വാഷിങ്ടൺ ഡി.സി: കോവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ യു.എസ്. മേയ് 11 മുതൽ രാജ്യത്തെത്തുന്ന വിദേശയാത്രികർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല. നിലവിലുണ്ടായിരുന്ന ആരോഗ്യ അടിയന്തരാവസ്ഥയും പിൻവലിക്കും.
2021 ജനുവരി മുതൽ കോവിഡ് മരണങ്ങളിൽ 95 ശതമാനവും ആശുപത്രിയിൽ പ്രവേശിക്കുന്ന കേസുകളിൽ 91 ശതമാനവും കുറവുണ്ടായതായി അധികൃതർ അറിയിച്ചു. ഫെബ്രുവരിയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന് അനുകൂലമായി ജനപ്രതിനിധി സഭ വോട്ട് ചെയ്തിരുന്നു.
വിദേശയാത്രികർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കഴിഞ്ഞ വർഷം ജൂണിൽ യു.എസ് ഒഴിവാക്കിയിരുന്നു. എന്നാൽ, വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തുടർന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
ടെന്നീസ് ചാമ്പ്യൻ സെർബിയയുടെ നൊവാക് ജോകോവിച്ചിന് വാക്സിൻ നിബന്ധന കാരണം യു.എസിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. വാക്സിൻ സ്വീകരിക്കാത്ത പ്രമുഖരിലൊരാളാണ് ജോകോവിച്ച്. ഇതമൂലം യു.എസിൽ നടന്ന ടൂർണമെന്‍റുകൾ ഇദ്ദേഹത്തിന് നഷ്ടമായിരുന്നു. മേയ് 11 മുതൽ ജോകോവിച്ചിന് യു.എസിലേക്ക് വരാൻ തടസമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.