ജാപ്പനീസ് വാഹന ഭീമന്മാരായ മിത്സുബിഷി കോര്‍പറേഷന്‍ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുന്നു. ഇന്ത്യന്‍ വാഹന രംഗത്തെ പ്രമുഖരായ ടി.വി.എസ് മൊബിലിറ്റിയുടെ 30 ശതമാനം ഓഹരി ഏറ്റെടുത്ത് കൊണ്ടാണ് മിത്സുബിഷി വീണ്ടും ഇന്ത്യയിലേക്ക് വരാന്‍ പോകുന്നത്. നിക്കി ഏഷ്യയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പങ്കുവെച്ചത്. റിപ്പോര്‍ട്ട് പ്രകാരം മിത്സുബിഷി ഏകദേശം 5 ബില്യണ്‍ മുതല്‍ 10 ബില്യണ്‍ യെന്‍ വരെ (33 മില്യണ്‍ മുതല്‍ 66 മില്യണ്‍ ഡോളര്‍ വരെ) ടി.വി.എസ് മൊബിലിറ്റിയില്‍ നിക്ഷേപിക്കും.
ടി.വി.എസ് മൊബിലിറ്റിയുടെ നിലവിലുള്ള 150 ഔട്ട്ലെറ്റുകളുടെ ശൃംഖല പ്രയോജനപ്പെടുത്തി ഓരോ കാര്‍ ബ്രാന്‍ഡിനും പ്രത്യേക ഡീലര്‍ഷിപ്പ് സ്റ്റോറുകള്‍ മിത്സുബിഷി സ്ഥാപിക്കും. ടി.വി.എസ് മൊബിലിറ്റിയുടെ കാര്‍ വില്‍പ്പന വിഭാഗം പിരിച്ചുവിട്ട ശേഷമാകും മിത്സുബിഷിയുടെ നേതൃത്വത്തിലുള്ള ഡീലര്‍ഷിപ്പുകള്‍ എത്തുക. നിലവിൽ ഈ ഔട്ട്ലെറ്റുകളില്‍ കാര്‍, ട്രക്ക്, ബസ് എന്നിവയടക്കമുള്ള വാഹനങ്ങള്‍ വില്‍ക്കുന്നുണ്ട്. ഹോണ്ട, മഹീന്ദ്ര, റെനോ, അശോക് ലെയ്ലന്‍ഡ് തുടങ്ങിയ കമ്പനികളുടെ വാഹനങ്ങളാണ് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുന്നത്.
തുടക്കത്തില്‍ ഹോണ്ടയുടെ കാര്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനാണ് ഡീലര്‍ഷിപ്പ് പ്രാഥമികമായി ശ്രദ്ധ പതിപ്പുക്കുക. ഇതിനെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര കാര്‍ ഡീലര്‍ഷിപ്പുകളില്‍ ഒന്നായി മാറ്റിയെടുക്കാനും മിത്സുബിഷി ലക്ഷ്യമിടുന്നു. കരാറിലൂടെ രാജ്യത്ത് ജാപ്പനീസ് കാര്‍ നിര വിപുലീകരിക്കാനാണ് മിത്സുബിഷി ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയായ ഇന്ത്യയില്‍ ജാപ്പനീസ് ബ്രാന്‍ഡുകള്‍ക്ക് കാര്യമായ സ്വാധീനമില്ല. മാരുതി സുസുക്കിയുടെ പേരില്‍ സുസുക്കി മോട്ടോറിനെ ഇതില്‍ നിന്ന് മാറ്റിനിര്‍ത്താം. പുതുതായി രൂപവല്‍ക്കരിക്കുന്ന കമ്പനിയിലൂടെ വിദേശ ബ്രാന്‍ഡുകളുടെയും ആഭ്യന്തര ബ്രാന്‍ഡുകളുടെയും വാഹനങ്ങള്‍ ഒരേസമയം വില്‍പ്പനകെത്തിക്കാനാണ് പദ്ധതിയിടുന്നത്.
കൂടുതല്‍ ജാപ്പനീസ് കാര്‍ ബ്രാന്‍ഡുകളും മോഡലുകളും ഈ ഡീലര്‍ഷിപ്പ് വഴി എത്തിക്കാന്‍ മറ്റ് ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനികളുമായി മിത്സുബിഷി ചര്‍ച്ചകള്‍ നടത്തും. ഡീലര്‍ഷിപ്പില്‍ വൈദ്യുത വാഹനങ്ങളുമുണ്ടാകും (ഇ.വി). വാഹന വില്‍പ്പനയ്ക്ക് പുറമേ ഇതുമായി ബന്ധപ്പെട്ട മെയിന്റനന്‍സ് അപ്പോയിന്റ്മെന്റുകളും ഇന്‍ഷുറന്‍സ് പര്‍ച്ചേസുകളും സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴി സുഗമമാക്കാനും മിത്സുബിഷി പദ്ധതിയിടുന്നുണ്ട്. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളര്‍ വരുമാനം നേടാന്‍ കഴിയുമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.