തിരുവനന്തപുരം: കേരളത്തിലെ ഹോം നഴിസിങ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി വീണ ജോര്‍ജ്. കേരളത്തിലെ ഹോം നഴ്സിങ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ കേരള വനിതാ കമീഷന്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാന്ത്വന പരിചരണ നയം ആദ്യമായി ആവിഷ്‌കരിച്ച സംസ്ഥാനം കേരളമാണ്. സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനം ആകുകയാണ് കേരളത്തിന്റെ ലക്ഷ്യം. സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും മനസിലാക്കുന്നതിനും നടപടി എടുക്കുന്നതിനുമായി 11 മേഖലകള്‍ തിരഞ്ഞെടുത്ത് വനിതാ കമീഷന്‍ നടത്തുന്ന പബ്ലിക് ഹിയറിങ് വളരെ ശ്ലാഘനീയമാണ്.
ഹോം നഴ്സിങ് മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി നടത്തുന്ന പബ്ലിക് ഹിയറിങ് വളരെ പ്രധാനമാണ്. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. ജീവിക്കുന്ന കാലയളവില്‍ ക്വാളിറ്റി ലൈഫ് ഉണ്ടാകണം. പൊതു സമൂഹത്തിനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഹോം നഴ്സിങ്, സാന്ത്വന പരിചരണ മേഖലകള്‍ വലിയ പ്രാധാന്യമുള്ളവയാണ്.
ബഹുഭൂരിപക്ഷവും സ്ത്രീകള്‍ ജോലി ചെയ്യുന്ന മേഖലയാണ് ഇത്. അതുകൊണ്ട് തന്നെ നല്ല തൊഴില്‍ സാഹചര്യം സൃഷ്ടിക്കുക, ചൂഷണങ്ങള്‍ അവസാനിപ്പിക്കുക എന്നത് ഏറെ പ്രധാനമാണ്. ഇതു കണക്കിലെടുത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സാന്ത്വന പരിചരണ മേഖലയില്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. സംതൃപ്തിയോടെ ജോലി ചെയ്യാന്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാധിക്കണം. പബ്ലിക് ഹിയറിങിന്റെ അടിസ്ഥാനത്തില്‍ വനിതാ കമീഷന്‍ നല്‍കുന്ന ശിപാര്‍ശകള്‍ ഗൗരവത്തോടെ പരിഗണിച്ച് സര്‍ക്കാര്‍ ഇടപെടല്‍ നടത്തും.
വനിതകളുടെയും, ശിശുക്കളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി നടത്തിയ പഠനത്തിലാണ് ഐ.ടി കമ്പനികളിലെ ഇത്തരമൊരു മോശമായ പ്രവണത ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും. പ്രസവശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുന്ന വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ പരിശീലനം വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വനിതാ കമീഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ ഹോം നഴ്സിങ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.