ഇന്ത്യയുടെ ഓട്ടോമോട്ടീവ് ചരിത്രത്തിൽ സുപ്രധാന നാഴികകല്ല് പൂർത്തിയാക്കി മാരുതി സുസുക്കി വാഗൺ-ആർ. 1999 ഡിസംബർ 18 ന് പുറത്തിറങ്ങിയ വാഗൺ-ആറിന് ഇന്ന് 25 വയസ് പൂർത്തിയാകുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും വിജയകരമായ മോഡലുകളിലൊന്നാണ് വാഗൺ-ആർ.
തുടക്കത്തിൽ ഒരു അർബൻ കമ്യൂട്ട് കാർ എന്ന നിലയിൽ സ്ഥാനം പിടിച്ച വാഗൺ-ആർ ഇന്ത്യയിലെ നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ മാരുതി സുസുക്കി വിറ്റത് 32 ലക്ഷം വാഗൺ-ആർ കാറുകളാണ്. കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ അനേകം വിപണിയിലേക്ക് കയറ്റുമതിയും ചെയ്തിരുന്നു.
പുറത്തുനിന്നുള്ള ബോക്സി സ്റ്റൈൽ വാഗൺ-ആറിനെ തുടക്കത്തിൽ ഏറ്റെടുക്കാൻ ജനം അൽപം മടി കാണിച്ചെങ്കിലും യാത്രസുഖം നൽകുന്നുവെന്ന മൗത്ത് പബ്ലിസിറ്റി കൊടുങ്കാറ്റ് കണക്കെ പടർന്നു കയറി. അരങ്ങേറ്റ വർഷം തന്നെ ഒരു ലക്ഷത്തിലധികം കാറുകൾ വിറ്റഴിച്ച് ഞെട്ടിച്ചു.
വിശാലമായ ക്യാബിനും 1.1 ലിറ്റർ പെട്രോൾ എൻജിനുമായിരുന്നു പ്രധാന ആകർഷണം. പവർ സ്റ്റിയറിങ്ങും ഫണ്ട് പവർ വിൻഡോയും വാഗ്ദാനം ചെയ്ത രാജ്യത്തെ ആദ്യത്തെ ചെറുകാറുകളിലൊന്നാണ് വാഗൺ-ആർ.
മാരുതി സുസുക്കി ഒരിക്കലും അതിന്റെ നേട്ടങ്ങളിൽ വിശ്രമിക്കാതെ ദീർഘവീക്ഷണം പ്രകടിപ്പിച്ചു കൊണ്ടിരുന്നു. കാലക്രമേണ മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസൃതമായി, വാഗൺ-ആർ ഫെയ്‌സ്‌ലിഫ്റ്റുകൾക്കും എഞ്ചിൻ നവീകരണങ്ങൾക്കും വിധേയമായി. സി.എൻ.ജി വേരിയന്റുകൾ ജനപ്രീതിക്ക് ആക്കം കൂട്ടി.
വാഗൺ-ആറിന്റെ വിജയം യാദൃശ്ചികമല്ല, ഇന്ത്യൻ വിപണിയെ അടുത്തറിയുന്ന മാരുതി സുസുക്കിയുടെ കണക്കുകൂട്ടിയ നീക്കമായിരുന്നു. കാറിന്റെ ലാളിത്യം, പ്രവർത്തനക്ഷമത, താങ്ങാനാവുന്ന വില എന്നിവക്ക് മുൻഗണന ലഭിച്ചു. വിശ്വാസ്യതയും അറ്റകുറ്റപ്പണിയുടെ എളുപ്പവുമാണ് മറ്റൊരു മുൻഗണന. രാജ്യത്തുടനീളമുള്ള വിപുലമായ സർവീസ് സെന്ററുകളിലൂടെ വേഗത്തിലുള്ളതും താങ്ങാനാവുന്നതുമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കി.
കുടുംബബന്ധത്തിന്റെയും സംരംഭകത്വ മനോഭാവത്തിന്റെയും ഇന്ത്യയിലെ മധ്യവർഗ അഭിലാഷങ്ങളുടെയും പ്രതീകമായി വാഗൺ-ആർ മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.