ഡല്‍ഹി റെയ്ഡും അരുണാചല്‍ നിയമസഭയും: പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ ഓഫിസ് സമുച്ചയത്തില്‍ സി.ബി.ഐ നടത്തിയ റെയ്ഡും അരുണാചല്‍പ്രദേശ് ഗവര്‍ണര്‍ തന്നിഷ്ടപ്രകാരം നിയമസഭാ സമ്മേളനം വിളിച്ചതും ഉന്നയിച്ച് പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു.
ചരക്കുസേവന നികുതി ബില്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിലപേശുന്നതിനിടയിലാണ് കെജ്രിവാളിന്‍െറ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദ്ര കുമാറിനെതിരായ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ മുഖ്യമന്ത്രിയുടെ ഓഫീസ് സമുച്ചയത്തില്‍ റെയ്ഡ് നടത്തിയ വാര്‍ത്തയുമായി പ്രതിപക്ഷം സഭയിലത്തെിയത്. ജനതാദള്‍ യു, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളാണ് വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്നത്. എന്നാല്‍, ആരോപണം നിഷേധിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കെജ്രിവാളിന്‍െറ ഓഫിസുമായി ബന്ധമുള്ളയാള്‍ക്കെതിരായ പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ് എന്ന് വ്യക്തമാക്കി. കെജ്രിവാള്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പുള്ള വിഷയമാണ് കേസെന്നും ജെയ്റ്റ്ലി പറഞ്ഞു.
ഡല്‍ഹി റെയ്ഡിനെതിരായ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഗുലാം നബി ആസാദ്, അരുണാചല്‍പ്രദേശ് ഗവര്‍ണര്‍ മുഖ്യമന്ത്രിയറിയാതെ നിയമസഭാ സമ്മേളനം വിളിച്ചത് സഭയുടെ ശ്രദ്ധയില്‍പെടുത്തി. അരുണാചല്‍പ്രദേശില്‍ ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടിരിക്കുകയാണെന്നും സ്വേച്ഛാധിപതിയെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നും ഗുലാം നബി വിമര്‍ശിച്ചു. എന്നാല്‍, ഒരു സംസ്ഥാന നിയമസഭയുടെ നടപടിക്രമം രാജ്യസഭയില്‍ വിശദീകരിക്കാനാകില്ളെന്നും ഗവര്‍ണറുടെ സ്വഭാവത്തെ കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പറ്റില്ളെന്നും ജെയ്റ്റ്ലി പറഞ്ഞു. പ്രതിപക്ഷം സഭാനടപടി തടസ്സപ്പെടുത്തിയതോടെ രാജ്യസഭ അഞ്ചു പ്രാവശ്യം നിര്‍ത്തിവെച്ചു. പുനരാരംഭിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് മൂന്നിന് പിരിയുകയായിരുന്നു.

സി.ബി.ഐ റെയ്ഡ്: പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസിലെ സി.ബി.ഐ റെയ്ഡില്‍ വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തി.  കെജ്രിവാളിന്‍െറ ഓഫിസിലെ റെയ്ഡും പ്രധാനമന്ത്രിയുടെ ചടങ്ങില്‍നിന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചശേഷം ഒഴിവാക്കിയതും മോദിസര്‍ക്കാര്‍ എത്രമാത്രം മര്യാദരഹിതമായാണ് ജനാധിപത്യത്തെ കാണുന്നത് എന്നതിന്‍െറ തെളിവാണെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ജ്യോതിരാദിത്യസിന്ധ്യ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസ് സീല് ചെയ്ത് പരിശോധിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതും ഞെട്ടിക്കുന്നതുമാണെന്നും അഭിപ്രായപ്പെട്ട ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കെജ്രിവാളിന് പിന്തുണ അറിയിച്ചു.
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും വ്യാപം, ഐ.പി.എല്‍ അഴിമതികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ അന്വേഷണം നടത്തിയിട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചു. ബി.ജെ.പി ഇതരസര്‍ക്കാറുകളുടെ അന്തസ്സിനും അവകാശത്തിനുംമേല്‍ കേന്ദ്രം നടത്തുന്ന കടന്നുകയറ്റത്തിന്‍െറ ഒടുവിലത്തെ ഉദാഹരണമാണിത്. മോദിസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുമ്പോള്‍ കെജ്രിവാള്‍ സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും ജനങ്ങളെ ഇതില്‍നിന്ന് രക്ഷിക്കണമെന്നും പഴയ ആപ് നേതാവ് യോഗേന്ദ്രയാദവ് പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.