ദഹനക്കേടും അസിഡിറ്റിയും വയറു വീർക്കലും കാരണം ബുദ്ധിമുട്ടാത്തവർ കുറവായിരിക്കും. അസ്വസ്ഥതകളുണ്ടാക്കുകയും നമ്മുടെ ദൈനംദിനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പ്രശ്നങ്ങളാണല്ലോ ഇവ. അനാരോഗ്യകരമായ ഭക്ഷണശീലവും തിരക്കേറിയ ജീവിതശൈലിയുമെല്ലാമാണ് ഈ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. നമ്മുടെ അടുക്കളയിൽ തന്നെ ഈ ബുദ്ധിമുട്ടിക്കുന്ന പ്രശ്നത്തിന് പരിഹാരമുണ്ട്. പ്രകൃതിദത്തമായ പ്രതിവിധി ഈ പ്രശ്നങ്ങളെല്ലാം ഫലപ്രദമായി ലഘൂകരിക്കും. പെരുംജീരകമാണ് ആ മരുന്ന്.
ആയുർവേദ മരുന്നുകളിലും പരമ്പരാഗത വൈദ്യത്തിലും നൂറ്റാണ്ടുകളായി പെരുംജീരകം ഉപയോഗിച്ചുവരുന്നു. ദഹനനാളത്തിലെ പേശികളെ വിശ്രമിക്കാനും അസ്വസ്ഥത കുറയ്ക്കാനും സഹായിക്കുന്ന അനിതോൾ, ഫെൻകോൺ, എസ്ട്രാഗോൾ തുടങ്ങിയ എണ്ണകൾ പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്.
ആമാശയത്തിൽ അധിക വാതകം അടിഞ്ഞുകൂടുമ്പോൾ വയറു വീർക്കൽ സംഭവിക്കുന്നു. പെരുംജീരകം ദഹനവ്യവസ്ഥയിൽ നിന്ന് വാതകം പുറന്തള്ളാൻ സഹായിക്കുന്ന കാർമിനേറ്റീവ് ഗുണങ്ങൾ ഉള്ളവയാണ്. ഭക്ഷണത്തിനു ശേഷം ഒരു ടീസ്പൂൺ പെരുംജീരകം ചവയ്ക്കുകയോ പെരുംജീരകം ചേർത്ത ചായ കുടിക്കുകയോ ചെയ്യുന്നത് വയറു വീർക്കൽ ഫലപ്രദമായി പരിഹരിക്കും.
ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ നീങ്ങുമ്പോഴാണ് ആസിഡ് റിഫ്ലക്സും നെഞ്ചെരിച്ചിലും ഉണ്ടാകുന്നത്. പെരുംജീരകത്തിന് ആമാശയത്തിലെ ആസിഡിനെ നിർവീര്യമാക്കുന്ന ക്ഷാര ഗുണങ്ങളുണ്ട്. ഇത് അസിഡിറ്റിയിൽ നിന്ന് ആശ്വാസം നൽകുന്നു. പെരുംജീരക വെള്ളം കുടിക്കുന്നത് ഇത് ശമിപ്പിക്കും. ഒരു ടീസ്പൂൺ പെരുംജീരകം ചെറുചൂടുള്ള വെള്ളത്തിൽ 30 മിനിറ്റ് കുതിർത്ത് കുടിച്ചാൽ മതി.
പെരുംജീരകം ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ഭക്ഷണം കാര്യക്ഷമമായി വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ദഹനക്കേട് തടയുകയും സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതായത് ഭക്ഷണ ശേഷം കുറച്ച് പെരുംജീരകം കഴിച്ചാൽ ദഹനമെല്ലാം സുഗമമായി നടക്കുമെന്നർഥം.
ഭക്ഷണത്തിന് ശേഷം പച്ച പെരുംജീരകം ചവയ്ക്കാം. അല്ലെങ്കിൽ ഒരു ടീസ്പൂൺ പെരുംജീരകം വെള്ളത്തിൽ അഞ്ച് മിനിറ്റ് തിളപ്പിച്ച് ചായയുണ്ടാക്കി കുടിക്കാം. രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്ത് രാവിലെ കുടിക്കുകയുമാവാം. മാത്രമല്ല, കറികളിലോ സാലഡുകളിലോ പൊടിച്ച പെരുംജീരകം ചേർക്കുകയുമാവാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.