പാലക്കാട്: നാമോരോരുത്തരുടെയും ഇടതുഭാഗത്താണ് ഹൃദയം. നെഞ്ചിന്റെ മധ്യഭാഗത്തുനിന്ന് ഇടത്തേക്ക് അൽപം മാറി ശ്വാസകോശങ്ങൾക്കിടയിൽ. എന്നാൽ, സൗദിയിലെ ദമ്മാം അൽഖൊസാമ ഇന്റർനാഷനൽ സ്കൂൾ ഭൗതികശാസ്ത്ര അധ്യാപിക എറണാകുളത്തുകാരി മുഹ്സിന കരീമിന്റെ ഹൃദയത്തിന് വലതുതാളമാണ്. വൈദ്യശാസ്ത്രത്തിൽ ഡെക്സ്ട്രോകാർഡിയ എന്നു പറയുന്ന അപൂർവാവസ്ഥ.
എറണാകുളം ഏലൂർ വടക്കുംഭാഗം ചേന്നോത്ത് വീട്ടിൽ പരേതനായ അബ്ദുൽ കരീമിന്റെയും സൈനബ കരീമിന്റെയും രണ്ടു പെൺമക്കളിൽ ഇളയവളാണ് മുഹ്സിന. അപൂർവമായ ഹൃദയവുമായാണ് മകൾ ജനിച്ചതെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. തന്റെ ഹൃദയത്തിന് വലതു താളമാണെന്ന് അറിയാതെയാണ് മുഹ്സിനയും വളർന്നത്.
മുതിർന്ന ക്ലാസിൽ പഠിക്കുമ്പോൾ ചുമയുമായി ആശുപത്രിയിലെത്തിയ മുഹ്സിനയുടെ ഹൃദയമിടിപ്പ് കേൾക്കാനാകാതെ ഡോക്ടർ വലഞ്ഞു. സ്റ്റെതസ്കോപ് മാറ്റിമാറ്റി വെച്ചെങ്കിലും ഹൃദയം സാന്നിധ്യമറിയിക്കുന്നില്ല. തുടർന്ന് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് ഹൃദയത്തിന്റെ സ്ഥാനമാറ്റം മനസ്സിലായത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. അനിൽ ജോസാണ് മുഹ്സിനയുടെ ഹൃദയം വലതുഭാഗത്താണെന്ന് കണ്ടെത്തിയത്. ഹൃദയത്തിനു പുറമെ മറ്റെല്ലാ ആന്തരികാവയവങ്ങളും ചരിഞ്ഞ മുഹ്സിനക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. തികഞ്ഞ ആരോഗ്യവതി.
ഡെക്സ്ട്രോകാർഡിയ ഉള്ളവരിൽ മുഹ്സിനയെപ്പോലെ പൂർണ ആരോഗ്യമുള്ളവരും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുമുണ്ട്. ചിലർക്ക് ജന്മനാ ഹൃദയവൈകല്യങ്ങളോ സങ്കീർണതയുണ്ടാക്കുന്ന സിൻഡ്രോമുകളോ ഉണ്ടാകാം.
ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ആളുകൾക്കാണ് ഡെക്സ്ട്രോകാർഡിയയുള്ളത്. ഇതു തടയാൻ സ്ഥിരീകരിക്കപ്പെട്ട മാർഗങ്ങളൊന്നുമില്ല. എന്നിരുന്നാലും, ഗർഭധാരണത്തിന് മുമ്പും ഗർഭസമയത്തും നിയമവിരുദ്ധമായ മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുന്നത് ഈ പ്രശ്നത്തിന്റെ സാധ്യത കുറക്കും.
പഠനത്തിൽ മിടുക്കിയായ മുഹ്സിന എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. ബിരുദാനന്തര ബിരുദത്തിനുശേഷം കുറച്ച് കാലം കോഴിക്കോട് അലിഫ് ഗ്ലോബൽ സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചശേഷമാണ് വിദേശത്തേക്ക് പോയത്. സഹോദരി ആയിഷ കരീമും ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.