നിങ്ങളുടേത് ഓട്ടോമാറ്റിക് കാർ ആണോ? എന്നാൽ ഈ അഞ്ച് കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള കാറുകൾ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതായി മാറിക്കൊണ്ടിരിക്കുകയാണ്. തിരക്കേറിയ ഇന്ത്യൻ നിരത്തുകളിലൂടെ ക്ലച്ച് അമർത്തിയും ഗിയർ മാറ്റിയും ബുദ്ധിമുട്ടുന്ന ദുരിതത്തിനാണ് ഒട്ടോമാറ്റിക് കാറുകളുടെ വരവ് മാറ്റം വരുത്തിയത്. ഒട്ടോമാറ്റിക് ഗിയർബോക്സുള്ള വാഹനങ്ങൾ ഇന്ത്യൻ കാർ വിപണിയിൽ ജനപ്രിയമായി മാറാനുള്ള കാരണവും ഇതാണ്. എന്നാൽ, ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ചില തെറ്റുകൾ പലരും ചെയ്യാറുണ്ട്. ഒട്ടോമാറ്റിക് കാറുകളിൽ നമ്മൾ ഒഴിവാക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഡ്രൈവ് ചെയ്യുമ്പോൾ വാഹനം ന്യൂട്രലിലേക്ക് മാറ്റരുത്

ഇന്ധനം ലാഭിക്കാനായി ചില ഡ്രൈവർമാർ ഇറക്കം ഇറങ്ങുമ്പോൾ വാഹനം ന്യൂട്രലിലേക്ക് മാറ്റാറുണ്ട്. വാഹനത്തിന്റെ മേലുള്ള നിങ്ങളുടെ നിയന്ത്രണം കുറക്കുന്നതിനാൽ ഇങ്ങനെ ചെയ്യുന്നത് വളരെ അപകടകരമാണ്.


ചില അടിയന്തര സാഹചര്യങ്ങളിൽ ആക്സിലേറ്റർ അമർത്തി വാഹനം മുന്നോട്ടെടുക്കുന്നത് ചില അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. എന്നാൽ ന്യൂട്രൽ ഓട്ടം ഇതിനെ തടയും. അതിനാൽ ഇത്തരം ഡ്രൈവിങ് ഒഴിവാക്കുക.

ഗിയർ ഷിഫ്റ്ററിൽ കൈ വെക്കരുത്

വാഹനം ഓടിക്കുമ്പോൾ ഓട്ടോമാറ്റിക് ഗിയർബോക്സിന്‍റെ ലിവർ അഥവാ ഷിഫ്റ്ററിനു മേൽ കൈ വിശ്രമിക്കാൻ വെക്കുന്നത് പതിവാണ്.


ഇത് വളരെ തെറ്റായ കാര്യമാണ്. ട്രാൻസ്മിഷനിൽ തേയ്മാനം ഉണ്ടാക്കുകയും വലിയ അറ്റകുറ്റപ്പണികൾക്ക് ഇത് വഴിവെക്കുകയും ചെയ്യും. ഗിയർ മാറ്റുമ്പോൾ മാത്രമേ ഷിഫ്റ്ററിൽ സ്പർശിക്കാവൂ. രണ്ട് കൈകളും സ്റ്റിയറിങ് വീലിൽ വെക്കുക.

വാഹനം നീങ്ങുമ്പോഴുള്ള തെറ്റായ ഗിയർ മാറ്റൽ

കാർ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ വിവിധ ഷിഫ്റ്റുകളിലേക്ക് ഗിയർ മാറ്റാൻ പാടില്ല. ഓട്ടോമാറ്റിക് കാറുകളിൽ ന്യൂട്രൽ, ഡ്രൈവ്, റിവേഴ്സ് എന്നീ ഷിഫ്റ്റുകളാണ് പൊതുവെ ഉണ്ടാവുക.


കാർ പൂർണ്ണമായി നിർത്തിയശേഷം മാത്രമേ ഷിഫ്റ്റ് ചെയ്യാവൂ. അല്ലാത്തപക്ഷം ട്രാൻസ്മിഷൻ തകരാറിലായേക്കാം. വാഹനം പൂർണ്ണമായി നിന്നുവെന്ന് ഉറപ്പിച്ചശേഷമായിരിക്കണം ഗിയർ മാറ്റാൻ.

ഒരേ സമയം ആക്സിലേറ്ററും ബ്രേക്ക് പെഡലും ഉപയോഗിക്കരുത്

ബ്രേക്ക് പെഡലും ആക്സിലേറ്റൽ പെഡലും ഒരേ സമയം ഉപയോഗിക്കുന്നത് വാഹനത്തിന് വലിയ തകരാറുകൾ ഉണ്ടാക്കും. 'ബ്രേക്ക് റൈഡിങ്' എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.


ബ്രേക്കിങ് സംവിധാനത്തിലും ട്രാൻസ്മിഷനിലും അമിതമായ തേയ്മാനത്തിന് ഇത് കാരണമാവും. കൂടാതെ ഇന്ധനക്ഷമതയും കുറയും. അതിനാൽ ഒരുകാരണവശാലും ഒരേ സമയം ആക്‌സിലറേറ്ററും ബ്രേക്ക് പെഡലുകളും ഉപയോഗിക്കരുത്.

കൃത്യമായ ഇടവേളകളിലുള്ള സർവ്വീസ് അവഗണിക്കരുത്

ഓട്ടോമാറ്റിക് കാറുകളുടെ ദീർഘായുസ്സിനും സുരക്ഷക്കും കൃത്യമായ ഇടവേളകളിലുള്ള സർവ്വീസ് ആവശ്യമാണ്.


ഓയിൽ മാറ്റൽ, ടയർ അലൈന്‍മെന്‍റ്, മറ്റ് പതിവ് അറ്റകുറ്റപ്പണികൾ എന്നിവ നിർബന്ധമായും ചെയ്യണം. കമ്പനി നിർദേശിക്കുന്ന സർവ്വീസ് ഷെഡ്യൂൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക.

Tags:    
News Summary - 5 Things Not To Do In Your Automatic Car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.