉന്നതിയിലെത്തും. ജനങ്ങളുടെ ജാഗ്രതക്കുറവും വൈറസ് ഇൻഫക്ഷൻ തോത് വർധനവുമാണ് രോഗവ്യാപനം രൂക്ഷമാക്കിയത്. പുതുവത്സര, ക്രിസ്മസ് ആഘോഷങ്ങൾ, പാർട്ടി സമ്മേളനങ്ങൾ, തെരഞ്ഞെടുപ്പുകൾ എന്നിവ വ്യാപനം വർധിപ്പിച്ചു.
രണ്ടാംതരംഗത്തിൽ ന്യുമോണിയ ബാധിതർ കൂടുതലായിരുന്നെങ്കിലും ഒമിക്രോണിൽ അത്തരം പ്രശ്നമില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഒമിക്രോൺ ബാധിതർക്കും കോവിഡാനന്തര പ്രശ്നങ്ങളുണ്ട്. അതിനാൽ ജീവിതശൈലി രോഗമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോൺ വ്യാപനം. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം വർധിക്കാത്തത് മാത്രമാണ് ആശ്വാസം. ഒമിക്രോൺ ബാധിതർ പെട്ടെന്ന് രോഗമുക്തരാകുന്നതും ആശ്വാസമാണെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.
ഫെബ്രുവരി 15ന് മുമ്പ് പാരമ്യത്തിലെത്തും -മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര വ്യാപനമാണെന്നും ഫെബ്രുവരി 15നകം പാരമ്യത്തിൽ എത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രണ്ടാംതരംഗത്തില്‍ വ്യാപനം 2.68 ആയിരുന്നപ്പോള്‍ ഇപ്പോൾ 3.12 ആണ്. അടുത്ത മൂന്നാഴ്ച ഏറെ നിര്‍ണായകമാണെന്നും മന്ത്രി മന്ത്രി പറഞ്ഞു. ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ കഴിയണം. മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. എന്‍95 മാസ്ക്കോ, ഡബിള്‍ മാസ്ക്കോ ഉപയോഗിക്കണം. രോഗികളുടെ കൂടെ കൂടുതല്‍പേര്‍ ആശുപത്രിയില്‍ വരരുത്. ഇ-സഞ്ജീവനി സേവനങ്ങള്‍ പരമാവധി ഉപയോഗിക്കാം. മന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് മന്ത്രിസഭ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനമാണെന്നും നിയന്ത്രണം കർക്കശമാക്കേണ്ടിവരുമെന്നും മന്ത്രിസഭ യോഗം വിലയിരുത്തി. നടപടികൾ വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകനസമിതി കൈക്കൊള്ളും. രണ്ടാം തരംഗത്തിന് വിരുദ്ധമായി ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കാര്യമായി കുറവാണെന്ന് മന്ത്രിസഭ വിലയിരുത്തി.
ഐ.സി.യുവിൽ 50 ശതമാനത്തോളം കിടക്കൾ ഒഴിവുണ്ട്. നേരിട്ട് കോവിഡ് രോഗികളാകുന്നവർ കുറവാണ്. ചില നിയന്ത്രണം ആവശ്യമാണെന്നും വ്യാപനം നേരിടാൻ കനത്ത ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്രവ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് ചേരുന്ന അവലോകനയോഗം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങും. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ രാത്രികാല കർഫ്യു, വാരാന്ത്യ ലോക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ പരിഗണിച്ചേക്കും. കോളജുകൾ അടച്ചിടുക, സർക്കാർ ഓഫിസുകളിൽ പരമാവധി വർക്ക് ഫ്രം ഹോം നടപ്പാക്കുക, പൊതുസ്ഥലങ്ങളിലെയും പൊതുഗതാഗത സംവിധാനങ്ങളുടെ തിരക്ക് കുറക്കുക, കടകൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനസമയം കുറക്കുക തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കും.
10,11,12 ക്ലാസുകൾ മാത്രമാണ് വെള്ളിയാഴ്ച മുതൽ ഓഫ്ലൈനാകുന്നത്. ഈ ക്ലാസുകളും ഓൺലൈൻ ആക്കണമെന്ന ആവശ്യമുണ്ടെങ്കിലും വാർഷിക പരീക്ഷ ഉള്ളതിനാൽ പെട്ടെന്ന് തീരുമാനമെടുക്കാനിടയില്ല. രോഗവ്യാപന തോത് അടിസ്ഥാനത്തിൽ പ്രാദേശിക അടച്ചിടലിനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.