ഇന്ത്യയും പാകിസ്താനും പക്വതയോടെ പ്രവര്‍ത്തിക്കേണ്ട സമയം -സുഷമ സ്വരാജ്

ഇസ് ലാമാബാദ്: പാകിസ്താനു നേര്‍ക്ക് ഇന്ത്യ സഹകരണത്തിന്‍റെ കൈകള്‍ നീട്ടുന്നതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാകിസ്താനില്‍ ദ്വിദിന സന്ദര്‍ശനം നടത്തവെയാണ് അവര്‍ ഇസ്ലാമാബാദില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും സഹകരണത്തിലും വാണിജ്യത്തിലും പക്വതയോടെയും ആത്മവിശ്വാസത്തോടെയും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട സമയം ആണിതെന്നും അവര്‍ പറഞ്ഞു.  ‘ഏഷ്യയുടെ ഹൃദയം’ എന്ന തലക്കെട്ടില്‍ അഫ്ഗാന്‍ വിഷയത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ കൂടിയാണ് സുഷമ പാകിസ്താനില്‍ എത്തിയത്.

അഫ്ഗാന്‍ വിഷയത്തില്‍ പ്രത്യേകമായ ഉത്തരാവദിത്തം നമുക്കുണ്ട്. അഫ്ഗാനിസ്താന്‍റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ആ രാജ്യവുമായി ചേര്‍ന്ന് സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണ്. ‘ഏഷ്യയുടെ ഹൃദയം’ എന്നതിലൂടെ ഇന്ത്യ വിഭാവനം ചെയ്യുന്നത് അഫ്ഗാനിസ്താനെ പ്രധാന കേന്ദ്രമാക്കി മേഖലയില്‍ വ്യാപാരം, ചര്‍ക്കു നീക്കം, ഊര്‍ജ്ജ-വിവര വിനിമയ പാതകള്‍ എന്നിവയാണെന്നും അവര്‍ വ്യക്തമാക്കി. അട്ടാരി അതിര്‍ത്തിയില്‍ അഫ്ഗാനിസ്താന്‍റെ ട്രക്കുകള്‍ സ്വീകരിക്കാന്‍ ഇന്ത്യ ഒരുക്കമാണെന്നും സുഷമ പറഞ്ഞു.

തീവ്രവാദത്തെ ചെറുക്കുക എന്നത് എല്ലാവരുടെയും കടമയാണ്. എങ്കില്‍ മാത്രമേ അഫ്ഗാനില്‍ സമാധാനം നിലനില്‍ക്കൂ. അന്തര്‍ദേശീയ തലത്തില്‍ അംഗീകരിച്ച നിയന്ത്രണ രേഖകള്‍ തീവ്രവാദവും ഭീകരവാദവും ഇല്ലാതാക്കുന്നതിനുള്ള അനുരഞ്ജന ചര്‍ച്ചകളിലെ ഒഴിച്ചുകൂടാനാവാത്ത വിഷയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷം നടക്കുന്ന സാര്‍ക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്‍ സന്ദര്‍ശിക്കുമെന്നും സുഷമ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.