തലശ്ശേരി: ജില്ല കോടതിയില്‍ ന്യായാധിപർ ഉൾപ്പെടെയുള്ളവർക്ക് അലർജിയടക്കമുള്ള ശാരീരിക അസ്വാസ്ഥ്യമുണ്ടായത് സിക വൈറസ് മൂലമാണെന്ന് സ്ഥിരീകരണം വന്നതോടെ കൊതുകിനെ തുരത്താൻ ശ്രമം. ജില്ല കോടതി വളപ്പിലും പരിസരങ്ങളിലും കൊതുകുനശീകരണത്തിനായി ശനിയാഴ്ച മരുന്ന് തളിച്ചു. ചെടികളിലും വള്ളിപ്പടർപ്പുകൾക്കുമിടയിൽ കൊതുകുകൾ പെരുകുന്നുണ്ടോയെന്ന പരിശോധനയും നടത്തി. കൊതുകുലാർവകളും പരിശോധനക്കെടുത്തു. ശനിയാഴ്ചയാണ് സിക് വൈറസാണ് രോഗകാരണമെന്ന് വ്യക്തമായത്. നൂറിലേറെ പേർക്ക് രോഗം ബാധിച്ചിരുന്നു. ഇവരിൽനിന്ന് ഏതാനും പേരുടെ രക്തവും സ്രവവുമെടുത്ത് നടത്തിയ പരിശോധനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്.
എട്ട് പേരുടെ പരിശോധനയിലാണ് സിക വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഈഡിസ് കൊതുകാണ് സിക പരത്തുന്നത്. രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ആരോഗ്യ വിഭാഗം അധികൃതരാണ് രോഗം സിക വൈറസാണെന്ന കാര്യം ശനിയാഴ്ച പുറത്തുവിട്ടത്. ഈഡിസ് കൊതുകിൽനിന്നാണ് ഈ രോഗം മനുഷ്യരിലെത്തുന്നത്. ചൊറിച്ചില്‍, കൈകാല്‍ സന്ധിവേദന, കണ്ണിന് കഠിനമായ നീറ്റൽ, പനി തുടങ്ങിയ വ്യത്യസ്ത ലക്ഷണങ്ങളാണ് രോഗം വന്നവർ അനുഭവിച്ചത്.
നൂറിലേറെ പേർ ഇതിനകം രോഗത്തിന് ചികിത്സ തേടിയിരുന്നു. അഡീഷനല്‍ ജില്ല കോടതി (മൂന്ന്), അഡീഷനല്‍ ജില്ല കോടതി (രണ്ട്), സബ് കോടതി, പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമാണ് രോഗം പിടിപെട്ടത്. രോഗം വന്ന രണ്ട് ന്യായാധിപരിൽ ഒരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. ഇവർക്ക് രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറയുന്ന അവസ്ഥയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.