പ്രായം കൂടുന്തോറും നാം വളർച്ചയുടെ പല ഘട്ടങ്ങളിലൂടെ കടന്നുപോവുന്നു. ഒരർത്ഥത്തിൽ 'പ്രായമാവുക' എന്ന പ്രക്രിയ ജനനത്തോടെ തന്നെ ആരംഭിക്കുന്നു. ഉദാഹരണത്തിന്, മനുഷ്യശരീരത്തിൽ പ്രതിദിനം 50 ദശലക്ഷം ചർമകോശങ്ങൾ നഷ്ടപ്പെടുന്നു,
അവ നിരന്തരം പുനരുജീവിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഏകദേശം രണ്ടാഴ്ചക്കൊരിക്കൽ കുഞ്ഞുങ്ങളുടെ ചർമകോശങ്ങൾ എല്ലാം പുതുക്കപ്പെടുന്നു. മുതിർന്നവരിൽ ഈ കാലയളവ് നാലാഴ്ചയോളമായി മാറുന്നു. പ്രായമേറുക എന്നത് സ്വാഭാവികവും സാർവത്രികവുമായ പ്രക്രിയയാണ്.
പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ നിർണയിക്കുന്നത് ജീനുകൾ ആണെങ്കിൽ അതിനെ സ്വാധീനിക്കുന്നത് ജീവിതശൈലി, പരിസ്ഥിതി, ആരോഗ്യനില, ചുറ്റുപാടുമായുള്ള സമ്പർക്കങ്ങളുടെ ഫലം എന്നിവയൊക്കെ ആണ്. ഇതിൽനിന്ന്, ആരോഗ്യകരമായ വാർധക്യത്തിന് നമുക്ക് ചിലത് ചെയ്യാൻ സാധിക്കും എന്ന് മനസിലാക്കാം.
പ്രായമാവുന്നതിനെ കുറിച്ചുള്ള നമ്മുടെ ധാരണകളും മുൻവിധികളും, വാർധക്യത്തെ അഭിമുഖീകരിക്കുന്നതിലും ആ അവസ്ഥയിലുള്ള മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും വലിയ സ്വാധീനം ചെലുത്തും. ഇത്തരം ധാരണകൾ രൂപപ്പെടുന്നതിൽ ഒരാൾക്ക് പരിചിതമായ സംസ്കാര-സമ്പ്രദായങ്ങൾക്കും, മീഡിയക്കുമൊക്കെ റോൾ ഉണ്ട്.
യുവത്വത്തിനും സൗന്ദര്യത്തിനും അമിതപ്രാധാന്യം നൽകുന്ന ഒരു സമൂഹം പ്രായമാവുന്നതിനെ കുറിച്ച് നെഗറ്റീവ് ധാരണകൾക്ക് കാരണമായേക്കാം. പ്രായമായവവരുടെ ജീവിതാനുഭവത്തിനും ജ്ഞാനത്തിനും വിലമതിക്കുന്ന ഒരു സംസ്കാരം വാർധക്യത്തെക്കുറിച്ചുള്ള നല്ല ചിന്തകളിലേക്കും നയിക്കും.
ആസ്വാദ്യമായ ജീവിതം നൽകുന്ന ചില കാര്യങ്ങൾ
- തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ, വാർധക്യം ഒരു ആജീവനാന്ത പ്രക്രിയയായി കാണുക. ജീവിതത്തിെൻറ തുടക്കത്തിലായാലും വൈകിയായാലും നമ്മുടെ ആരോഗ്യനില മെച്ചപ്പെടുത്താൻ ധാരാളം അവസരങ്ങളുണ്ടെന്ന് മനസിലാക്കാൻ ഇത് സഹായിക്കുന്നു. ഉദാഹരണത്തിന്, പ്രായമേറിയവരിൽ പോലും അൽപ സമയം വ്യായാമങ്ങളിൽ ഏർപ്പെടുന്നത് ഏതാനും മാസങ്ങൾക്കകം തന്നെ തലച്ചോറിെൻറ പ്രവർത്തനക്ഷമത വർധിപ്പിച്ചതായി പഠനങ്ങൾ കാണിക്കുന്നു.
- വായന, അക്കാദമിക കോഴ്സുകൾ, പുതിയ ഭാഷ പഠിക്കൽ, വൊകാബുലറി വർധിപ്പിക്കൽ, മനഃപാഠമാക്കൽ, പസിലുകൾ, നമ്പർ ഗെയിംസ് പോലുള്ളവ 'മസ്തിഷ്ക വ്യായാമമാണ്'. ആജീവനാന്ത പഠനം, ബുദ്ധിപരമായ ശേഷി വർധിപ്പിക്കുന്നു . ഇത് ചില ആളുകളെ ബുദ്ധികൂർമത ഉള്ളവരായി തുടരാനും പ്രായവുമായി ബന്ധപ്പെട്ട മസ്തിഷ്ക മാറ്റങ്ങളെ പ്രതിരോധിക്കാനും പ്രാപ്തരാക്കുന്നു.
- സ്വന്തം അഭിരുചിക്കും സാഹചര്യത്തിനും ഇണങ്ങിയ -എഴുത്ത്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങി ക്രിയാത്മകമായി സമയം ചിലവഴിക്കാവുന്ന ഏതെങ്കിലും കലകളിൽ ഏർപ്പെടാം. ഇത് സന്തുഷ്ടമായ മാനസികാവസ്ഥ നൽകുന്നു.
- സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുക . ഇവ സാമൂഹിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുകയും വിഷാദം പോലുള്ള മാനസികാവസ്ഥ കുറക്കുകയും ചെയ്യുന്നു . ചില രാജ്യങ്ങളിൽ സ്കൂൾ ഗ്രാൻഡ് പാരൻറ് പ്രോഗ്രാം പോലുള്ള പ്രാദേശിക സംരംഭങ്ങളിലൂടെ ആഴ്ചയിൽ ഏതാനും മണിക്കൂറുകൾ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാൻ മുതിർന്നവർക്ക് അവസരമുണ്ട്.
- സുഹൃദ് - കുടുംബ ബന്ധങ്ങളുടെ പിന്തുണ സന്തോഷത്തിലേക്ക് നയിക്കും. ഇത് രോഗങ്ങളിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ പോലും കാരണമാകുന്നു. പതിവായി ആശയവിനിമയം നടത്തുന്ന അടുത്ത സുഹൃത്തുക്കളുള്ളത് ആയുസ് വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
- കൂടാതെ, തലമുറകൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതായിരിക്കണം യുവാക്കളെയും മുതിർന്നവരെയും വിലമതിക്കുന്ന ഒരു സമൂഹത്തിെൻറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.