ആഗസ്റ്റിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 10 എസ്.യു.വികൾ

കോംപാക്ട് എസ്.യു.വികൾ നിരത്തുകൾ വാഴുന്ന കാഴ്ചയാണ് കുറച്ചുവർഷമായി ഇന്ത്യയിൽ കാണുന്നത്. മിഡ് സൈസ് സൈസ് എസ്.യു.വികളോടുള്ള ഇന്ത്യക്കാരുടെ അതിയായ ഇഷ്ടം തിരിച്ചറിഞ്ഞാണ് റെനോ ഡെസ്റ്ററും ഫോർഡ് ഇക്കോ സ്പോർടും വിപ്ലവത്തിന് തുടക്കമിട്ട ശ്രേണിയിലേക്ക് പല വാഹനനിർമാതാക്കളും മത്സരിക്കുന്നത്. മൊത്തം പാസഞ്ചർ വാഹനവിപണിയുടെ വലിയൊരു ശതമാനം കൈയടക്കിവെച്ചിരുക്കുന്നതും എസ്.യു.വികളാണ്. ആഗസ്റ്റ് മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച 10 കോംപാക്ട് എസ്.യു.വികൾ ഏതെല്ലാമെന്ന് നോക്കാം.

മാരുതി സുസുക്കി ബ്രെസ


ഇന്ത്യക്കാരുടെ ഇഷ്ട വാഹനമായ ബ്രെസയുടെ 14573 യൂനിറ്റുകളാണ് ആഗസ്റ്റിൽ കമ്പനി വിറ്റഴിച്ചത്. അടുത്തിടെ മുഖംമിനുക്കി എത്തിയ ബ്രെസയുടെ പുതിയ മോഡൽ ഇരുകൈയും നീട്ടിയാണ് വാഹനപ്രേമികൾ സ്വീകരിച്ചത്.

1.5 ലിറ്റർ പെട്രോൾ, സി.എൻ.ജി എഞ്ചിൻ ഓപ്ഷനോടെയാണ് എസ്‌.യു.വി വിപണിയിലുള്ലത്. പെട്രോൾ എഞ്ചിനിൽ 103 ബി.എച്ച്.പി കരുത്തും 137 എൻ.എം ടോർക്കുമാണ് ഉള്ളത്. സി.എൻ.ജിയിൽ ഇത് 88 ബി.എച്ച്.പിയും 121.5 എൻ.എം ടോർക്കുമായി കുറയും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സും വാഹനത്തിലുണ്ട്.

ടാറ്റ പഞ്ച്


14523 യൂനിറ്റ് പഞ്ചുകളാണ് ടാറ്റ വിറ്റത്. ഇതാദ്യമായാണ് ടാറ്റയുടെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന മോഡലായി പഞ്ച് എത്തുന്നത്. പഞ്ചിന് കരുത്തേകുന്നത് ടാറ്റ ടിയാഗോക്കും ടിഗോറിനും ശക്തി പകരുന്ന അതേ 1.2-ലിറ്റര്‍, 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാഹനം ലഭിക്കും. എഞ്ചിന്‍ 84 ബി.എച്ച്.പി പവറും 113 എൻ.എം ടോര്‍ക്കും സൃഷ്ടിക്കും. പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് ട്രിമ്മുകളിൽ വാഹനം ലഭ്യമാണ്. 5.99 ലക്ഷം രൂപ മുതല്‍ 8.87 ലക്ഷം രൂപ വരെയാണ് ഈ മിനി എസ്.യു.വിയുടെ എക്‌സ്-ഷോറൂം വില.

ഹ്യുണ്ടായ് ക്രെറ്റ


വാഹനപ്രേമികളുടെ ഇഷ്ടവാഹനമായ ക്രെറ്റയുടെ 13832 യൂനിറ്റുകളാണ് ആഗസ്റ്റ് മാസം ഹ്യുണ്ടായ് വിറ്റത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് വാഹനത്തിന്​. പെട്രോൾ എഞ്ചിൻ പരമാവധി 113 ബി.എച്ച്.പി പവറും 144 എൻ.എം ടോർക്കും​ ഉത്പാദിപ്പിക്കും. ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി തെരഞ്ഞെടുക്കാം. ഡീസൽ എഞ്ചിൻ 113 ബി.എച്ച്.പി പരമാവധി കരുത്തും 250 എൻ.എം ടോർക്കുമാണ്​ പുറത്തെടുക്കുക. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ആണ്​ ഗിയർബോക്‌സ്.

മാരുതി സുസുക്കി ഫ്രോങ്സ്


ഈയിടെ മാരുതി വിപണിയിലെത്തിച്ച ചെറു എസ്.യു.വിയാണ് ഫ്രോങ്സ്. 12164 യൂനിറ്റുകളാണ് ആഗസ്റ്റിൽ കമ്പനി വിറ്റഴിച്ചത്. 90 ബി.എച്ച്.പി കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും100 എച്ച്.പി കരുത്തും 147.6 എൻ.എം ടോർക്കുമുള്ള 1.0 ലീറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനുമാണ് ഫ്രോങ്സിലുള്ളത്. 1.2 ലീറ്റർ എൻജിനൊപ്പം 5 സ്പീഡ് മാനുവലും എ.എം.ടി ഗീയർബോക്സുമാണുള്ളത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗീയർബോക്സുമാണ് 1.0 ലീറ്റർ പെട്രോൾ എൻജിനോടൊപ്പം സജ്ജമാക്കിയത്.

മാരുതി സുസുക്കി ഗ്രാന്‍റ് വിറ്റാര


കഴിഞ്ഞ വർഷം വിപണിയിലെത്തിയ മോഡലാണെങ്കിലും ഗ്രാന്‍റ് വിറ്റാര എന്ന എസ്.സു.വി ഇന്ത്യക്കാർക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുക്കുന്നു. 11818 യൂനിറ്റുകളുടെ വിൽപനയാണ് കഴിഞ്ഞ മാസം എസ്.സു.വി നേടിയത്. കമ്പനിയുടെ ഇലക്ട്രിക് യുഗത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പുകൂടിയാണ് ഗ്രാൻഡ് വിറ്റാര. വാഹനത്തിന് ഒരു ഇ.വി മോഡും നൽകിയിട്ടുണ്ട്. സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജെന്റ് ഹൈബ്രിഡ് ടെക്നോളജിയാണ് മാരുതി മോഡലിൽ അവതരിപ്പിക്കുന്നത്. 27.97 കീമീ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനൊപ്പം 21.11 കീമീ ഇന്ധനക്ഷമത ലഭിക്കുമെന്ന് കരുതപ്പെടുന്ന 1.5 ലീറ്റർ നെക്സ്റ്റ് ജെൻ കെ–സീരീസ് എൻജിനും വാഹനത്തിലുണ്ട്.

ഹ്യൂണ്ടായ് വെന്യു


ഹ്യൂണ്ടായ് കുടുംബത്തിലെ ജനപ്രിയതാരമാണ് വെന്യു. 10948 യൂനിറ്റുകളുടെ വിൽപനയാണ് ഈ ചെറു എസ്.യു.വി നേടിയത്. വെന്യുവിൽ 1.2 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് കമ്പനി നൽകുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 7സ്പീഡ് ഡി.സി.ടി യൂനിറ്റ് എന്നിവയാണ് വെന്യുവിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുന്നത്. കൂടാതെ, ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ച പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനൊപ്പം അഡാസ് ഫീച്ചറും ലഭ്യമാവുന്നത്. 120 ബി.എച്ച്.പി പവറും 172 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

കിയ സെൽറ്റോസ്


10698 യൂനിറ്റിന്‍റെ വിൽപനയാണ് ഹ്യുണ്ടായിയുടെ ഈ സഹോദര കുടുംബത്തിലെ അംഗം നേടിയത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ ഓപ്ഷനുകളിലും ഓട്ടോമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിലും വാഹനം ലഭ്യമാകും.

മഹീന്ദ്ര സ്കോർപിയോ എൻ


2022 ജൂണിലാണ് ബിഗ് ഡാഡി എന്നുവിളിപ്പേരുള്ള സ്കോർപിയോ എൻ മഹീന്ദ്ര അവതരിപ്പിച്ചത്.ആഗസ്റ്റിലെ വിൽപന കണക്കിൽ 9898 യൂനിറ്റാണുള്ളത്. 200 എച്ച്‌.പി കരുത്തുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ, 172.4 എച്ച്‌.പി പവർ നൽകുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ രണ്ട് പവർട്രെയിനുകളിൽ വാഹനം ലഭിക്കും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമുണ്ട്. 13.05 ലക്ഷം രൂപ മുതലാണ് വില (എക്സ് ഷോറൂം).

ടാറ്റ നെക്സോൺ


ടാറ്റ മോട്ടോഴ്സിനെ ഇന്ത്യക്കാർ നെഞ്ചോട് ചേർത്തുവെക്കുന്നതിൽ നെക്സോൺ എന്ന മോഡലിന്‍റെ പങ്ക് വലുതാണ്. വിപണിയിലെത്തിയ കാലം മുതൽ കിതപ്പറിയാതെ കുതിക്കുകയാണ് ടാറ്റയുടെ ഈ എസ്.യു.വി. 8049 യൂനിറ്റിന്‍റെ വിൽപനയാണ് കഴിഞ്ഞ മാസം നെക്സോൺ നേടിയത്.120 എച്ച്.പി 170 എൻ.എം 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 115എച്ച്.പി 160 എൻ.എം 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെയാണ് പുതിയ നെക്‌സോണിലുമുള്ളത്. 6 സ്പീഡ് മാനുവല്‍, 5 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്, 6 സ്പീഡ് എ.എം.ടി ഗിയര്‍ ബോക്‌സുകളില്‍ പെട്രോള്‍ എന്‍ജിൻ ലഭിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് എ.എം.ടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ഡീസല്‍ എന്‍ജിനിലുള്ളത്.

ഹ്യുണ്ടായ് എക്സ്റ്റർ


എതിരാളികളെ അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി എത്തിയ മോഡലായിരുന്നു ഹ്യുണ്ടായ് എക്സറ്റർ. കുറഞ്ഞ കാലംകൊണ്ടുതന്നെ ഈ ചെറു എസ്.യു.വി വിൽപനയിലും കുതിച്ചു. 7430 യൂനിറ്റാണ് ആഗസ്റ്റിൽ മാത്രം എക്സ്റ്റർ വിറ്റഴിഞ്ഞത്. 1.2 ലീറ്റർ കാപ്പ പെട്രോൾ എൻജിനാണ് വാഹനത്തിന്‍റെ കരുത്ത്. എഞ്ചിന്‍ 82 ബി.എച്ച്.പി പവറും 113 എൻ.എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ഇ20 ഫ്യൂവൽ റെഡി എൻജിനൊടൊപ്പം 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും സ്മാർട്ട് ഓട്ടോ എ.എം.ടിയുമുണ്ട്.

Tags:    
News Summary - Top ten suv's sold in india in august

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.